ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിഫൈനലുകളില്‍ ഇന്ത്യ ശ്രീലങ്കയെ മൂന്നുവിക്കറ്റിനും പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ രണ്ട് വിക്കറ്റിനും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. നാളെ ഷാര്‍ജയിലാണ് ഫൈനല്‍.
ദുബായില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ 7 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. കുല്‍ദീപ് സിംഗിന്റെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ശ്രീലങ്കക്ക് വേണ്ടി 60 റണ്‍സെടുത്ത ഹഷന്‍ ഡുമിന്‍ഡുവാണ് ടോപ് സ്കോറര്‍. കുശല്‍ മെന്‍ഡിസ് 52ഉം പ്രിയമല്‍ പെരേര 34ഉം അനുക് ഫെര്‍ണാണ്ടോ പുറത്താകാതെ 24 റണ്‍സും നേടി. മറ്റാരും തന്നെ ലങ്കന്‍ നിരയില്‍ രണ്ടക്കം തികച്ചില്ല. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ദീപക് ഹൂഡയും സര്‍ഫ്രാസ് ഖാനും രണ്ട് വീതം വിക്കറ്റുകളു വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ബെയിന്‍സ് 54ഉം റിക്കി ബുയി 37ഉം ഹെര്‍വാഡ്കര്‍ 27ഉം കുല്‍ദീപ് യാദവ് പുറത്താകാതെ 22ഉം ക്യാപ്റ്റന്‍ വിജയ് സോള്‍ 22ഉം സര്‍ഫ്രാസ് ഖാന്‍ 20ഉം റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ ആറിന് 159 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ബെയ്ന്‍സും കുല്‍ദീപ് യാദവും ചേര്‍ന്ന് നേടിയ 58 റണ്‍സാണ് വിജയത്തിലേക്ക് നയിച്ചത്. അങ്കുഷ് ബെയ്ന്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
ഷാര്‍ജയില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെ കഷ്ടിച്ചാണ് പാക്കിസ്ഥാന്‍ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 48.4 ഓവറില്‍ 196 റണ്‍സിന് ഓള്‍ ഔട്ടായി. അഫ്ഗാനിസ്ഥാന് വേണ്ടി ഹഷ്മത്തുള്ള ഷെയ്ദി 51ഉം വഹീദുള്ള 48ഉം റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 10 പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 199 റണ്‍സെടുത്ത് വിജയം സ്വന്തമാക്കിയത്. പാക്കിസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ സാമി അസ്ലം 75 റണ്‍സെടുത്തു. ക്യാപ്റ്റന് പുറമെ ഇമാം ഉള്‍ ഹഖ് 42ഉം ഹസന്‍ റാസ 33ഉം ഹുസൈന്‍ താലത്ത് 22ഉം റണ്‍സെടുത്തു.
















