Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാധവം മധുരസ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2013, 09:10 pm IST
in Vicharam

ഇന്ന്‌ മാധവ്ജി സ്മൃതിദിനം

കേരളത്തിന്റെ സംഘചരിത്രത്തിലേയും സാമൂഹിക ചരിത്രത്തിലെയും മാധവ്ജിയുടെ സ്ഥാനം അദ്വിതീയമാണ്‌. പാലിയം വിളംബരം പോലെയുള്ള ചരിത്രപ്രസിദ്ധമായ സംഭവത്തിന്‌ നേതൃത്വം കൊടുത്തയാളാണ്‌. എന്നാല്‍ തന്റെ പാണ്ഡിത്യത്തിന്റെ ആഴവും സ്ഥാനത്തിന്റെ വലിപ്പവും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ കാണാന്‍ സാധിക്കില്ലായിരുന്നു. ഒരു സാധാരണ പ്രവര്‍ത്തകനോട്‌ പോലും കുശലാന്വേഷണം നടത്തുവാനും സ്നേഹത്തോടെ പെരുമാറാനും അദ്ദേഹത്തിന്‌ മടിയില്ലായിരുന്നു.

അടിയന്തരാവസ്ഥ കാലഘട്ടത്തിലായിരുന്നു ഞാന്‍ മാധവ്ജിയെക്കുറിച്ച്‌ കേട്ടറിഞ്ഞത്‌. ഞാന്‍ അന്ന്‌ മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നത്തെ ഡിഎഫ്‌ഒ ആയിട്ടുള്ള ഇന്ദുചൂഡനും ബിജെപി സംഘടനാകാര്യദര്‍ശിയായ ഉമാകാന്തനും അന്ന്‌ അവിടെ വിദ്യാര്‍ത്ഥികളായിരുന്നു. അവരില്‍നിന്നാണ്‌ മാധവ്ജിയെക്കുറിച്ച്‌ കേട്ടറിഞ്ഞത്‌. ഒരു വലിയ സിദ്ധനാണെന്നും മറ്റുമായിരുന്നു ഞാനന്ന്‌ മനസ്സിലാക്കിയിരുന്നത്‌. പക്ഷെ, അടുത്തു പരിചയപ്പെട്ടപ്പോള്‍ കേട്ടറിഞ്ഞ ധാരണ മുഴുവന്‍ മാറി. തിരുവനന്തപുരത്തെ ജീവിതത്തിനിടയിലാണ്‌ കൂടുതല്‍ അടുത്തറിയാന്‍ പറ്റിയത്‌.

ഞാനൊരു കലാവിദ്യാര്‍ത്ഥിയായിരുന്നു. ചിത്രരചനയിലും മറ്റുമുള്ള എന്റെ കഴിവിനെക്കുറിച്ച്‌ അദ്ദേഹത്തിനും താല്‍പര്യമുണ്ടായിരുന്നു. താന്ത്രിക്‌ ചിത്രകല എന്ന ഒരു സമ്പ്രദായം രൂപപ്പെട്ട കാലഘട്ടമായിരുന്നു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അദ്ദേഹവുമായി കണ്ടുമുട്ടുമ്പോള്‍ നടക്കുമായിരുന്നു. അക്കിത്തം നാരായണനും കെ.വി.ഹരിദാസുമെല്ലാം അത്തരം തന്ത്രിക കലയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ചിത്രരചന നടത്തിയിരുന്നു. ഇതിനെക്കുറിച്ച്‌ അദ്ദേഹത്തിനറിയാമായിരുന്നു. ആര്‍എസ്‌എസ്‌ പ്രചാരകനാണെങ്കിലും ഇത്തരം കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ എത്തിയിരുന്നത്‌ എന്നില്‍ അത്ഭുതമുളവാക്കി.

ഒരിക്കല്‍ തിരുവനന്തപുരത്ത്‌ വന്നപ്പോള്‍ ഒരു സ്ഥലത്തേക്ക്‌ പോകാനായി എന്നെയും കൂട്ടി. ഒരു അപ്പുക്കുട്ടന്‍ നായരുടെ വീട്ടിലേക്ക്‌. അദ്ദേഹം പ്രശസ്തനായ ഒരു എന്‍ജിനീയറായിരുന്നു. മാത്രമല്ല ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥനോ ഉപദേഷ്ടാവോ മറ്റോ ആയിരുന്നു. അദ്ദേഹം താമസിച്ചിരുന്നത്‌ തൈക്കാട്ട്‌ ആയിരുന്നു. രാത്രിയാണ്‌ ഞങ്ങള്‍ പോയത്‌. അല്‍പ്പം ബുദ്ധിമുട്ടിയാണ്‌ ആ വീട്‌ കണ്ടുപിടിച്ചത്‌. മാധവ്ജിയോട്‌ അദ്ദേഹത്തിന്‌ വളരെയധികം ബഹുമാനം ഉണ്ടായിരുന്നു. കുറച്ചുസമയം അവിടെ ചെലവഴിച്ചു. പല കാര്യങ്ങളും അവര്‍ തമ്മില്‍ സംസാരിച്ചു. അതിനിടയില്‍ മാധവ്ജി എന്നെ പരിചയപ്പെടുത്തി. ആ പരിചയപ്പെടുത്തലില്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയി. എന്നെക്കുറിച്ച്‌ അത്രക്ക്‌ പറയാനുണ്ടോ എന്ന്‌ സംശയിച്ചുപോയി. ആ രണ്ട്‌ പ്രഗത്ഭരുടെയടുക്കല്‍ നിസ്സാരനായ ഞാന്‍ അല്‍പ്പം നിവര്‍ന്നിരിക്കാന്‍ ശ്രമിച്ചു. അപ്പുക്കുട്ടന്‍ നായര്‍ക്ക്‌ ക്ഷേത്രത്തിന്റെ തച്ചുശാസ്ത്രങ്ങളോടും ശില്‍പ്പങ്ങളോടുമുള്ള താല്‍പര്യത്തെക്കുറിച്ച്‌ മാധവ്ജി എന്നോട്‌ പറഞ്ഞു. അദ്ദേഹത്തെ ഇടയ്‌ക്കിടക്ക്‌ പോയി കാണണമെന്നും അദ്ദേഹത്തില്‍നിന്നും ക്ഷേത്ര ശില്‍പ്പങ്ങളെക്കുറിച്ചും തച്ചുശാസ്ത്രത്തെക്കുറിച്ചും പഠിച്ചെടുക്കാനും പറഞ്ഞു. ആ കാര്യങ്ങളില്‍ അപ്പുക്കുട്ടന്‍ നായര്‍ക്ക്‌ നല്ല അറിവുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മാത്രമല്ല, അതിനനുബന്ധമായി ഒരു കാര്യംകൂടി മാധവ്ജി പറഞ്ഞു, “താനങ്ങനെ പോയി പോയി അയാള്‍ ആര്‍എസ്‌എസ്സാവണം.”എന്നിട്ട്‌ സ്വതസിദ്ധമായ ഒരു തട്ട്‌ എന്റെ തോളില്‍ കിട്ടി. എനിക്ക്‌ ചില കാര്യങ്ങള്‍ പഠിക്കാനുള്ള വഴി തുറന്നു തരികയും അതുവഴി സംഘത്തിന്‌ ഒരു വലിയ വ്യക്തിത്വത്തെ നേടാനുള്ള ലക്ഷ്യവും.

ക്ഷേത്ര ശില്‍പങ്ങളും തച്ചുശാസ്ത്രവും എനിക്കും താല്‍പ്പര്യമുള്ള വിഷയമായിരുന്നു. കൈവിട്ടുപോയ എന്റെ പാരമ്പര്യവും അതായിരുന്നു. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും അതിനുവേണ്ട ആഭരണങ്ങളും മറ്റും നിര്‍മിച്ചിരുന്നവരായിരുന്നു എന്റെ പൂര്‍വികര്‍. അതിനാല്‍ ആ വാസന എന്റെ രക്തത്തിലുണ്ടാകുമെന്ന്‌ മാധവ്ജിയും മനസ്സിലാക്കിയിട്ടണ്ടാകും. പക്ഷെ അപ്പുക്കുട്ടന്‍ നായരുമായിട്ടുള്ള കൂടിക്കാഴ്ച രണ്ടുമൂന്നു തവണയെ നടന്നുള്ളൂ. കാരണം, ബാലഗോകുലത്തിന്റെ ചുമതല എന്നില്‍ നിക്ഷിപ്തമായി. അതിനുവേണ്ടിയുള്ള യാത്രയില്‍ അപ്പുക്കുട്ടന്‍ നായരെ മറന്നു. എങ്കിലും അതിനെക്കുറിച്ച്‌ യാതൊരു പരിഭവവും അദ്ദേഹം പ്രകടിപ്പിച്ചില്ല. പല കാര്യങ്ങളിലും ഞങ്ങള്‍ തമ്മില്‍ കത്തിടപാടുകള്‍ നടത്തി. ഒരു കത്തില്‍ അദ്ദേഹം എഴുതി, “പഴനീ വച്ച്‌ ഒരു നീലമേഘം ആശാരിയെ കണ്ടിരുന്നു. ശില്‍പ്പത്തില്‍ ഉഗ്രനാണ്‌. ശ്രീചക്രവും മറ്റും തെറ്റാതെ വാര്‍ക്കും. ഏതുതരം വിഗ്രഹവും ശിലയിലും ലോഹത്തിലും ഉണ്ടാക്കും. ക്ഷേത്രനിര്‍മാണ ശാസ്ത്രം ശരിക്കും അറിയാം. കേരളത്തില്‍ പലയിടത്തും വരാറുണ്ട്‌. ഒരു ശിഷ്യനെ തന്നാല്‍ സ്വീകരിക്കുമോ എന്ന്‌ ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ തിരക്കു പിടിച്ച പരിപാടികള്‍ എന്റെ മുമ്പില്‍ നിരത്തി. അത്തരം ആളുകളുടെ സഹായമുണ്ടെങ്കില്‍ രമേശന്‌ ഒരു പുതിയ പാത വെട്ടിത്തുറക്കാം.
സന്ന്യാസിയാകണമെന്നൊന്നും പറയുന്നില്ല. പക്ഷെ, സാധാരണ ഉദ്യോഗമല്ലാതെ വളരെ വരുമാനവും പദവിയുള്ള ഒരു അവസ്ഥ ലഭിക്കും. അല്‍പ്പം ക്ഷമ കാണിച്ചുകൂടെ? ഇല്ലെങ്കില്‍ വാസനയുള്ള കലാകാരന്‌ അതോട്‌ പുലബന്ധം പോലുമില്ലാത്ത ഒരു സാധാരണ പ്രവൃത്തികൊണ്ട്‌ തൃപ്തിപ്പെടേണ്ടിവരും. ഇതിനെല്ലാം ഒരളവ്‌ വരെ സഹായിക്കാനും എനിക്ക്‌ കഴിയും.”

ആരാ ഈ നീലമേഘം ആശാരി? ഇതുവരെ കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ല. ഞാനന്ന്‌ എത്രയോ നിസ്സാരനായിരുന്നു. തിരുവനന്തപുരത്ത്‌ പഠിക്കാന്‍ പോയത്‌ കലയോടുള്ള അഭിനിവേശവും വീട്‌ വിട്ട്‌ സംഘടനാപ്രവര്‍ത്തനം ചെയ്യാനുള്ള താല്‍പ്പര്യവും അതിന്‌ സ്വര്‍ഗീയ ഭാസ്കര്‍ റാവുജിയുടെ പ്രേരണയും. ഇതൊക്കെ എന്റെ അച്ഛന്റെ എതിര്‍പ്പിനെ തട്ടിത്തെറിപ്പിച്ചു. പക്ഷെ, അവിടെയുള്ളപ്പോഴും കുടുംബത്തിന്റെ അവസ്ഥയും മൂത്തമകന്റെ ചുമതലയും ഓര്‍മപ്പിച്ചുകൊണ്ടുള്ള അച്ഛന്റെയും അമ്മയുടെയും കത്തുകള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ എന്നെ അനുവദിച്ചില്ല. അതിനാല്‍ നീലമേഘം ആശാരിയുടെയടുത്തു പോയി പഠിക്കുന്ന കാര്യം മേഘം പോലെ പറന്നുപോയി.

ഒരു കത്തില്‍ മാധവ്ജി എനിക്കെഴുതി, “ഇതിനിടയില്‍ ഏകാത്മതായജ്ഞത്തോടനുബന്ധിച്ച്‌ നടത്തിയ സാംസ്കാരിക സമ്മേളനത്തില്‍ ഞാനും എം.വി.ദേവനും പ്രാസംഗികരായിരുന്നു. ഞാന്‍ ഒരാളെ കാണാന്‍ വിടാമെന്ന്‌ പറഞ്ഞു. രമേശനെയാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. വരട്ടെയെന്നും അയാള്‍ക്ക്‌ വേണ്ടതെല്ലാം പറഞ്ഞുകൊടുക്കാമെന്നും ദേവന്‍ പറഞ്ഞു. പാരമ്പര്യശൈലിയിലുള്ള ഐക്കണോഗ്രഫിയും മറ്റും പഠിച്ചാല്‍ അവര്‍ക്ക്‌ ഇന്നത്തെ കാലാവിദ്യാലയത്തില്‍ പഠിച്ചതിനേക്കാള്‍ എത്രയോ മെച്ചമായ കലാസൃഷ്ടികള്‍ നിര്‍മിക്കാമെന്ന്‌ ദേവന്‍ പറഞ്ഞു. ഏതായാലും ഞാന്‍ പരിചയപ്പെടുത്താം. അതിന്റെ ബലത്തില്‍ അദ്ദേഹവുമായി രമേശന്‍ ബന്ധപ്പെടണം. ഇതിനെല്ലാമായി എന്റെ ഒഴിവുസമയത്ത്‌ എറണാകുളത്ത്‌ വരണം. അതിനനുസരിച്ചായിരിക്കുമോ സ്കൂള്‍ അവധി? വന്നാല്‍ എന്റെ കൂടെത്തന്നെ ഒന്ന്‌ രണ്ട്‌ ദിവസം കഴിച്ചു കൂട്ടാന്‍ തയ്യാറായി വരണം.”

എം.വി. ദേവന്‍ കലയുടെ ഗുരുസ്ഥാനത്ത്‌ നില്‍ക്കുന്നയാളാണ്‌. ആധുനിക കലയെ മലയാളിക്ക്‌ പരിചയപ്പെടുത്തിയ വ്യക്തി. പലതുകൊണ്ടും പ്രശസ്തനായ ഒരാള്‍. പക്ഷെ, എനിക്കതിനായി മാധവ്ജിയുടെ കൂടെ പോകാന്‍ സാധിച്ചില്ല. പിന്നീട്‌ ദേവനെ പരിചയപ്പെടാന്‍ സാധിച്ചെങ്കിലും മാധവ്ജി പരിചയപ്പെടുത്തുമ്പോഴുണ്ടാകുന്ന ഒരു വലിപ്പം എനിക്ക്‌ കിട്ടിയില്ല.

മറ്റൊരു കത്ത്‌ വന്നത്‌ ഉദുമല്‍പേട്ടയില്‍ നിന്നായിരുന്നു. അതില്‍, “…..ഇതിനിടയില്‍ പയ്യന്നൂര്‍ അടുത്തുള്ള പ്രസിദ്ധ മാന്ത്രിക കുടുംബമായ കാളകാട്ട്‌ ഇല്ലത്ത്‌ കുട്ടിച്ചാത്തന്‍ തിറയ്‌ക്ക്‌ ഞാന്‍ പോയിരുന്നു. കുറെയധികം ഗ്രന്ഥങ്ങള്‍ കാണാന്‍ കഴിഞ്ഞു. അവിടെ തെയ്യം തിറകളെപ്പറ്റി പഠിക്കാന്‍ പ്രസിദ്ധ കലാകാരനായ ബാലന്‍ നമ്പ്യാര്‍ വന്നിരുന്നു. ജര്‍മനിയിലും അമേരിക്കയിലും ഇറ്റലിയിലും മറ്റും നല്ല ശില്‍പ്പങ്ങള്‍ ചെയ്തിട്ടുണ്ട്‌. ജര്‍മനിയില്‍ ഒരു വലംപിരിശംഖ്‌ തന്നെയാണ്‌ ഒരു ശില്‍പ്പം. ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസം. ജവഹര്‍ലാല്‍ ഫെല്ലോഷിപ്പ്‌ ഉണ്ട്‌. അദ്ദേഹത്തെപ്പറ്റി കേട്ടിരിക്കും. രണ്ടുദിവസം ഞങ്ങള്‍ ഒരുമിച്ച്‌ ഉണ്ടായിരുന്നു.

എന്റെ നല്ല സുഹൃത്തായിത്തീര്‍ന്നു.” ഇങ്ങനെ ബാലന്‍ നമ്പ്യാരെക്കുറിച്ചും എനിക്കെഴുതി. അന്ന്‌ ഞങ്ങള്‍ വലിയ ബഹുമാനത്തോടെ കാണുന്നയാളായിരുന്നു ബാലന്‍ നമ്പ്യാര്‍. അദ്ദേഹത്തിന്റെ ശില്‍പങ്ങള്‍ നമ്മുടെ സാംസ്കാരിക ഛായയുള്ളതായിരുന്നു. അധികവും ലോഹത്തിലായിരുന്നു. ജര്‍മനിയിലേയും മറ്റും കൂറ്റന്‍ ശില്‍പ്പങ്ങള്‍ അത്ഭുതാവഹങ്ങളാണ്‌. അദ്ദേഹവും പ്രശസ്തനായത്‌ കേരളത്തില്‍ നിന്ന്‌ പുറത്തുപോയപ്പോള്‍ മാത്രമാണ്‌. മലയാളികളായ ചിത്രകാരന്മാരും, ശില്‍പ്പികളും പുറത്തുപോയാണ്‌ പ്രശസ്തരായിട്ടുള്ളത്‌. കേരളത്തില്‍ ആകെ പോഷിപ്പിക്കപ്പെടുന്നത്‌ സാഹിത്യകാരന്മാരേയും രാഷ്‌ട്രീയക്കാരേയും പിന്നെ കുറെ സിനിമാക്കാരേയും മാത്രമാണെന്ന്‌ തോന്നുന്നു.

ആധുനിക ശില്‍പകലയുടെ വക്താവായ ബാലന്‍ നമ്പ്യാരുടെ സൃഷ്ടികള്‍ ആസ്വദിക്കാനുള്ള മനസ്സുണ്ടായല്ലോ മാധവ്ജിക്ക്‌. രവിവര്‍മക്ക്‌ അപ്പുറത്ത്‌ വേറെ ചിത്രകാരന്മാരില്ല എന്ന്‌ ചിന്തിക്കുന്നവരുടെ കാലത്താണ്‌ ഇതെന്ന്‌ ഓര്‍ക്കണം. മാത്രമല്ല, നമ്മുടെ കലാസ്വാദനം ശിവകാശി കലണ്ടര്‍ വരെ എത്തിയിട്ടുള്ളൂ. അതില്‍നിന്നും വ്യത്യസ്തനായിരുന്നു മാധവ്ജി എന്നുള്ളത്‌ എനിക്ക്‌ അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയാക്കി.

ഞങ്ങളുടെ കലാചര്‍ച്ചകള്‍ പലതരത്തിലും പുരോഗമിച്ചിരുന്നു. തിരുവനന്തപുരത്തെ, വിദ്യാഭ്യാസ കാലഘട്ടത്തില്‍ കലയെക്കുറിച്ച്‌ നന്നായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. പാശ്ചാത്യ കലാരംഗവും അവിടെ നടന്ന പരീക്ഷണങ്ങളും പ്രസ്ഥാനങ്ങളും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവിടത്തെ നവോത്ഥാനകാലഘട്ടവും അതിനുശേഷം ചിത്രശില്‍പ്പകലാരംഗത്ത്‌ വികസിച്ചുവന്ന ദര്‍ശനങ്ങളും പ്രസ്ഥാനങ്ങളും വളരെ രസകരമാണ്‌. ആധുനിക കല എന്താണെന്നും അത്‌ എങ്ങനെ രൂപപ്പെട്ടെന്നും കലാചരിത്രം പഠിക്കുമ്പോഴാണ്‌ മനസ്സിലാകുന്നത്‌. ഇവിടെ ‘മോഡേണ്‍ ആര്‍ടെ’ന്നും പറഞ്ഞു കാട്ടിക്കൂട്ടുന്ന വിക്രിയകളുടെ പൊള്ളത്തരവും മനസ്സിലായത്‌ അപ്പോഴാണ്‌.

ചിത്രകലയിലെ പല പ്രസ്ഥാനങ്ങളും പിന്നീട്‌ അവിടുത്തെ സാഹിത്യത്തെയും മറ്റും സ്വാധീനിച്ചിരുന്നു. ഒരിയ്‌ക്കല്‍ മാധവ്ജി എനിയ്‌ക്ക്‌ മറുപടിയെഴുതിയത്‌ വളരെ ഗൗരവത്തോടുകൂടിയായിരുന്നു.

“രമേശന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഈ ചെറിയ എഴുത്തിലൂടെ മറുപടി പറയുവാന്‍ സാധ്യമല്ല. പാശ്ചാത്യ സംസ്കാരത്തിന്റെയും അതിലെ കലയുടെയും ആധുനിക കാലഘട്ടത്തെ വിശദമായി വിശകലനം ചെയ്തെങ്കിലെ അതിന്‌ മറുപടി കാണുകയുള്ളൂ. ആ സംസ്കാരത്തിന്റെ മുഖമിന്ന്‌ കാര്യമായി ഭാരതീയ ചിന്തയിലേക്ക്‌ തിരിഞ്ഞിരിക്കുന്നുവെന്നത്‌ അനിഷേധ്യമായ ഒരു പരമാര്‍ത്ഥമാണ്‌. ഒന്ന്‌ രണ്ട്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ യേശുവും മറിയവും മറ്റുമായിരുന്നു അവരുടെ കലയുടെ മര്‍മവും. ആനുകാലിക ജീവിതവും ഉണ്ടായിരുന്നു. പിന്നെ ഫ്രാന്‍സിലും മറ്റു ചിലയിടങ്ങളിലും ഭോഗലാലസതയുടെ വ്യംഗ്യങ്ങളും ചിലപ്പോള്‍ വ്യക്തങ്ങളായ ഭാവങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു ചിത്രങ്ങള്‍. അതില്‍ ആധുനികശാസ്ത്രം കലയെ സ്വാധീനിച്ചുവോ എന്ന്‌ സംശയമാണ്‌. ചിത്രകലയെ സ്വാധീനിക്കുന്നതിനുപകരം ശില്‍പകലയെയും മറ്റും കാര്യമായി ശാസ്ത്രം സ്വാധീനിച്ചിട്ടുണ്ടെന്ന്‌ പറയാം. അങ്ങനെ ഭോഗലാലസതയുടെയും ശാസ്ത്രീയ പുരോഗതിയുടേയും കൊടുമുടികളില്‍ നിന്നും മോഹഭംഗം വന്ന്‌ തെന്നിത്തെന്നി പോകുന്ന പതനത്തിലാണ്‌ ആധുനികവും അത്യന്താധുനികവുമായ കലകള്‍ ഉടലെടുത്തത്‌. ഇത്‌ സാഹിത്യത്തിലും ഒരു പരമാര്‍ത്ഥമാണ്‌.”

തുടര്‍ന്ന്‌ അദ്ദേഹം എഴുതുന്നു, “പക്ഷെ, നമ്മുടേതോ? ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഈ രാഷ്‌ട്രത്തിന്‌ മോഹഭംഗമല്ല വരയ്‌ക്കുവാനുള്ളത്‌. നമ്മുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഹൃദയത്തുടിപ്പുകള്‍ ആണ്‌. തികച്ചും വിഭിന്നമായ സൗന്ദര്യസങ്കല്‍പങ്ങള്‍ നമുക്ക്‌ നല്‍കുവാന്‍ കഴിയണം. നമ്മുടെ ഭൂതകാലത്തില്‍ സനാതനവും നിത്യസുന്ദരവുമായ സംസ്കാരത്തിന്റെ കാതലില്‍നിന്ന്‌ രൂപങ്ങള്‍ വാര്‍ത്തെടുക്കുവാന്‍ നമുക്ക്‌ കഴിയണം. കലയിലും സാഹിത്യത്തിലുമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഊര്‍ജ്ജം സൃഷ്ടിക്കുവാന്‍ നമുക്ക്‌ കഴിയണം. ഗതാനുഗതികത്വമല്ല നവീന സൃഷ്ടിയാണ്‌ നമുക്കാവശ്യം. അതാണല്ലോ കലയിലെ സ്വയംസേവകത്വം.”

എത്ര സുന്ദരമായ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം. ഒടുവില്‍ അത്‌ വന്ന്‌ അവസാനിച്ചത്‌ സ്വയംസേവകത്വത്തില്‍. ഇങ്ങനെയും കലാകാരനാവാന്‍ സാധിക്കുമോ? സാധിക്കണം. പക്ഷെ, ആ വഴിക്ക്‌ നീങ്ങാന്‍, അല്ലെങ്കില്‍ അതിനെ പരിപോഷിപ്പിക്കാന്‍ ആരാ ഉള്ളത്‌?

1988 സെപ്തംബര്‍ 5 തിങ്കളാഴ്ച. ഞാന്‍ ആദ്യമായി തന്ത്രവിദ്യാപീഠം സന്ദര്‍ശിച്ചു. അതിന്‌ തൊട്ടുമുമ്പുള്ള ശനിയാഴ്ച എറണാകുളത്ത്‌ ചിന്മയാമിഷന്‍ വിദ്യാലയത്തില്‍ വച്ച്‌ നടന്ന ശ്രീകൃഷ്ണ ജയന്തി സാംസ്കാരിക സമ്മേളനത്തില്‍ മാധവ്ജിയായിരുന്നു പ്രഭാഷകന്‍. അവിടെ വെച്ച്‌ അദ്ദേഹം എന്നെ പിടിച്ചു. എത്രനാളായി തന്ത്രവിദ്യാപീഠത്തിലേക്ക്‌ തന്നെ ക്ഷണിക്കുന്നു. ഇനി എന്നാണ്‌ വരിക? എന്നെല്ലാം പരാതിപ്പെട്ടു. അന്ന്‌ അവിടെവെച്ച്‌ തിങ്കളാഴ്ച അങ്ങോട്ടു ചെല്ലണമെന്ന്‌ നിര്‍ബന്ധിച്ചു.

ഏതാണ്ട്‌ ഉച്ചയോടെയാണ്‌ ഞാനവിടെ എത്തിയത്‌. മാധവ്ജിയുടെ മുറിയില്‍ ഇരുന്ന്‌ സംസാരിച്ചു. ഞങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കുമുള്ള ഊണ്‌ അദ്ദേഹം മുകളിലേക്ക്‌ വരുത്തിച്ചു. ഞങ്ങള്‍ ഒരുമിച്ച്‌ ഊണുകഴിക്കാന്‍ ഇരുന്നു. ഉടനെ തന്നെ അദ്ദേഹം ഒരു കുപ്പിയെടുത്ത്‌ കൊണ്ടുവന്നു. അതില്‍ നാരങ്ങ അച്ചാറായിരുന്നു.

“തനിക്ക്‌ ഞാനൊരു സാധനം തരാം. ഇത്‌ സാത്വികമല്ല. അതിനാല്‍ താഴെയാര്‍ക്കും കൊടുക്കാറില്ല. തനിക്കാവാം.” എന്നുപറഞ്ഞ്‌ എനിക്കും അദ്ദേഹത്തിനുമായി വിളമ്പി. ആരെയോകൊണ്ട്‌ പ്രത്യേകം ഉണ്ടാക്കിച്ചതാണെന്നും പറഞ്ഞു. അതുപോലൊരു നാരങ്ങാ അച്ചാര്‍ പിന്നീട്‌ എന്റെ ജീവിതത്തില്‍ ഇതുവരെ കൂട്ടിയിട്ടില്ല. ഒരുപക്ഷെ അത്‌ മാധവ്ജി തന്നെ പറഞ്ഞുകൊടുത്ത ചേരുവകളാകാം.

അതിന്‌ ശേഷം അദ്ദേഹം ഒരു കാര്യം എന്നെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഗുരുനാഥന്റെ ചിത്രം വരച്ചുകൊടുക്കണം. ഗുരുനാഥന്റെ ഒരു ഫോട്ടോ ഏല്‍പ്പിച്ചു. ഗുരു സങ്കല്‍പ്പത്തെക്കുറിച്ച്‌ പറഞ്ഞുതന്നു. രണ്ടുതരത്തില്‍ വരക്കാനും വിവരിച്ചു തന്നു. എന്നിട്ട്‌ എനിക്കിഷ്ടപ്പെട്ടത്‌ ഏതാണോ അതനുസരിച്ച്‌ വരക്കാനും പറഞ്ഞു. അതിന്റെ ചെലവിനായി മുന്നൂറ്‌ രൂപയും എനിക്ക്‌ തന്നു. ഞാനതുമായി അവിടന്ന്‌ തിരിച്ചു.

അത്‌ അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന്‌ അന്ന്‌ തോന്നിയില്ല. അടുത്തദിവസം മാധവ്ജി ആശുപത്രിയിലായ വിവരമാണ്‌ ഞാനറിഞ്ഞത്‌. അദ്ദേഹത്തിന്റെ രക്ഷക്കായി ഈശ്വരനോട്‌ പ്രാര്‍ത്ഥിച്ചു. പക്ഷേ, അടുത്ത തിങ്കളാഴ്ച അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമായിരുന്നോ എന്നെ ഏല്‍പ്പിച്ചതെന്ന്‌ തോന്നിപ്പോയി. ഞാന്‍ ആ ചിത്രം വരക്കാന്‍ ആരംഭിച്ചു. പക്ഷെ, അത്‌ ഇന്നും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.

രമേശ്‌ ലക്ഷ്മണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.