ന്യൂദല്‍ഹി: ലാലു പ്രസാദ് യാദവ് ജയിലിലായ കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പെടുമോ? സിബിഐ കൃത്യമായ നിലപാടെടുക്കുകയും രാഷ്‌ട്രീയ സ്വാധീനങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ നിതീഷ് കുമാറും കേസില്‍ പ്രതിയാകാനും ശിക്ഷിക്കപ്പെടാനും സാധ്യത ഏറുകയാണ്്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ മുഖ്യപ്രതികളിലൊരാളായ വിതരണക്കാരന്‍ ശ്യാം ബിഹാരി സിന്‍ഹ എന്ന എസ്.ബി.സിന്‍ഹ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ വിഷയമായിരിക്കുന്നത്. നിതീഷ് കുമാറും ജനതാ ദള്‍ യുണൈറ്റഡ് വക്താവ് ശിവാനന്ദ് തിവാരിയും കാലിത്തീറ്റ കുംഭകോണ ഇടപാടില്‍ യഥാക്രമം ഒരു കോടി രൂപയും 35-40 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നുവെന്നാണ് കേസ്. ഇക്കാര്യം സിബിഐ വെള്ളിയാഴ്ച ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമ്മതിച്ചു.
സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ മിഥിലേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയാണ് പഴയ കേസിലെ വെളിപ്പെടുത്തല്‍ മുഖ്യ വിഷയമാക്കിയിരിക്കുന്നത്. സിന്‍ഹയുടെ പഴയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലിത്തില്‍ കാലത്തീറ്റക്കേസില്‍ നിതീഷിന്റെയും തിവാരിയുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മിഥിലേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെട്ടു. പക്ഷേ, പല കേസുകളും തീര്‍പ്പാക്കിക്കഴിഞ്ഞപ്പോള്‍ മിഥിലേഷ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളയണമെന്ന് സിബിഐ നിലപാടെടുത്തെങ്കിലും ഡിസംബര്‍ 13-നു മുമ്പ് കേസില്‍ കക്ഷി ചേരാന്‍ വിശദമായ അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്്. അതേസമയം നിതീഷ് കുമാറും തിവാരിയും പണം കൈപ്പറ്റിയെന്ന കാര്യം അന്തരിച്ച ശ്യാം ബിഹാരി സിന്‍ഹയുടെ മൊഴിയില്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കാലിത്തീറ്റ വിതരണക്കാരനായ വിജയ് മല്ലിക് നിതീഷ് കുമാറിനും ശിവാനന്ദ് തിവാരിക്ക് ഉമേഷ് പ്രസാദ് സിംഗും പണം കൈമാറിയെന്ന് അന്വേഷണത്തിനിടെ 1996 മെയ് 25-നാണ് സിന്‍ഹ പറഞ്ഞത്. സംഭവം ഇങ്ങനെയാണ്.
കുറ്റസമ്മത മൊഴിയില്‍ സിന്‍ഹ പറഞ്ഞതിങ്ങനെയാണ്, 1994-ല്‍ അന്ന് നിതീഷ് കുമാര്‍ സമതാ പാര്‍ട്ടിയിലായിരുന്നു. പക്ഷേ 20 വര്‍ഷം ആ വിവരം കയ്യില്‍ കിട്ടിയിട്ടും സിബിഐ അതിനെക്കുറിച്ച് അന്വേഷിച്ചില്ല. 2013 സെപ്റ്റംബര്‍ 20-ന് ഈ വിഷയം പരിഗണനക്കു വന്നപ്പോള്‍ സിബിഐയോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റെ സമയപരിധി അവസാനിച്ച വെള്ളിയാഴ്ച സിബിഐ സമര്‍പ്പിച്ച മറുപടിയാണ് ഇപ്പോള്‍ കേസു വീണ്ടും തുറക്കാന്‍ ഇടയാക്കിയത്. എന്നാല്‍ സിബിഐക്ക് കേസ് അന്വേഷിക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ താല്‍പര്യമില്ല. അവര്‍ പറയുന്നത് ഈ കുറ്റസമ്മത മൊഴി വന്നിട്ട് ഇക്കാലത്തിനിടെ ആരും അതിനെ പിന്തുണക്കുന്ന ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നാണ്. അതുകൊണ്ടും പല കേസുകളിലും തീര്‍പ്പുണ്ടാവുകയും ചെയ്തതിനാലും ഹര്‍ജിക്കാരന്റെ ആവശ്യം നിലനില്‍ക്കില്ലെന്നാണ് സിബിഐ നിലപാട്. ഈ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ ലാലു പ്രസാദ് യാദവുള്‍പ്പെടെ 45 പേര്‍ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30-ന് ശിക്ഷ വിധിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.
















