തിരുവനന്തപുരം: വനംവകുപ്പ് ഓഫീസുകള്‍ക്ക് പോലീസ് സുരക്ഷ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. വനാപാലകര്ക്ക് ഖനന-മണല്‍ മാഫിയയുടെ ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധക്കാര്‍ വനം വകുപ്പിന്റെയും ഓഫീസുകളെയും ഉദ്യോഗസ്ഥരെയുമാണ് ലക്ഷ്യമിട്ടത്. താമരശേരിയില്‍ വനം വകുപ്പ് ഓഫീസ് ആക്രമിച്ചവര്‍ സുപ്രധാന ഫയലുകള്‍ കത്തിച്ചിരുന്നു. പല പ്രധാന കേസുകളുടെയും തെളിവുകളാണ് ഇതിലൂടെ നശിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സംരക്ഷണ ചുമതലയുള്ള മുഖ്യവനപാലകന് സുരേന്ദ്ര കുമാറിന്റെ റിപ്പോര്‍ട്ട്.
ഖനന-മണല്‍ മാഫിയയുടെ ഭീഷണി വനപാലകര്‍ക്കുണ്ട്. കര്‍ശന നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ മാഫിയ ലക്ഷ്യം വയ്ക്കുന്നു. അതീവ ഗൗരവമുള്ള സ്ഥിതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അതിനാല്‍ ഓഫീസുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം. പരിശോധനകള്‍ക്ക് പോകുമ്പോള്‍ പോലീസിന്റെ സഹായം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താമരശേരിയില്‍ വനംവകുപ്പ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് അഡീഷണല്‍ സിസിഎഫിന്റെ പുതിയ റിപ്പോര്‍ട്ട്. വനമേഖലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് വനം വകുപ്പ് ഓഫീസുകള്‍ക്ക് ഭീഷണിയാണെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: