കൊച്ചി: സ്കൂള്‍ കായികമേളയിലെ ആദ്യ ദിനം പാലക്കാടിന്റെ സൂപ്പര്‍ ഗേള്‍ പി.യു. ചിത്ര ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനത്തോടെ കനകനേട്ടം കൊയ്തു. ഏഷ്യന്‍ സ്കൂള്‍ മീറ്റിലെയും സാഫ് ജൂനിയര്‍ മീറ്റിലെയും മികച്ച പ്രകടനം മൂണ്ടൂര്‍ എച്ച്എസിന്റെ അഭിമാനമായ ചിത്ര കൊച്ചിയിലും ആവര്‍ത്തിക്കുകയായിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ചിത്ര തന്റെ അധീശത്വം നിലനിര്‍ത്തിയപ്പോള്‍ എതിരാളികളെല്ലാം നിഷ്പ്രഭരായി. 9 മിനിറ്റ് 54.90 സെക്കന്റില്‍ ഫിനിഷ് ചെയ്ത ചിത്ര 2006-ല്‍ ഷാമിന ജബ്ബാര്‍ സ്ഥാപിച്ച 9 മിനിറ്റ് 55 .62 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡിനെ കടത്തിവെട്ടിക്കളഞ്ഞു. 2010മുതല്‍ സ്വന്തം പേരിലുണ്ടായിരുന്ന (9 മിനിറ്റ് 58.20 സെക്കന്റ്) മീറ്റ് റെക്കോര്‍ഡും തിരുത്തിയെഴുതാന്‍ മിന്നല്‍ പ്രകടനത്തിലൂടെ ചിത്രയ്ക്കു കഴിഞ്ഞു. 2012ല്‍ നാല് സ്വര്‍ണ്ണം നേടി വ്യക്തഗത ചാമ്പ്യനായ ചിത്രയുടെ അവസാന സ്കൂള്‍ മീറ്റാണിത്. മുണ്ടൂര്‍ പാലക്കീഴ് കൂലിപ്പണിക്കാരനായ ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിത്ര.
എന്‍.എസ്. സിജിന്‍ കീഴിലാണ് പരിശീലനം. അതേസമയം, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അപ്രതീക്ഷിതമായ ഒരു തിരിച്ചടി പാലക്കാടിന് നേരിട്ടു. കഴിഞ്ഞ വര്‍ഷം ചിത്രക്ക് പിന്നില്‍ രണ്ടാംസ്ഥാനം നേടിയ മുണ്ടൂര്‍ സ്കൂളിലെ തന്നെ കെ.കെ. വിദ്യയെ പിന്തള്ളി ഇടുക്കി എരട്ടയാര്‍ എസ്ടിഎച്ച്എസ്എസിലെ ഗീതു മോഹന്‍ (10 മിനിറ്റ് 09.50 സെക്കന്റ്) ഇത്തവണ വെള്ളിമെഡല്‍ നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം പിറന്നു. 9 മിനിറ്റ് 54.10 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ട കോഴിക്കോട് നെല്ലിപൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിലെ ആതിര കെ.ആര്. സ്വര്‍ണ്ണം സ്വന്തമാക്കി. ഇതോടെ 2008-ല്‍ റിതു ദിനകര്‍ സ്ഥാപിച്ച 10 മിനിറ്റ് 00. 03 സെക്കന്റിന്റെ ദേശിയ റെക്കോര്‍ഡ് പഴങ്കഥയായി. 2004-ല്‍ ഷമീന ജബ്ബാര്‍ (10 മിനിറ്റ് 05.80 സെക്കന്റ)് തീര്‍ത്ത മീറ്റ് റെക്കോര്‍ഡും ആതിര കടപുഴക്കി. വെള്ളി നേടിയ തൃശൂര്‍ ഗവ. ഫിഷറീസ് എച്ച്എസ്എസിലെ വി.ഡി. അഞ്ജലിയും (10 മിനിറ്റ് 02.40 സെക്കന്റ് നിലവിലെ മീറ്റ് റെക്കോര്‍ഡ് തകര്‍ത്തു. എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ പി.ആര്. അലീഷ വെങ്കലത്തിന് ഉടമയായി.
ആദ്യ സ്കൂള്‍ മീറ്റില്‍ തന്നെ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടാനായതിന്റെ ആഹ്ലാദത്തിലാണ് ആതിര. നെല്ലിപ്പൊയില്‍ ഉമ്മംകോട്ട് കൂലിപ്പണിക്കാരായ രവി-തങ്കമണി ദമ്പതികളുടെ മകളാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര. സഹോദരന് അനൂപ്. മിനീഷിന്റെ കീഴിലാണ് പരിശീലനം.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: