പന്തളം രാജവംശവും ശബരിമലക്ഷേത്രവും സ്വാമി അയ്യപ്പനുമായുള്ള ബന്ധവും അഭേദ്യവും അന്യാദൃശവും ചരിത്രപരവുമാണ്. ഐതിഹ്യപ്പെരുമ മാറ്റിവച്ചാല്‍ തന്നെ കൃത്യമായ ചരിത്രരേഖകളുടെ പിന്‍ബലത്തോടെ ഈ ബന്ധം മനസ്സിലാക്കുവാന്‍ ശ്രമിക്കാം. മധുര ആസ്ഥാനമാക്കി വാണിരുന്ന പാണ്ഡ്യരാജവംശത്തില്‍പ്പെട്ട ചെമ്പഴത്തൂര് ശാഖക്കാരാണ് പന്തളം രാജവംശം സ്ഥാപിച്ചതെന്ന് ചരിത്രം പറയുന്നു. ഏതൊരു രാജ്യത്തിലുമെന്നപോലെ പാണ്ഡ്യരാജ്യത്തിലും ഉടലെടുത്ത അന്തഃചിദ്രങ്ങള്‍ ഒരു വിഭാഗത്തെ നാടുവിടാന്‍ പ്രേരിപ്പിച്ചതായും രേഖകളുണ്ട്. പാണ്ഡ്യരാജ്യത്തെ മന്ത്രിയായിരുന്ന തിരുമലനായ്ക്കന് തന്റെ മകളെക്കൊണ്ട് രാജാവിനെ വിവാഹം കഴിപ്പിക്കുവാനും തദ്വാര നാട്ടില്‍ മക്കത്തായം നടപ്പിലാക്കുവാനും ശ്രമിച്ചു. അതിന് രാജാവ് വഴിപ്പെട്ടില്ല. നായ്ക്കന് സൈന്യത്തെ സ്വാധീനിച്ച് രാജകുടുംബാംഗങ്ങളെ നിരന്തരം ഉപദ്രവിക്കുവാന്‍ ഒരുമ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ അവര്‍ നാടുപേക്ഷിച്ച് ഓടിപ്പോവുകയാണുണ്ടായതെന്ന് ചരിത്രം തുടര്‍ന്നുപറയുന്നു. ആദ്യം കോണിക്കടുത്ത് ശിവഗിരിയിലും പിന്നെ ഇല്ലത്തൂര് മണിയം, തെക്കാശി, ചെങ്കോട്ട എന്നിവിടങ്ങളിലും ഇവര്‍ മാറിമാറി പാര്‍പ്പിച്ചെങ്കിലും തിരുമല നായ്ക്കന്റെ നിരന്തരമായ ആക്രമണം കൊള്ളക്കാരുടെ ഉപദ്രവം എന്നിവ ഇവര്‍ക്ക് സ്ഥിരതാമസത്തിന് തടസം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കൊല്ലവര്‍ഷം 73-ാമാണ്ടിന് മുമ്പായി ഇവര്‍ കിഴക്കന്‍ മേഖലയില്‍ നിന്ന് കേരളത്തിന്റെ മധ്യഭാഗങ്ങളിലേക്ക് മാറി. ഇക്കാലത്തിനടുത്ത് ഇവര്‍ക്ക് വേണാട് രാജവംശവുമായി വിവാഹബന്ധങ്ങള്‍ ഉണ്ടാവുകയും അവരുടെ കൂടി സഹായത്തോടെ അച്ചന്‍കോവില്‍, കോന്നി പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
– വി.സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: