കൊച്ചി: ഇതൊരു വിടവാങ്ങലല്ല. മറ്റൊരു ജൈത്രയാത്രയുടെ തുടക്കമാണ്. സുവര്‍ണനേട്ടങ്ങളുടെ സന്തോഷത്തിലും പരാജയത്തിന്റെ കണ്ണുനീരിലും മലയാളി നെഞ്ചോടുചേര്‍ത്ത പി.യു. ചിത്രയെന്ന പാലക്കാടിന്റെ ‘സുവര്‍ണതാരം’ ഇന്ന് സ്കൂള്‍ അത്ലറ്റിക് മീറ്റിനോട് വിടപറയുകയാണ്. തികച്ചും രാജകീയമായി. ചിത്രയുടെ അഞ്ചാമത്തെ സ്കൂള്‍ മീറ്റാണിത്. ദീര്ഘദൂരമത്സരങ്ങളില് തനിക്ക് എതിരാളികളില്ലെന്ന് തെളിയിച്ച് റെക്കോര്‍ഡുകളോടെ ട്രിപ്പിള്‍ സ്വര്‍ണവുമായാണ് സ്കൂള്‍മീറ്റില്‍ ചിത്രയുടെ പടിയിറക്കം. ഇന്നലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും ചിത്ര പുതിയ റെക്കോര്‍ഡ് കുറിച്ചു. നിലവിലെ ദേശീയ റെക്കോര്‍ഡും മറികടന്നു. ഇതോടെ മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്ണക്കാരയെന്ന ബഹുമതിയും ചിത്രയ്ക്ക് കൈവന്നു. ഇന്ന് നടക്കുന്ന ക്രോസ് കണ്ട്രിയാണ് മീറ്റിലെ ചിത്രയുടെ അവസാനയിനം.
പാലക്കാട് മുണ്ടൂര്‍ സ്കൂളിന്റെ അഭിമാനതാരമായ ചിത്ര മീറ്റിന്റെ ആദ്യദിനത്തില്‍ 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് മറികടന്നു. രണ്ടാംദിനത്തില്‍ 5000 മീറ്ററില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞസംസ്ഥാന സ്കൂള്‍ മീറ്റില്‍ നാല് സ്വര്‍ണ്ണം നേടി വ്യക്തഗത ചാമ്പ്യനായിരുന്ന ചിത്ര ഇത്തവണ 3000 മീറ്ററില്‍ തന്റെ തന്നെ പേരിലുള്ള മീറ്റ് റെക്കോര്‍ഡും മായ്ച്ചുകളയാന്‍ മറന്നില്ല. 2010-ല്‍ സ്ഥാപിച്ച 9 മിനിറ്റ് 58.20 സെക്കന്റിന്റെ റെക്കോര്‍ഡാണ് 9 മിനിറ്റ് 54.90 സെക്കന്റാക്കി ചിത്ര മെച്ചപ്പെടുത്തിയത്. 2006-ല്‍ ഷാമിന ജബ്ബാര്‍ സ്ഥാപിച്ച 9 മിനിറ്റ് 55.62 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡും ചിത്രയ്ക്കു മുന്നില്‍ വഴിമാറി. രണ്ടാം ദിനത്തില്‍ 5000 മീറ്ററില്‍ മിനിറ്റ് 05.31 സെക്കന്റിലാണ് ചിത്ര രണ്ടാം റെക്കോര്‍ഡും സ്വര്‍ണ്ണവും സ്വന്തമാക്കിയത്. ഈയിനത്തില്‍ 2011-ല്‍ പാലക്കാടിന്റെ തന്നെ എം.ഡി. താര കൊച്ചിയില്‍ സ്ഥാപിച്ച 17 മിനിറ്റ് 28.09 സെക്കന്റിന്റെ റെക്കോര്‍ഡാണ് ചിത്ര 17മിനിറ്റ് 05.31 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വന്തം പേരിലാക്കിയത്.
അഞ്ച് സ്കൂള്‍ മീറ്റുകളില്‍ നിന്നായി 14 സ്വര്‍ണമെഡലുകള്‍ ചിത്ര കൊയ്തെടുത്തു. 1500 മീറ്റര്‍, 3000 മീറ്റര്‍, 5000 മീറ്റര്‍, ക്രോസ് കണ്ട്രി എന്നിവയിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ തങ്കപ്പതക്കങ്ങള്‍. 2011-ല്‍ കൊച്ചിയില്‍ 5000, 3000 മീറ്ററിലും സ്വര്‍ണം നേടിയ ചിത്ര 2010-ല്‍ തിരുവനന്തപുരത്ത് മൂന്ന് സ്വര്‍ണം നേടി. 2009 തിരുവല്ലയില്‍ 3000 മീറ്ററിലായിരുന്നു സ്കൂള്‍മീറ്റിലെ കന്നി സ്വര്‍ണനേട്ടം.
മലേഷ്യയില്‍ നടന്ന ഇക്കഴിഞ്ഞ ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 3000, 1500, 4-400 മീറ്റര്‍ റിലേയിലും പിന്നീട് നടന്ന സാഫ് ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 3000, 1500 മീറ്ററിലും സ്വര്‍ണ്ണം ചിത്രക്ക് തന്നെയായിരുന്നു. കൂടാതെ യൂത്ത് നാഷണല്‍സില്‍ രണ്ട് സ്വര്‍ണ്ണവും ജൂനിയര്‍ നാഷണല്‍സില്‍ മൂന്ന് സ്വര്‍ണ്ണവും ചിത്ര നേടി. 2012ലെ ഇറ്റാവ ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ മത്സരിച്ച നാലിനങ്ങളിലും സ്വര്‍ണ്ണം നേടി ചിത്ര വ്യക്തിഗത ചാമ്പ്യന്‍ പട്ടവും സ്വന്തമാക്കിയിരുന്നു.
എന്നാല്‍ 2011ലെ ലുധിയാന സ്കൂള്‍ മീറ്റില്‍ പരിക്കുകാരണം തിരിച്ചടി നേരിട്ട ചിത്രക്ക് ഒരു വെള്ളിമെഡല്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2010-ല്‍ ജൂനിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് മൂന്ന് സ്വര്‍ണ്ണം നേടിയ ചരിത്രവും ചിത്രക്കുണ്ട്. കഴിഞ്ഞവര്‍ഷം ബാംഗ്ലൂര്‍ ദേശീയ മീറ്റിലും ചിത്ര 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയിരുന്നു. കൂടാതെ 2010-ലെ പൂനെ ദേശീയ സ്കൂള്‍ മീറ്റില്‍ മൂന്നു സ്വര്‍ണ്ണവും ഒരു വെങ്കലവും ചിത്ര സ്വന്തമാക്കി.
മുണ്ടൂര്‍ പാലക്കീഴില്‍ കൂലിപ്പണിക്കാരനായ ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിത്ര. എന്‍.എസ്. സിജിന്‍ കീഴിലാണ് പരിശീലനം നടത്തുന്നത്. തുടര്‍ന്നും കായികരംഗത്ത് സജീവമായിരിക്കുമെന്ന ഉറപ്പോടെയാണ് ചിത്രയുടെ മടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: