അഥര്വവേദസംഹിതയിലുള്ള അദ്ഭുതമന്ത്രങ്ങളിലൊന്ന് എന്റെ മനസ്സില്‍ ഉദിച്ചുയരുന്നു. അത് പറയുകയാണ്: ‘നിങ്ങള്‍ക്കെല്ലാം ഒരേ മനസ്സാവട്ടെ; ഒരേ ചിന്തയാവട്ടെ; ഒരേ മനസ്സായ ദേവതകള്‍ക്ക് പണ്ട് ഹവിസ്സു ലഭിച്ചു. ദേവതകള്‍ക്ക് ഒരേ മനസ്സായതുകൊണ്ടാണ് മനുഷ്യര്‍ക്ക് അവരെ അരാധിക്കാവുന്നത്.’ സമുദായത്തിന്റെ മര്‍മ്മം ഐകമത്യമാണ്. ദ്രാവിഡന്, ആര്യന്, ബ്രാഹ്മണന്, അബ്രാഹ്മണന് എന്നും മറ്റുമുള്ള നിസ്സാരതകളെക്കുറിച്ച് എത്രയേറെ പോരടിക്കുന്നുവോ അത്രയേറെ ഭാവിഭാരതജനകമായ വീര്യവും ശക്തിയും സംഭരിക്കുന്നതില്‍നിന്ന് നിങ്ങള്‍ അകന്നുപോകുന്നു. ഒരു കാര്യമോര്‍ക്കണം. ഭാവിഭാരതം അതിനെമാത്രമാണ് ആശ്രയിച്ചുനില്ക്കുന്നത് – ഇച്ഛാശക്തിയുടെ സംഭരണം, അവയെ കൂട്ടിയിണക്കല്‍, അവയെല്ലാം ഒരേ കേന്ദ്രത്തിലേക്ക് ആവാഹിക്കല്‍ ഇതത്രേ മര്‍മ്മം. ഓരോ ചൈനക്കാരനും തന്നിഷ്ടത്തിനൊത്ത് ചിന്തിക്കുന്നു. ഒരു പിടി ജപ്പാന്‍കാര്‍ ഒരേ തരത്തിലും ചിന്തിക്കുന്നു. എന്താണ് ഫലമെന്ന് നിങ്ങള്‍ക്കൊക്കെ അറിയാം.
ലോകചരിത്രത്തിലുടനീളമുള്ള ഗതി ഇതുതന്നെ. ഓരോ തവണയും കാണാം, ചെറുതും ഒതുങ്ങിയതുമായ ജനതകള്‍ വമ്പിച്ചതും കുത്തഴിഞ്ഞതുമായ ജനതകളെ ഭരിക്കുന്നു എന്ന്. ഇത് സ്വാഭാവികമാണുതാനും. കാരണം, ചെറുതും ഒതുങ്ങിയതുമായ ജനതകള്‍ക്ക് തങ്ങളുടെ ചിന്തകളെ ഒരിടത്തു കേന്ദ്രീകരിക്കാന്‍ കൂടുതലെളുപ്പമാണ്. അങ്ങനെ അവ വികസിക്കുന്നു. ജനതയുടെ വലുപ്പം കൂടുംതോറും നിയന്ത്രണവും കൂടുതല്‍ ദുഷ്കരമാകും. ജന്മനാ അസംഘടിതമായ ഒരു ജനക്കൂട്ടംപോലെയുള്ള അവര്‍ക്ക് തമ്മില്‍ച്ചേരുക സാധ്യമല്ല. ഈ പിണക്കങ്ങളൊക്കെ നിലയ്ക്കണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: