ന്യൂദല്‍ഹി: അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാനില്‍ ഭീകരരെ പരിശീലിപ്പിക്കുന്ന 42 കേന്ദ്രങ്ങള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ്. ഭീകരരെ പരിശീലിപ്പിക്കുകയും അവര്‍ക്ക് സര്‍വ്വ സഹായങ്ങളും നല്‍കി ഇന്ത്യയിലേക്ക് കടത്തിവിടുകയും ചെയ്യുന്ന പരിപാടി പാക് സൈന്യവും പാക് ചാരസംഘടന ഐ.എസ്.ഐയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുലരാന്‍ ഇത് അത്യാവശ്യമാണ്.
ഭീകരരുമായി ബന്ധം പുലര്‍ത്തുന്നത് അവര്‍ക്കു തന്നെ വിനയാകുംമെന്ന് ബിക്രം സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയിലുണ്ടായ നുഴഞ്ഞുകയറ്റവും അതിര്‍ത്തി ലംഘനങ്ങളും വെടിവയ്‌പ്പുകളും എല്ലാം ജനറല്‍ പര്‍വേസ് കയാനിയുടെ നേതൃത്വത്തിലാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. പാക് കരസേനാ മേധാവിയാണ് കയാനി.
കാശ്മീരിലെ അന്തരീക്ഷം തകര്‍ക്കാന്‍ പാക് സൈന്യവും ഐ.എസ്.ഐയും ശ്രമിച്ചുവരികയാണ്. ഈ വര്‍ഷം ഇതിനുള്ളില്‍ 165 തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനുള്ളില്‍ ഇത്രയും ലംഘനം ഇതാദ്യമാണ്. ഇവയില്‍ 105 എണ്ണവും നടന്നത് ഈ ആഗസ്റ്റ് മുതലാണ്, നവാസ് ഷെരീഫ് അധികാരമേറ്റ ശേഷം. ഒരു ഇംഗ്‌ളീഷ് ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
















