മനുഷ്യന് ഉച്ചരിക്കാവുന്ന സകല ശബ്ദങ്ങളെയും പ്രതിനിധാനം ചെയ്യുന്നതും വേദസാരവുമായ ശബ്ദമാണ് ഓങ്കാരം. ഏകമാത്രമാകുന്ന ഓങ്കാരത്തെ ജീവിതകാലം മുഴുവന്‍ ഉപാസിക്കുന്ന ആള് ഋക്കുകളാല്‍ ആനയിക്കപ്പെട്ട് മനുഷ്യലോകത്തില്‍ വന്നുപിറന്ന് വളരെ ഉയര്‍ന്ന ഉപാസനാനിഷ്ഠയോടെ മഹിമയെ പ്രാപിക്കുന്നു. ഉപനിഷത് വിചാരയജ്ഞം നാല്‍പ്പത്തി ഏഴാം ദിവസം പ്രശ്നോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമികള്‍.
ദ്വിമാത്രമായ ഓങ്കാരത്തെ ഉപാസിക്കുന്നയാള്‍ മനസ്സില്‍ ലയിച്ച് യജുസ്സുകളാല് ആനയിക്കപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ എത്തുകയും വിഭൂതികളെ അനുഭവിച്ച ശേഷം പുനര്‍ജനിക്കുകയും ചെയ്യുന്നു. ത്രിമാത്രമായ ഓങ്കാരത്തെ ഉപാസിക്കുന്നയാള്‍ തേജസ്സില്‍ സമ്പന്നനായി സാമങ്ങളാല്‍ ആനയിക്കപ്പെട്ട് ബ്രഹ്മലോകത്തെ പ്രാപിക്കുന്നു. ബ്രഹ്മാവിനും ഉപരിയുള്ള സര്ഭൂതാന്തര്യാമിയായ പരമസത്യത്തെ ദര്‍ശിച്ച് അയാള്‍ മുക്തനാവുന്നു. ഈവിധം മാത്രകളോടു കൂടിയ ഓങ്കാരോപാസനയുടെ ഫലഭേദത്തെ പിപ്പിലാദമഹര്ഷി വര്‍ണിക്കുന്നു.
അനാദിയായ ഗുരുപരമ്പരയുടെ ഉപദേശക്രമത്തില് ഉറച്ചതാണ് നമ്മുടെ ധര്‍മം. ഓരോ ആചാര്യനും തന്നെ തന്റെ സ്വാനുഭൂതിയുടെ ദൃഢതയില്‍ നിന്നുകൊണ്ടാണ് ഉപദേശിക്കുന്നതെങ്കിലും അതിന് പൂര്‍വികരുടെ സമ്മതിയെ എടുത്തുകാണിക്കുന്നു. ഗീത പോലുള്ള സ്മൃതി ഭാഗങ്ങളില്‍ ഉപദേശിക്കുമ്പോഴൊക്കെ ഉപനിഷത് പ്രമാണത്തെ ആചാര്യന് ചൂണ്ടിക്കാണിക്കും. ഉപനിഷത്തുകളിലാവട്ടെ സംഹിതയില്‍ നിന്നുള്ള ഉദ്ധരണികള്‍ കാണിച്ചുകൊണ്ടാണ് ആചാര്യന് ഉപദേശിക്കുന്നത്. കാലം നിര്‍ണയിക്കാനാവാത്ത ഈ വേദഭാഗങ്ങളിലും പൂര്‍വാചാര്യന്മാരെ ഉദ്ധരിക്കുന്ന രീതി നോക്കൂ! ഇതാണ് സനാതന ധര്‍മത്തിന്റെ സനാതനത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: