ലണ്ടന്‍: എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ടില്‍ ആഴ്സനലിന് മികച്ച ജയം. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടനത്തെ വീഴ്‌ത്തിയ ആഴ്സനല്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം, കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ബ്ലാക്ക്ബേണ്‍ 1-1ന് പിടിച്ചുകെട്ടി.
പ്രീമിയര്‍ ലീഗിലെ ഉജ്ജ്വല ഫോം ഇവിടെയും തുടര്‍ന്ന ആഴ്സനല്‍ ടോട്ടനവുമായുള്ള കളിയുടെ 31-ാം മിനിറ്റില്‍ ലീഡ് നേടി. സെര്‍ജി ഗ്നാര്‍ബിയുടെ പാസ് സ്വീകരിച്ച സാന്റി കാസറോള ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് ടോട്ടനം ഗോളിയെ മറികടന്ന് വല ചുംബിച്ചു (1-0). പിന്നീട് മത്സരത്തിന്റെ 62-ാം മിനിറ്റില്‍ ആഴ്സനല്‍ രണ്ടാം ഗോളും കുറിച്ചു. തോമസ് റോസിക്കി ബോക്സിനുള്ളില്‍ നിന്ന് ഉതിര്‍ത്ത ഷോട്ട് ലക്ഷ്യത്തില്‍ നിന്നകന്നില്ല (2-0).
ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം മാഞ്ചസ്റ്റര്‍ സിറ്റി ബ്ലാക്ക്ബേണിനോട് സമനില വഴങ്ങുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ആല്‍വാരോ നെഗ്രഡോയിലൂടെ സിറ്റി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ സ്കോട്ട് ഡാന്‍ (10-ാം മിനിറ്റ്) ബ്ലാക്ക്ബേണിന് സമനില ഒരുക്കി.
എവര്‍ട്ടണ്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ക്യുപിആറിനെ തകര്‍ത്തു. 35-ാം മിനിറ്റില്‍ റോസ് ബാര്‍ക്ക്ലി, 44, 68 മിനിറ്റുകളില്‍ നിക്കിക ജെലാവിക്ക് 76-ാം മിനിറ്റില്‍ സീമസ് കോള്‍മാന്‍ എന്നിവരാണ് എവര്‍ട്ടന്റെ ഗോളുകള്‍ നേടിയത്.
ന്യൂകാസിലിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് കാര്‍ഡിഫും മുന്നേറി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം സിസെയിലൂടെ ന്യൂകാസില്‍ ആധിപത്യം നേടി (1-0).
പിന്നീട് 7 മിനിറ്റിനിടെ രണ്ട് ഗോളുകള്‍ മടക്കി കാര്‍ഡിഫ് വിജയം പിടിച്ചെടുക്കുകയായിരുന്നു (2-1). 73-ാം മിനിറ്റില്‍ ക്രെയ്ഗ് നൂണും 80-ാം മിനിറ്റില്‍ ഫ്രയ്സിയര്‍ കാംപെല്ലുമാണ് കാര്‍ഡിഫിന്റെ സ്കോര്‍മാരായത്.
മറ്റ് മത്സരങ്ങളില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍വില്ലയെയും ബോള്‍ട്ടണ്‍ ഇതേ സ്കോറിന് ബ്ലാക്ക്പൂളിനെയും ഹള്‍ സിറ്റി 2-0ന് മിഡില്‍സ്ബറോയെയും സതാമ്പ്ടണ്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബേണ്‍ലിയെയും ക്രിസ്റ്റല്‍ പാലസ് 2-0ന് വെസ്റ്റ് ബ്രോമിനെയും സ്റ്റോക്ക് സിറ്റി 2-1ന് ലീസസ്റ്ററിനെയും തോല്‍പ്പിച്ചു.
നിലവിലെ ചാമ്പ്യന്മാരായ വീഗന്‍ അത്ലറ്റിക് എംകെ ഡോണ്‍സിനോട് 3-3ന് സമനില വഴങ്ങി. നോര്‍വിച്ചും ഫുള്‍ഹാമും ഓരോ ഗോള്‍ വീതമടിച്ച് സന്ധി ചെയ്തു.
















