മെല്‍ബണ്‍: ആഷസ് ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മുഖാമുഖങ്ങളിലൊന്നാണ്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലെ അഭിമാനപ്പോരാട്ടം. അതിനാല്‍ത്തന്നെ മാനസിക മുന്‍തൂക്കം നേടാന്‍ ഇരു സംഘങ്ങളും പടിച്ചപണി പതിനെട്ടും പയറ്റും. ചൂടേറിയ വാഗ്വാദങ്ങളും അധിക്ഷേപങ്ങളും തീര്‍ക്കുന്ന വിവാദങ്ങള്‍ ആഷസിന്റെ സന്തത സഹചാരി തന്നെ.
ഇത്തവണ അതല്പ്പം നേരത്തെയെത്തി. ബ്രിസ്ബെയ്നിലെ ഒന്നാം ടെസ്റ്റിനിടെ മൈക്കല്‍ ക്ലാര്‍ക്കും ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്സനും കൊമ്പുകോര്‍ത്തു. പ്രകോപനപരമായ വാക്കുകള്‍ സ്റ്റംപിലെ മൈക്കുകള്‍ ഒപ്പിയെടുത്തപ്പോള്‍ ഓസീസ് നായകന് മാച്ച് ഫീയുടെ 20 ശതമാനം പിഴ. എന്നാല്‍ ക്ലാര്ക്കിനെക്കൊണ്ടു വേണ്ടാത്തതു പറയിച്ചത് ആന്‍ഡേഴ്സന്റെ മര്യാദ വിട്ടപെരുമാറ്റമാണെന്ന വെളിപ്പെടുത്തലുമായി ഓസീസ് ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍വോണ്‍ രംഗത്തെത്തി. അതോടെ വിവാദം കൊഴുത്തു. ഒടുവില്‍ സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ സമവായ ചര്‍ച്ചയാകാമെന്ന നിര്‍ദേശം ഇംഗ്ലീഷ് കോച്ച് ആന്‍ഡി ഫഌവര്‍ മുന്നോട്ടവച്ചെങ്കിലും കങ്കാരുക്കളുടെ പരിശീലകന് ഡാരെന്‍ ലേമാന് അതു തള്ളിക്കളഞ്ഞു.
സൗത്ത് ഓസ്ട്രേലിയയ്ക്കുവേണ്ടി ആന്‍ഡിക്കൊപ്പം കളിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും അദ്ദേഹവുമായി സംസാരിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ആന്‍ഡി അദ്ദേഹത്തിന്റെ ടീമിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കട്ടെ. എന്റെ കളിക്കാരുടെ കാര്യങ്ങള്‍ ഞാന്‍ നോക്കാം. ക്രിക്കറ്റില്‍ അതാണുവേണ്ടത്, ലേമാന് വ്യക്തമാക്കി. സ്ലെഡ്ജിങ് ക്രിക്കറ്റില്‍ പതിവാണെന്നും ലേമാന് കൂട്ടിച്ചേര്‍ത്തു.
ബ്രിസ്ബെയ്ന്‍ ടെസ്റ്റിന്റെ അവസാനദിനമായിരുന്നു വിവാദത്തിനിടയാക്കിയ വാഗ്വാദങ്ങളുടെ തുടക്കം.
ആന്‍ഡേഴ്സന്റെ കൈ ഒടിച്ചുകളയുമെന്ന ക്ലാര്‍ക്കിന്റെ മുന്നറിയിപ്പാണ് സ്റ്റംപിലെ മൈക്ക് ഒപ്പിയെടുത്ത്.
എന്നാല്‍ ജോര്‍ജ് ബെയ്ലിയെ ഇടിക്കുമെന്ന ആന്‍ഡേഴ്സന്റെ ഭീഷണിയാണ് ക്ലാര്‍ക്കിനെ പ്രകോപിതനാക്കിയതെന്ന് വോണ്‍ പിന്നീട് വെളിപ്പെടുത്തി.
പരമ്പരയില്‍ നിന്ന് പിന്മാറിയ ജൊനാതന്‍ ട്രോട്ട് ദുര്‍ബലനാണെന്ന ഡേവിഡ് വാര്‍ണറുടെ പരസ്യമായ ആക്ഷേപവും ടീമുകള്‍ തമ്മിലെ സംഘര്‍ഷം സങ്കീര്‍ണമാക്കി. ഇതേത്തുടര്‍ന്ന് വാര്‍ണറെ ലേമാന് ശാസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: