കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുന്നു. നീണ്ടൂര്‍, കാണക്കാരി എന്നിവിടങ്ങളിലാണ് ചിക്കന്‍പോക്സ് കൂടുതല്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പനിബാധിതരുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുകയാണ്. ഇന്നലെമാത്രം 266 പേര് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. ഈ മാസം ഇതുവരെ എണ്ണായിരത്തോളം പേര്‍ക്കാണ് പനി ബാധിച്ചത്. ഈ മാസം മൂന്നുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. ഹെപ്പറ്റൈറ്റിസ് എ ഈ മാസം ഒരാള്‍ക്കാണ് സ്ഥിരീകരിച്ചത്. ഹെപ്പറ്റൈറ്റിസ് ബി അഞ്ച് പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. ടൈഫോയ്ഡ് രണ്ടുപേര്‍ക്കും മലേറിയ മൂന്നുപേര്‍ക്കും ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്.
ന്യുമോണിയ ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണമാണ് ആരോഗ്യ വകുപ്പിന്റെ കൈവശമുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം കൂടി കണക്കാക്കുമ്പോള്‍ രോഗബാധിതരുടെ എണ്ണം വളരെയേറെ വര്ദ്ധിക്കനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: