സര്‍വ്വജ്ഞനായ പിപ്പലാദമഹര്‍ഷിയുടെ അരികില്‍ ഒരു സംവത്സരം തപസും ബ്രഹ്മചര്യവും ശ്രദ്ധയുമായി കഴിഞ്ഞശേഷം സംശയങ്ങള്‍ ചോദിക്കാന്‍ അവസരം ലഭിച്ച കാത്യായനനായ കബന്ധി ”ഈ പ്രജകളെല്ലാം എവിടെനിന്നാണ് ഉണ്ടാകുന്നത്” എന്ന് സംശയം ഉന്നയിച്ചു. തന്റെ ചുറ്റുപാടും കാണപ്പെടുന്ന സകല സൃഷ്ടിജാലങ്ങളുടെയും ഉത്ഭവസ്ഥാനമന്വേഷിക്കുന്ന തത്വജിജ്ഞാസുവിന്റെ പ്രശ്നമാണിത്.
അതിന് പിപ്പലാദമഹര്‍ഷി നല്കുന്ന മറുപടി വളരെ ശ്രദ്ധേയമാണ്. പ്രജാസൃഷ്ടിയെക്കുറിച്ചുള്ള സങ്കല്പ്പത്തോടുകൂടിയവനായ ഈശ്വരന് സൃഷ്ടി വിഷയകമായ തന്ത്രത്തെക്കുറിച്ച് തപസ്സനുഷ്ഠിക്കുകയും അനന്തരം ദ്രവ്യം, ഊര്‍ജ്ജം എന്നീ ഒന്നിന്റെ തന്റെ വകഭേദങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തു. ഇവ രണ്ടും ചേര്‍ന്ന് പ്രജകളെ വിപുലീകരിക്കും എന്ന് സങ്കല്പ്പിച്ചു.
നോക്കൂ, അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സൃഷ്ടിയെ സംബന്ധിച്ച് നമുക്ക് തന്ന കാഴ്ചപ്പാട്! സങ്കല്‍പ്പത്തില്‍നിന്നും സൃഷ്ടി സംഭവിക്കുന്നു എന്ന ദര്‍ശനം! അതാകട്ടെ ദ്രവ്യം, ഊര്‍ജ്ജം എന്നീ പ്രകടിത ഭാവങ്ങളുടെ ചേര്‍ച്ചയില്‍നിന്നാണ് സംഭവിക്കുന്നതെന്ന വെളിപ്പെടുത്തല്‍! ദ്രവ്യത്തേയും ഊര്‍ജ്ജത്തെയും തന്നെയാണ് ചന്ദ്രന്-സൂര്യന്-അന്നം-അത്താവ് തുടങ്ങി പല ഭാവങ്ങളില്‍ കല്‍പ്പിക്കപ്പെടുന്നത്.
സൂര്യോദയം തുടങ്ങിയ സകല പ്രതിഭാസങ്ങളിലും തന്നെ ഋഷി പ്രാണന്റെ പ്രകടഭാവത്തെയാണ് കണ്ടതെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത്ത് വിചാരയജ്ഞത്തിന്റെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: