കൊച്ചി: ലൈംഗിക പീഡന ആരോപണവിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എയെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി വിവാദമാകുന്നു. തെറ്റയില്‍ ഒളിവിലാണെന്ന് പറയുമ്പോഴും ഇദ്ദേഹത്തിന്റെ രഹസ്യകേന്ദ്രത്തെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അറസ്റ്റ് തത്കാലം വേണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യവിവരമെന്നറിയുന്നു.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് തെറ്റയിലിന് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം നടന്ന ബ്ലോക്ക് കമ്മറ്റിയിലും വിമര്‍ശനമുയര്‍ന്നിരുന്നു. ജില്ലയിലെ ഒരു മന്ത്രി ഡബിള്‍റോള്‍ കളിക്കുകയാണെന്ന് ആക്ഷേപമുണ്ട്. തെറ്റയിലിന്റെ ബാല്യകാല സുഹൃത്തായ ഈ മന്ത്രിയുടെ ഇടപെടലാണ് അറസ്റ്റ് നീട്ടുന്നതത്രെ. ഇതുസംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ മന്ത്രി തയ്യാറായിട്ടുമില്ല.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് തെറ്റയിലുമായി ബന്ധമുള്ള മുപ്പതിലധികംപേരെ പോലീസ് ചോദ്യം ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് വിവാദം ഉയര്‍ന്ന സമയത്ത് പ്രശ്നം പരിഹരിക്കുവാനായി മധ്യസ്ഥത വഹിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവിനെയും ചോദ്യം ചെയ്തിരുന്നു. കണ്ണിന് കാഴ്ചക്കുറവുള്ളതുമൂലം സിഡിയിലെ ദൃശ്യങ്ങള്‍ പൂര്‍ണമായും കാണുവാനായില്ലെന്നാണ് ഇയാള്‍ മൊഴി നല്കിയതത്രെ. തെറ്റയില്‍ മന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ പങ്കാളികളായി റിയല്‍എസ്റ്റേറ്റ് ബിസിനസുകളും നടന്നിരുന്നു. തെറ്റയിലിന്റെ മന്ത്രിസ്ഥാനം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിലാണ് യുവതിയുമായി അടുപ്പത്തിലായത്. മകനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിക്കാമെന്ന് സമ്മതിക്കുകയും പിന്നീട് കാലുമാറുകയും ചെയ്തിരുന്നുവെങ്കിലും പ്രശ്നം ഇങ്ങനെ കൈവിട്ട് പോകുമെന്ന് തെറ്റയില്‍ കരുതിയിരുന്നില്ല.
ഈ സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള കടുത്ത സമ്മര്‍ദ്ദമാണ് തെറ്റയിലുമായി അടുത്ത വൃത്തങ്ങള്‍ നടത്തുന്നത്. പരാതി പിന്‍വലിക്കില്ലെന്ന് യുവതി പറയുമ്പോഴും സമ്മര്‍ദ്ദം തുടരുകയാണ്. യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിച്ച് തടിയൂരാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് തെറ്റയില്‍ ഒളിവില്‍ കഴിയുന്നത്. ഇതിനായി സാഹചര്യമൊരുക്കുന്ന കള്ളക്കളിയാണ് പോലീസ് നടത്തുന്നത്. തെറ്റയിലിനെ സഹായിക്കുന്ന ഭരണപക്ഷത്തെ നിലപാടും പോലീസിനെ കുഴയ്ക്കുന്നുണ്ട്. യുവതി പരാതി നല്കി ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും തെറ്റയിലിനെയും മകനെയും ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ കഴിയാത്തതില്‍ പോലീസിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സംഭവം സംബന്ധിച്ച് മുഴുവന്‍ കാര്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പുതിയ എന്തെങ്കിലും സംഭവവികാസങ്ങള്‍ ഉണ്ടാകുമോയെന്നുള്ള കാത്തിരിപ്പിലാണ് പോലീസ്. ഇതാകട്ടെ പോലീസിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നു.
ഇതിനിടയില്‍ തെറ്റയിലിന്റെ ഭാര്യ ഡെയ്സി പരാതിക്കാരിയായ യുവതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കുടുംബത്തെ നശിപ്പിക്കാനാണ് പരാതിക്കാരിയുടെ ശ്രമമെന്ന് കാണിച്ച് ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവില്‍ പരിപൂര്ണവിശ്വാസമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: