തത്വജിജ്ഞാസുക്കളായ ആറ് അന്വേഷകന്മാര് പലപല സ്ഥലങ്ങളിലും അന്വേഷിച്ചുപോയിട്ടും ജിജ്ഞാസക്കുള്ള പൂര്‍ണമായ ശമനം ലഭിക്കാതെ യാത്ര തുടര്‍ന്നു. ഒടുവില്‍ സര്‍വ്വജ്ഞനായ പിപ്പലാദമഹര്‍ഷിയെ അവര്‍ പ്രാപിച്ചു. ബ്രഹ്മചര്യവും ശ്രദ്ധയും തപസ്സും പാലിച്ചുകൊണ്ട് ഒരുവര്‍ഷം തന്റെ കൂടെ താമസിക്കാനും അനന്തരം ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളാനും ഋഷി നിര്‍ദ്ദേശിച്ചു. അറിയുന്നതാണെങ്കില്‍ മറുപടി പറയാമെന്ന് ഋഷി അവരോട് പറഞ്ഞു. ഉപനിഷദ് വിചാരയജ്ഞം നാല്പത്തി ഒന്‍പതാം ദിവസം പ്രശ്നോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി.
നിര്ദ്ദേശിക്കപ്പെട്ടപോലെ തപസ്സ് പൂര്‍ത്തിയാക്കിയ അവര്‍ സര്‍വ്വ ജീവജാലങ്ങളുടെയും ഉല്പത്തി എവിടെനിന്നാണെന്നതിനെയും, ശരീരത്തെ ധരിക്കുന്ന ദേവന്മാര് ആരൊക്കെയെന്നതിനെയും, പ്രാണവിജ്ഞാനത്തെയും അവസ്ഥാത്രയ നിരൂപണത്തെയും ഓങ്കാരോപാസനയെയും ജീവേശ്വരൈക്യത്തെയും കുറിച്ചെല്ലാം ചോദിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും സുവ്യക്തമായി മറുപടി പറഞ്ഞ മഹര്‍ഷി തന്റെ എല്ലാ വാക്യങ്ങള്‍ക്കും പൂര്വ്വാചാര്യസമ്മതിയെയും ചൂണ്ടിക്കാണിച്ചു. അവസാനം പരബ്രഹ്മത്തെക്കുറിച്ച് എനിക്കിത്രയേ അറിയൂ എന്ന് പറഞ്ഞ മഹര്‍ഷി “ഇതിനപ്പുറത്ത് ഒന്നുംതന്നെയില്ല” എന്ന് പ്രഖ്യാപിച്ചു. കൃതാര്‍ത്ഥരായ ശിഷ്യന്മാര് അജ്ഞാനസമുദ്രത്തിന്റെ മറുകരയിലേക്കെത്തിച്ച അങ്ങാണ് ഞങ്ങളുടെ പിതാവ് എന്ന് പറഞ്ഞുകൊണ്ട് പിപ്പലാദമഹര്‍ഷിയെ പൂജിക്കുന്ന ഭാഗത്തോടെയാണ് പ്രശ്നോപനിഷത്ത് സമാപിക്കുന്നത്.
ഈ സന്ദര്‍ഭത്തില്‍ ആ ശിഷ്യന്മാര് ചൊല്ലുന്ന മന്ത്രം വളരെ ശ്രദ്ധേയമാണ്. “പരമഋഷിമാര്ക്കായിക്കൊണ്ട് നമസ്കാരം” എന്നാണവര്‍ ആവര്‍ത്തിക്കുന്നത്. വേണമെങ്കില്‍ അവര്‍ക്ക് “പിപ്പലാദായ നമഃ” എന്ന് പറയാമായിരുന്നു. എന്നാല്‍ അപ്രകാരം പറഞ്ഞില്ല. സനാതനധര്‍മ്മം തത്വാധിഷ്ഠിതമാണ്, വ്യക്ത്യാധിഷ്ഠിതമല്ല. സകല ഗുരുപരമ്പരയെയും നമസ്ക്കരിക്കുന്നു എന്നാണവര്‍ പറഞ്ഞത്. ഇത് നല്കുന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതു മാത്രമാണ് സനാതനധര്മ്മരക്ഷണത്തിനുള്ള മാര്‍ഗ്ഗമെന്ന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: