അതിക്രൂരമായ ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിനുശേഷം കേരളമാണ് ഇന്ത്യയില്‍ ആദ്യമായി ലൈംഗികകുറ്റങ്ങള്‍ വിചാരണ ചെയ്യാന്‍ മാത്രമായി ഒരു ഫാസ്റ്റ്ട്രാക്ക് കോടതിയെ നിയമിച്ചത്. ആറ് മാസത്തിനുശേഷം ആ കോടതിയുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണ്. അതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നതാണ്. 100 ലൈംഗികകുറ്റകൃത്യ കേസുകള്‍ പരിഗണനയിലിരിക്കെയാണ് കോടതിയുടെ പ്രവര്‍ത്തനം നിശ്ചലമായത്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അരങ്ങേറുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ എല്ലാ പരിധിയും ലംഘിച്ചുവരികയാണ്. ബുധനാഴ്ചയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പിതാവ് സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി അതിലുണ്ടായ കുട്ടിയെ വില്‍പ്പന നടത്തിയെന്നാണ്.
മാതാപിതാക്കളെ ആലുവാ പോലീസ് അറസ്റ്റുചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നുവെങ്കിലും സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ഇന്ത്യയില്‍തന്നെ ആദ്യമായി രൂപീകരിക്കപ്പെട്ട ലൈംഗികകുറ്റ വിചാരണ കോടതിയെന്ന് അന്നത്തെ സുപ്രീംകോടതി ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പോലും പ്രശംസിച്ചിരുന്നു. പ്രശംസാര്‍ഹമായ ഒരു സംവിധാനം പക്ഷെ സര്‍ക്കാര്‍ അനാസ്ഥകൊണ്ട് മാത്രം ഫലപ്രാപ്തിയിലെത്താതെ പോയി എന്നത് ദുഃഖകരമാണ്. കേരളം ആഗോള വികസന മോഡല്‍ ആണെന്നാണ് ആഗോള ധാരണ. ഈ വികസന മോഡല്‍ സ്ത്രീപീഡനത്തിലും പ്രതിഫലിക്കുന്നു എന്നതും കേരളത്തില്‍ സ്ത്രീപീഡനം അനുദിനം വര്‍ധിച്ചുവരുന്നു എന്നതും മലയാളിയുടെ സാംസ്കാരിക അവകാശവാദത്തിന് മുന്നില്‍ ചോദ്യചിഹ്നമുയര്‍ത്തുന്നു. സ്ത്രീകള്‍ കേരളത്തില്‍ ലൈംഗിക ഇരകളായി ചുരുങ്ങുകയാണോ?
കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ 61 ശതമാനവും സ്വന്തം വീട്ടില്‍തന്നെ നടക്കുന്നുവെന്നും സ്ത്രീകള്‍ക്ക് പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. സ്ത്രീ ഇന്ന് ശരീരം മാത്രമാണ്. ലൈംഗിക ഇരകള്‍ മാത്രമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളുടെ ഗ്രാഫ് ഉയരുകതന്നെയാണ്. പ്രായഭേദമെന്യേ സ്ത്രീകള്‍ ലൈംഗിക ഇരകളാണെങ്കിലും 19-നും 45-നും ഇടയിലുള്ളവരാണ് 75 ശതമാനവും. സ്ത്രീകളുടെ സ്വര്‍ണാഭരണ ഭ്രമവും കവര്‍ച്ചക്കാരെ ആകര്‍ഷിക്കുമ്പോള്‍ കവര്‍ന്നെടുക്കപ്പെടുന്നത് ആഭരണങ്ങള്‍ മാത്രമല്ല, മാനവും കൂടിയാണ്. 18 വയസില്‍ താഴെയുള്ള കുട്ടികളാണ് ലൈംഗിക ആക്രമണക്കേസുകളില്‍ രണ്ടാംസ്ഥാനത്ത്. 2012 ല്‍ കേരളത്തില്‍ 4050 ലൈംഗികകുറ്റകേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 2013 ല്‍ അഞ്ചുമാസം കൊണ്ട് 2051 കേസുകള്‍ ചാര്‍ജുചെയ്തു. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോവിന്റെ ക്രൈം ഇന്‍ ഇന്ത്യ 2011 എന്ന റിപ്പോര്‍ട്ടില്‍ ജനസംഖ്യയും വിസ്തീര്‍ണ്ണവും കുറഞ്ഞ കേരളമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്തത്രെ. 33.8 ശതമാനം ആണ് കേരളത്തിലെ ലൈംഗിക കുറ്റകൃത്യനിരക്ക്. ആസാം ഒന്നാംസ്ഥാനത്തും ബംഗാള്‍ അഞ്ചാംസ്ഥാനത്തുമാണ്. ദേശീയ തലത്തില്‍ 2,28,650 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യനിരക്കുള്ള സംസ്ഥാനവും കേരളംതന്നെയാണ്. ഏറ്റവും അപകടകരമായ നഗരം കൊച്ചിയും. കേരളത്തിലെ 2010 ലെ കുറ്റകൃത്യനിരക്ക് ദേശീയ നിരക്കായ 187.6 ന്റെ ഇരട്ടിയിലധികമാണ്. ഇന്ത്യയിലൊട്ടാകെ 241996 കുറ്റകൃത്യങ്ങള്‍ നടന്നപ്പോള്‍ അതില്‍ കേരളത്തിന്റെ സംഭാവന 11756 ആണ്.
ഈ സംസ്കാരശൂന്യത ഒരു മതവിഭാഗത്തിനോ ജാതിക്കോ മാത്രമുള്ളതല്ല. ജാതിമതഭേദമെന്യേ ഇവിടെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നു എന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പഠനം കാണിക്കുന്നത്. വിദ്യാഭ്യാസം കുറവുള്ളവരും കൂലിപ്പണിക്കാരുമായ സ്ത്രീകളാണ് ഒന്നാംസ്ഥാനത്തെങ്കില്‍ വീട്ടമ്മമാര്‍ രണ്ടാംസ്ഥാനത്താണ്. വിവാഹിതയായാല്‍ സ്ത്രീ സുരക്ഷിതയാണ് എന്ന ധാരണയെ വെല്ലുവിളിക്കുന്നതാണ് ഈ കണ്ടെത്തല്‍. സ്ത്രീ എവിടെയും സുരക്ഷിതയല്ല, വീടിനകത്തും പുറത്തും സ്കൂളിലും ബസ്സ്റ്റാന്റിലും ട്രെയിനിലും അവള്‍ ആക്രമണത്തിനിരയാകുന്നു. സ്ത്രീകളുടെ നേരെ അക്രമങ്ങള്‍ പെരുകുന്നതും സ്ത്രീകള്‍ക്ക് ഇന്ന് രാത്രികളും പൊതുനിരത്തുകളും വാഹനങ്ങളും സുരക്ഷിതമല്ലെന്നും ഓരോ സംഭവവും ഓര്‍മ്മപ്പെടുത്തുന്നു. ഓട്ടോയില്‍ കയറിയാല്‍ പോലും തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാകുന്ന സ്ത്രീകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ സുലഭമാണ്. രാത്രിഡ്യൂട്ടി കഴിഞ്ഞുവരുന്ന, ഐടി സെക്ടറിലുള്ള സ്ത്രീകളും അക്രമഭീഷണി നേരിടുന്നവരാണ്. കേരള സമൂഹ മനഃസ്ഥിതി ഈവിധം ലൈംഗികവല്‍ക്കരിക്കപ്പെടുമ്പോള്‍ സ്ത്രീപീഡനം കൂടുന്നത് സ്വാഭാവികം. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ഇത് സ്ഥിരീകരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനമിറങ്ങാതെ ലൈംഗികകുറ്റവിചാരണ കോടതി എറണാകുളത്ത് നിശ്ചലമായത്. ഒരു കാതലായ സാമൂഹ്യപ്രശ്നത്തോട് കാണിക്കുന്ന ഈ അവഗണന അക്ഷന്തവ്യംതന്നെയാണ്.
















