പാറ്റ്ന: രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയുടെ ബീഹാര്‍ സന്ദര്‍ശന ദിവസം അദ്ദേഹം വെട്ടിച്ചുരുക്കി. ഒക്ടോബര്‍ 26-ന് സംസ്ഥാനത്തെത്തി അന്നു രാത്രിയില്‍ തങ്ങി പിറ്റേന്ന് ദല്‍ഹിക്കു മടങ്ങാനാണു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ പരിപാടി അനുസരിച്ച് അദ്ദേഹം അന്നുതന്നെ മടങ്ങും. ഒക്ടോബര്‍ 27-ന് പാറ്റ്നയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി നടത്തുന്ന റാലിയുടെ പശ്ചാത്തലത്തിലാണിത്.
രാഷ്‌ട്രപതി സംസ്ഥാനത്തെത്തുന്നത് ഒരു ബിരുദദാന പങ്കെടുക്കാനാണ്. സെമിനാറിനു ശേഷം അദ്ദേഹം രാജ്ഭവനില്‍ തങ്ങി പിറ്റേന്നു മടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഉയര്‍ന്ന സുരക്ഷ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച്, തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന മോദി റാലിയെ അതു ബാധിക്കുമെന്നു വന്നു.
മുമ്പ് ഒരുമിച്ചു ഭരിച്ചിരുന്ന കക്ഷികള്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ വഴി പിരിഞ്ഞെങ്കിലും ബീഹാറിലെ നിതീഷ് സര്‍ക്കാരും പാര്‍ട്ടിയായ ഐക്യ ജനതാദളും ബിജെപിക്കെതിരേ അണിയറ നീക്കങ്ങള്‍ നടത്തി. റാലിക്കാവശ്യമായ പല സര്‍ക്കാര്‍ അനുമതികളും നിഷേധിച്ചു. കാരണമായി പറഞ്ഞത് രാഷ്‌ട്രപതിയുടെ സന്ദര്‍ശനമായിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കളായ ഷാനാവാസ് ഹുസൈനും രവിശങ്കര്‍ പ്രസാദും രാഷ്‌ട്രപതിയെ സന്ദര്‍ശിച്ച് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
കാര്യങ്ങള്‍ കേട്ടറിഞ്ഞ മുഖര്‍ജി ഇരു കൂട്ടര്‍ക്കും പ്രശ്നമുണ്ടാകാത്ത തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതനുസരിച്ച് പ്രത്യേക വിമാനത്തിലെത്തുന്ന മുഖര്‍ജി നേരേ ബിരുദദാന സമ്മേളനം നടക്കുന്ന സ്ഥലത്തേക്കു പോവുകയും പരിപാടി കഴിഞ്ഞാല്‍ തിരികെ ദല്‍ഹിക്കു മടങ്ങുകയും ചെയ്യും.
വ്യാഴാഴ്ചയാണ് ബിജെപി നേതാക്കള്‍ രാഷ്‌ട്രപതിയെ കണ്ടത്. “ഒക്ടോബര്‍ 27-ലെ റാലിയെക്കുറിച്ചു ഞങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അതിനെ തുടര്‍ന്ന് 26-ന് ബീഹാറില്‍ എത്തുന്ന രാഷ്‌ട്രപതി അന്നു രാത്രിയിലെ അവിടത്തെ താമസം വേണ്ടെന്നുവെച്ചു. അതനുസരിച്ച് അദ്ദേഹം വിമാനത്താവളത്തില്‍ നിന്ന് നേരെ ബിരുദദാന സമ്മേളന സ്ഥലത്തേക്കു പോകും. അവിടുന്ന് തിരികെ ദല്‍ഹിക്കു മടങ്ങും,” ഷാനാവസ് ഹുസൈന്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ റാലി സമയത്തുതന്നെ രാഷ്‌ട്രപതിയുടെ പരിപാടി തീരുമാനിച്ച ബീഹാര്‍ സര്‍ക്കാര്‍ ബിജെപിയെ മനപ്പൂര്‍വം ശല്യം ചെയ്യാനാണ് അതു ചെയ്തതെന്ന് ഷാനവാസ് ഹുസൈന്‍ കുറ്റപ്പെടുത്തി.
















