ചുവപ്പ് കാര്‍ഡുകള്‍ മോശം കുട്ടികള്‍ക്കുള്ള സമ്മാനമാണ്. കളിയുടെ ചിട്ടകളും നിയമങ്ങളും തെറ്റിക്കുന്ന തെമ്മാടികള്‍ക്കുള്ള പാരിതോഷികം. ആ ചെറു കടലാസുകഷ്ണം റഫറി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ശിക്ഷാര്‍ഹനായവന്‍ തലകുനിച്ചു മടങ്ങും, എത്ര വലിയ താരമായാലും. ഒരു ജനതയുടെ സ്വപ്നങ്ങള്‍ തച്ചുടച്ചവനെന്ന പേരുദോഷം മാത്രം അവന് ബാക്കി. ലോകകപ്പിലെ ആദ്യ റെഡ് കാര്‍ഡ് വാങ്ങിയ താരം പെറുവിന്റെ പ്ലാസിഡോ ഗാലിന്‍ഡൊയാണ്. 1930 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ റുമാനിയക്കെതിരായ കളിയുടെ 54-ാം മിനിറ്റിലായിരുന്നു ഗാലിന്‍ഡൊയ്‌ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത്. ഉറുഗ്വെ ആതിഥ്യം വഹിച്ച ആ ടൂര്‍ണമെന്റില്‍ പിന്നെയൊരാളും ചുവപ്പ് കാര്‍ഡ് കണ്ടില്ല. 1934ലും ഒരാള്‍ മാത്രമെ റെഡ് കാര്‍ഡിന് ഇരയായുള്ളു, ഹംഗറിയുടെ ഇമ്രേ മാര്‍ക്കോസ്. പക്ഷേ, പിന്നീടങ്ങോട്ട് കളി നിയന്ത്രിക്കുന്നവര്‍ നിലപാട് കര്‍ക്കശമാക്കി. പുറത്താക്കലുകള്‍ വര്‍ധിച്ചു. അങ്ങനെ ലോകകപ്പ് ചരിത്രത്തിലെ റെഡ് കാര്‍ഡുകളുടെ എണ്ണം 159ല്‍ വരെ എത്തിനില്‍ക്കുന്നു. ഡേവിഡ് ബെക്കാമും റൊണാള്‍ഡീഞ്ഞോയും സാക്ഷാല്‍ സിനദിന്‍ സിദാനുമൊക്കെ ചുവപ്പ് കാര്‍ഡിന്റെ നോവും അപമാനവും സഹിച്ചവരില്‍ പ്രധാനികള്‍.
ലോകകപ്പിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന റെഡ് കാര്‍ഡ് ദുരന്തം ഏറ്റുവാങ്ങിയത് ഫ്രഞ്ച് ഇതിഹാസം സിദാന്‍ തന്നെയെന്ന് പറയാം. 2006-ലെ ജര്‍മ്മന്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലിയുടെ മാര്‍ക്കോ മറ്റരാസിയെ സിദാന്‍ തലകൊണ്ടിടിച്ചിട്ടപ്പോള്‍ അത് കപ്പിന്റെ ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായി. എക്സ്ട്രാ ടൈംവരെ നീണ്ട ആവേശകരമായ കലാശപ്പോരാട്ടത്തിന്റെ 110-ാം മിനിറ്റില്‍ ഏവരെയും ഞെട്ടിച്ച സിദാന്‍ തന്റെ തലകൊണ്ട് മറ്റരാസിയുടെ നെഞ്ചിലിടിച്ചു. പിന്നാലെ അര്‍ജന്റൈന്‍ റഫറി ഹൊരാസിയോ എലിസോന്‍ഡോ ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് ഇറ്റലിക്ക് മുന്നില്‍ മുട്ടുകുത്തി. ടീമിനെ ഏറെക്കുറെ ഒറ്റയ്‌ക്ക് ഫൈനലില്‍ എത്തിച്ച സിദാന് നല്‍കാന്‍ കരുതിവച്ചതായിരുന്നു അത്തവണത്തെ ഗോള്‍ഡന്‍ ബോള്‍. എന്നാല്‍ മറ്റരാസിയെ ആക്രമിച്ചതിലൂടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കളങ്കം വരുത്തിയെങ്കിലും ഏറെ വാദപ്രതിവാദങ്ങള്‍ക്കുശേഷം സിദാന് ഗോള്‍ഡന്‍ ബോള്‍ സമ്മാനിക്കപ്പെട്ടു. മറ്റരാസിയുടെ മോശം പെരുമാറ്റമാണ് സിദാനെ പ്രകോപിപ്പിച്ചതെന്ന് പിന്നീടുള്ള വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കി. മത്സരത്തിലുടനീളം സിദാനെ പിന്തുടര്‍ന്ന മറ്റരാസി അദ്ദേഹത്തിന്റെ ജഴ്സി പിടിച്ചു വലിച്ചുകൊണ്ടിരുന്നു. കളി കഴിയട്ടെ ജഴ്സി തരാമെന്നായിരുന്നു സിദാന്റ പ്രതികരണം. അതിന് മറുപടിയായി മറ്റരാസി പറഞ്ഞ കാര്യം സിദാന്റെ മനസു പൊള്ളിച്ചു. സംഭവത്തിന് തൊട്ടു മുന്‍പ്, മൈതാനമധ്യത്ത് നിന്നു കുതിച്ചശേഷം വലതുവിങ്ങിലേക്കു പന്ത് മറിച്ചുനല്‍കി തിരിച്ചു വാങ്ങിയ ക്രോസില്‍ സിദാന്‍ തൊടുത്ത തകര്‍പ്പന്‍ ഹെഡ്ഡര്‍ ഇറ്റാലിയന്‍ ഗോളി ജിയാലൂഗി ബഫണ്‍ തട്ടിമാറ്റിയിരുന്നു. ആ നീക്കത്തിനിടെയും സിദാനെ മറ്റരാസി അലോസരപ്പെടുത്തുകയുണ്ടായി. മത്സരത്തിന്റെ വിധിയെഴുതാവുന്ന ഗോള്‍ നഷ്ടത്തിന്റെ വേദനയും മറ്റരാസിയെ ശാരിരീകമായി ആക്രമിക്കാന്‍ സിദാനെ പ്രേരിപ്പിച്ചിരിക്കണം.
1998-ല്‍ ഫ്രാന്‍സില്‍വച്ച് ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കാമും ആ പരുക്കന്‍ യാഥാര്‍ത്ഥ്യത്തെ തൊട്ടറിഞ്ഞു. ക്വാര്‍ട്ടറില്‍ ബദ്ധവൈരികളായ അര്‍ജന്റീനയായിരുന്നു ഇംഗ്ലണ്ടിന് മുന്നില്‍, ശരിക്കും ഫുട്ബോള്‍ യുദ്ധം. 47-ാം മിനിറ്റില്‍ ഡീഗോ സിമിയോണും ബെക്കാമും പന്തിനായുള്ള മല്ലിടലില്‍. ഇതിനിടെ സിമിയോണി ഒന്നു വീണു പിടഞ്ഞു. ഫലം ബെക്കാമിന് റെഡ ്കാര്‍ഡ് സമ്മാനം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് ഔട്ട്. ബെക്കാമിനെ പുറത്താക്കാന്‍ താന്‍ വേദന അഭിനയിച്ചതാണെന്ന് പിന്നീട് സിമിയോണി കുമ്പസരിക്കുകയുണ്ടായി. 2002-ല്‍ ദക്ഷിണ കൊറിയയും ജപ്പാനും വിരുന്നൊരുക്കിയ ലോകകപ്പില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോയ്‌ക്കും കിട്ടി ചൂടനൊരു റെഡ്കാര്‍ഡ്. ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിന്റെ 57-ാം മിനിറ്റില്‍. അതിനും ഏഴു മിനിറ്റുകള്‍ക്ക് മുന്‍പ് മഴവില്ലുപോലെ മനോഹരമായ ഫ്രീകിക്കിലൂടെ ഇംഗ്ലീഷ് ഗോളി ഡേവിഡ് സീമാനെ ഞെട്ടിച്ച് തങ്ങളെ കോരിത്തരിപ്പിച്ച റൊണാള്‍ഡീഞ്ഞോ പുറത്തേക്ക് പോകുമ്പോള്‍ ഗ്യാലറി തരിച്ചിരുന്നു. അത്രയ്‌ക്ക് വലിയ ശിക്ഷ നല്‍കാനുള്ള തെറ്റൊന്നും റൊ ചെയ്തില്ലെന്നവര്‍ പരിതപിച്ചു. എങ്കിലും ബ്രസീല്‍ തോറ്റില്ല. 2-1 ജയത്തോടെ സെമിയിലേക്കു മുന്നേറി.
















