ആയിരത്തി ഒരുനൂറിലേറെ പഴക്കമുള്ള മാവേലിക്കര ചെന്നിത്തല കാരാഴ്മ ദേവീക്ഷേത്രം അതിന്റെ പ്രാചീനത കൊണ്ടും ആചാര സവിശേഷതകള്‍ കൊണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. ചതുരാകൃതിയിലുള്ള ശ്രീകോവില്‍, മേല്‍ക്കൂരയില്ലാതെ മഞ്ഞും മഴയുമേറ്റ് നിലനില്‍ക്കുന്ന ദേവീബിംബം. എത്ര ദൂരത്ത് നിന്നും ദേവീവിഗ്രഹം കാണുമാറ് വലിയ ബലിക്കല്പുരയും നമസ്കാരമണ്ഡപവും ശ്രീകോവിലും. ചുറ്റും വിളക്കുമാടത്തോടുകൂടിയ നാലമ്പലം, കൊടിമരവും ആനക്കൊട്ടിലും കളിത്തട്ടുകളും……
അഷ്ടദിക്പാലരുടെയും ബ്രഹ്മദേവന്റെയും ദാരുശില്പങ്ങള് അലങ്കരിക്കുന്ന കിഴക്കേ ബലിക്കല്പുര. തച്ചുശാസ്ത്ര വിസ്മയം വിളിച്ചോതുന്ന തടിയില്‍ തീര്‍ത്ത വ്യാളീമുഖം, പ്രത്യേകതരം പച്ചിലക്കൂട്ടുകള്‍ ചേര്‍ത്തു വരച്ച അനന്തശയനം തുടങ്ങി പരമ്പരാഗത കലകളുടെ ചിത്രീകരണം കൊണ്ട് സമ്പന്നമാണ് ഐതിഹ്യപ്പെരുമയാര്‍ന്ന ഈ ക്ഷേത്രം. ഇരിങ്ങാലക്കുട കൂടല്മാണിക്യക്ഷേത്രത്തിനടുത്ത് കുണ്ടില്‍ മല്ലിശ്ശേരി മനയ്ക്കല്‍ മണ്ണടി ഭഗവതിയുടെ നിത്യോപാസകനായിരുന്ന വൃദ്ധനായ ഒരു നമ്പൂതിരിയുമായി ബന്ധപ്പെട്ടതാണ് ഐതിഹ്യം. ഒരിക്കല്‍ ദര്‍ശനത്തിന് ശേഷം വിഗ്രഹഭാഗം ഓലക്കുടയില്‍ മറച്ച് ഇല്ലത്തേക്ക് മടങ്ങിയ നമ്പൂതിരി സന്ധ്യാനമസ്കാരത്തിന് അടുത്ത് കണ്ട ജലാശയത്തിന്റെ കരയില്‍ കുടമറച്ച് വിഗ്രഹം വച്ചശേഷം കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് നോക്കുമ്പോള്‍ ഉറച്ച വിഗ്രഹവും കറങ്ങുന്ന കുടയുമാ ണ് കണ്ടത്. ഇതിന്റെ സ്മരണയ്ക്കായാണ് ഇപ്പോഴും ജീവതയ്ക്കൊപ്പം കുട തുള്ളിക്കുന്നത്. തനിക്കിഷ്ടപ്പെട്ട വാസസ്ഥാനമാണിതെന്ന ദേവീവാക്ക് കേട്ട നമ്പൂതിരി ദേശവാസികളെ വിവരമറിയിച്ചു. കരനാഥന്മാര് അവിടെ ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠ നടത്തി. നമ്പൂതിരിക്ക് പുറകെയെത്തിയ അവര്ണവനിതയുടെ ചൈതന്യമാണ് ക്ഷേത്രത്തിന് വടക്ക് മനാതിയില്‍ ആരാധിക്കുന്നത്.
ക്ഷേത്രത്തിന് സ്ഥലം വിട്ടുനല്‍കിയ ഇടപ്പള്ളി ദേവസ്വത്തിന്റെ ഊരാഴ്മക്കാരായ ആയിക്കാട്ടുകൈമള്, നിവേദ്യദ്രവ്യങ്ങള്‍ നല്കിയ കൊട്ടാരത്തില്‍, മറ്റ് സഹായങ്ങല്‍ നല്കിയ പോളയില്‍, കാട്ടൂര്‍, കൊച്ചുകുഴുവേലില്, കൂടാത്തേത്ത് തുടങ്ങിയ വീട്ടുകാര്‍ ക്ഷേത്രത്തിന് അവകാശികളായി. വനദുര്‍ഗയാണ് പ്രധാന വിഗ്രഹമെങ്കിലും രാജരാജേശ്വരി, ഭദ്രകാളി, മഹാമായ എന്നീ രൂപങ്ങളിലും ദേവിയെ ആരാധിക്കുന്നുണ്ട്. ത്രികാലപൂജയാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. നിറമാല, പന്തിരുനാഴി, നിറപറ, അന്‍പൊലി, അര്‍ച്ചന, ത്രിമധുരം, കടുംപായസം തുടങ്ങിയവ മുഖ്യവഴിപാടുകളാണ്. വത്സന്, കടുംപായസം, വെള്ളനിവേദ്യം, കരിക്ക്, വറുത്തപൊടി, താംബൂലം എന്നിവയാണ് പുഷ്പാഞ്ജലി.
ഇവിടുത്തെ അന്‍പൊലി അരീപ്പറ മഹോത്സവവും കരിമരുന്ന് പ്രയോഗവും പ്രസിദ്ധമാണ്. ഈ ദിവസം രാത്രി ദേവിയെ വരവേല്‍ക്കുന്നതിനായി അന്‍പൊലി പന്തല്‍ ഒരുക്കും. മൂന്നുവീതം പതിനഞ്ച് പറകളിലായി നെല്ല്, അരി, അവല്, മലര്, പഴം എന്നിവ നിറയ്ക്കും. അവയ്ക്കു മുന്നിലായി ത്രികോണാകൃതിയില്‍ പൂക്കളമുണ്ടാക്കി അതിന് നടുവില്‍ ആട്ടവിളക്കുകള്‍ തെളിക്കും. രാത്രി പത്തോടെ ദേവിയെ കിഴക്കോട്ടെഴുന്നെള്ളിക്കും. കുട തുള്ളിക്കലാണ് വരവേല്പിന്റെ മുഖ്യ ആകര്‍ഷണം. രണ്ട് മെഴുവട്ടക്കുടകള്‍ താളമേളങ്ങള്‍ക്കും ജീവതയുടെ ചലനങ്ങള്‍ ക്കും അനുസൃതമായി തുള്ളിക്കുന്നത് വഴക്കം വേ ണ്ട അഭ്യാസമാണ്. ഇതിന് കാരാഴ്മച്ചിട്ട എന്നാണ് പറയുന്നത്. ഉരുട്ടുചെണ്ട, വീക്കുചെണ്ട, കൊമ്പ്, കുഴല്‍, നാഗസ്വരം, ത കില്‍, ഇലത്താളം എന്നിവയാണ് അന്‍പൊലിയുടെ താളമേളം. അന് പൊലിക്കുശേഷം ഉലച്ചിക്കാട് വിഷ്ണുക്ഷേത്രത്തിലാണ് അരീപ്പറ നടക്കുന്നത്. അതുംകഴിഞ്ഞ് ആള്പിണ്ടികളുടെ അകമ്പടിയില്‍ മഹാകാണിക്കയും സ്വീകരിച്ച് ദേവി അകത്തേക്ക് എഴുന്നെള്ളും.
തയ്യാറാക്കിയത്:
ഗോവിന്ദന് നമ്പൂതിരി,
എസ്. വിജയമോഹനന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: