യുക്തിവിചാരം സൗന്ദര്യാനുഭൂതി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയില്‍ സുന്ദരമായി കാണപ്പെടുന്നതെല്ലാം ബുദ്ധി, ഉപയോഗത്തിന്റെ മാനദണ്ഡം വച്ച് അളന്ന് നശിപ്പിക്കുന്നു. മയില്‍പ്പീലിയുടെയും മഞ്ചാടിക്കുരുവിന്റെയും ഉപയോഗം നോക്കി അവയുടെ ഭംഗി അളക്കാന്‍ പറ്റുമോ? യുക്തിയില്‍ ഉറച്ചുനിന്നുകൊണ്ട് കവിതയോ ഗാനമോ ചിത്രമോ ഒന്നും ആസ്വദിക്കാന്‍ കഴിയുകയില്ല. അവയുടെയെല്ലാം ജീവന്‍ പ്രേമമാണ്. കലാസൃഷ്ടി കലാകാരന്റെ ഹൃദയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ശരിയായ കലാകാരന്‍ തന്നെത്തന്നെ തന്റെ സൃഷിടിയിലൂടെ പുനരാവിഷ്കരിക്കുന്നു. ഏറ്റവും നല്ല ഗാനം കേള്‍ക്കുമ്പോള്‍ അവിടെ ഗായകനില്ല. ഗാനമേയുള്ളൂ. കവി അലിഞ്ഞില്ലാതെയാകുമ്പോള്‍ ആണ് കവിത ജനിക്കുന്നത്. അതുപോലെ പ്രേമി ഇല്ലാതാകുന്നിടത്താണ് ശരിയായ പ്രേമം ഉണ്ടാകുന്നത്.
– മാതാ അമൃതാനന്ദമയീദേവി
















