കൊച്ചി: ഓരോ സ്കൂള്‍ കായികമേളയും അത്ഭുതങ്ങളുടെ തട്ടകങ്ങളാണ്. അതിശയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ചിലര്‍ കാണികളുടെ മനസു കീഴടക്കും. മറ്റു ചിലര്‍ വേറിട്ടകാഴ്ച്ചകള്‍ സമ്മാനിച്ച ഹൃദയത്തില്‍ ചേക്കേറും. രണ്ടാമതു പറഞ്ഞവര്‍ മെഡല്‍ വേട്ടക്കാരാവില്ല. പക്ഷേ, അവര്‍ എന്നെന്നും നമ്മുടെ കണ്ണുകളിലുണ്ടാവും. സ്വര്‍ണത്തേക്കാള്‍ മാറ്റുള്ളതാവും ആ കുഞ്ഞു താരങ്ങളുടെ പ്രകടനങ്ങള്‍. അക്കൂട്ടത്തിലാണ് മലപ്പുറം രായിരമംഗലം എച്ച്എംഎംഎസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അജിനാസിന് ഇടം.
പോള്വാള്ട്ടിനെത്തിയ താരങ്ങളെല്ലാം ഫൈബര്‍ പോളില്‍ പറന്നുയര്‍ന്നപ്പോള്‍ അജിനാസിന്റെ കയ്യിലുണ്ടായിരുന്നത് ഒരു മുളവടി മാത്രം. അതും തിരൂര്‍ ബോയ്സ് സ്കൂളിലെ കായിക താരത്തിന്റെ പക്കല്‍ നിന്നും വാടകയ്ക്കെടുത്തത്. 3.10 മീറ്റര്‍ നീളമുള്ള മുളയുപയോഗിച്ച് 3 മീറ്റര്‍ ചാടി നാലാം സ്ഥാനവും സ്വന്തമാക്കി അജിനാസ് കാഴ്ച്ചക്കാരുടെ കണ്ണിലുണ്ണിയായി മടങ്ങി. കഴിഞ്ഞ സ്കൂള്‍ മീറ്റില്‍ ആറാംസ്ഥാനത്തെത്താനും അജിനാസിനു സാധിച്ചിരുന്നു. 3.10 മീറ്റര്‍ ചാടിയ ജെസ്സന്‍ കെ.ജിക്കാണ് ഈ ഇനത്തിലെ സ്വര്‍ണം.
പരിശീലന സമയത്ത് ഇതിലും മികച്ച ഉയരം കണ്ടെത്താന്‍ കഴിഞ്ഞിരുന്നെന്ന് അജിനാസ് പറഞ്ഞു. പരിശീലകനില്ലാതെയാണ് ഈ കൊച്ചു മിടുക്കന് ഇത്രയും മികവുകാട്ടിയത്. ആരുടെയും പ്രോത്സാഹനമോ പിന്തുണയോ അജിനാസിന് ഇതുവരെ ലഭിച്ചിട്ടില്ല. വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എറണാകുളം കാണാമെന്ന മോഹവും ഈ വരവിനു പ്രേരിപ്പിച്ചു, അജിനാസ് പറഞ്ഞു.
അജിനാസിന്റെ ജ്യേഷ്ഠനായ ഹഫ്സര്‍ സീനിയര്‍ വിഭാഗം പോള്‍വാള്‍ട്ടില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മീറ്റിലെ മികച്ച പ്രകടനംകണ്ട് ഹഫ്സറിനെ തിരുവനന്തപുരം സായി സെലക്ട് ചെയ്തിരുന്നു.
അവധി ദിനങ്ങളില്‍ അമ്മയ്ക്കൊപ്പംകൂലിപ്പണക്കുംമറ്റും പോയാണ് അജിനാസും ഹഫ്സറും പഠനം തുടരുന്നത്.
അഖില്‍ എസ്. പേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: