കൊച്ചി: മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിനെക്കുറിച്ച് പരിശീലകര്‍ക്ക് ഭിന്നാഭിാപ്രായം. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനെ അപേക്ഷിച്ച് ഫിനിഷിംഗ് ഇല്ലാത്തതും യഥാവിധം പരിപാലിക്കാത്തതും ട്രാക്കില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഒരു വിഭാഗം കായികാധ്യാപകര്‍ അഭിപ്രായപ്പെട്ടു. ട്രാക്കില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ത്രോ ഇനങ്ങളിലും മറ്റും പങ്കെടുത്തവരുടെ കാല്‍വഴുതി, പ്രകടനം മോശമായെന്നു പരാതിയുണ്ടായി.
എന്നാല്‍ ട്രാക്കിന്റെ നിലവാരത്തെ പിന്തുണച്ച് ദ്രോണാചാര്യ കെ.പി. തോമസ് മാസ്റ്റര്‍ രംഗത്തെത്തി. മഹാരാജാസ് ഗ്രൗണ്ടിലെ ട്രാക്കിന്റെ നിലവാരം തൃപ്തികരമാണെന്നും തിരുവനന്തപുരത്തെ ട്രാക്കുമായി കിടപിടിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘ട്രാക്കിന്റെ പ്രശ്നം കാരണം സ്റ്റാര്‍ട്ടിംഗ് പിഴവ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിലവാരം കുറേക്കൂടി മെച്ചമാകണമെന്നുണ്ട്. എന്നാല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സിന്തറ്റിക് ട്രാക്ക് പണിയുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ്വാക്കായി തുടരുമ്പോള്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതെ വയ്യെന്നും തോമസ് മാസ്റ്റര്‍ പറഞ്ഞു.
കായികമേളയ്ക്ക് സിന്തറ്റിക് ട്രാക്ക് നിര്‍ബന്ധമാക്കിയ തീരുമാനം സ്വീകാര്യമാണ്. ദേശീയ മേളകളില്‍ മാറ്റുരയ്ക്കുന്നതിനും ഇത്തരം ട്രാക്കിലെ പരിശീലനം അനിവാര്യമാണ്. ഹരിയാനയിലും മറ്റും ഗ്രാമങ്ങളില്‍പ്പോലും നല്ല സിന്തറ്റിക് ട്രാക്കുകളുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് ട്രാക്കുകള്‍ വീതം സജ്ജമാക്കിയാലേ കേരള അത്ലറ്റിക്സിന് കുതിപ്പുണ്ടാകൂയെന്നും തോമസ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: