തിരുവനന്തപുരം: സൗരോര്‍ജ്ജ തട്ടിപ്പ് വീരന് ബിജു രാധാകൃഷ്ണനും സരിതനായരും മാവേലിക്കര ചാരുംമൂട് കണ്ണനാകുഴി ആശ്രമം കേന്ദ്രീകരിച്ചും പ്രദേശത്ത് വ്യാപാരമേള നടത്തിയും ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ തട്ടിയ കേസ് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കെ അട്ടിമറിക്കപ്പെട്ടതായി ചാരുംമൂട് തപോവന്‍ യോഗാ ആശ്രമാധിപന് സ്വാമി നിര്‍മലാനന്ദഗിരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തന്റെ ആശ്രമത്തില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാനെന്ന പേരിലാണ് ബിജുവും സരിതയും കുഞ്ഞും അമ്മയും എത്തിയത്. ആശ്രമത്തില്‍നിന്ന് മാത്രം ഒന്നരലക്ഷംരൂപയും വ്യാപാരമേളയും കണ്‍സള്‍ട്ടന്‍സി സംഘടിപ്പിച്ച് നാട്ടുകാരില്‍നിന്നു ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്ത സംഭവം 2007 ഫെബ്രുവരിയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ നേരിട്ട് ധരിപ്പിച്ചിരുന്നു. ബിജുവിന്റെ ഫോട്ടോയടക്കമാണ് മന്ത്രിക്ക് പരാതി കൈമാറിയത്. പരാതികേട്ട മന്ത്രി ആര്‍ക്കൊക്കെയോ നിര്‍ദ്ദേശം നല്‍കുകയും തന്നെ മടക്കി അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന പത്രോസ് തന്നെ ഫോണില്‍ ബന്ധപ്പെടുകയും രണ്ട് പോലീസുകാരെ അയച്ച് മൊഴിയെടുക്കുകയും ചെയ്തു. ഇതിനുശേഷം അന്വേഷണം വെളിച്ചം കാണാതിരുന്നതിന് പിന്നില്‍ ഉന്നതതല ഇടപെടലായിരുന്നുവെന്ന് സംശയിക്കുന്നു. പ്രദേശത്തുള്ള ഒരു പാസ്റ്ററില്‍നിന്നും ഇതേ രീതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. പാസ്റ്ററും തന്നോടൊപ്പം കോടിയേരിയെ കണ്ടിരുന്നു. 2007 ജനുവരി ആദ്യവാരത്തിലാണ് ബിജു തന്നെ ഫോണില്‍ ബന്ധപ്പെട്ടത്. ആശ്രമം കേന്ദ്രീകരിച്ച് വൃദ്ധരെ സംരക്ഷിക്കുന്നതിനും ആതുരാലയം സ്ഥാപിക്കുന്നതിനുമായി ഒരു പ്രൊജക്ട് തന്റെ പക്കലുണ്ടെന്ന് ബിജു ധരിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് കോടിക്കണക്കിന് രൂപ ക്ഷേമ പദ്ധതികള്‍ക്ക് ലഭിക്കുമെന്നും അതിനാല്‍ ട്രസ്റ്റാക്കി രജിസ്റ്റര്‍ ചെയ്യണമെന്നും ബിജു നിര്‍ദ്ദേശിച്ചു.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നതിനാല് ട്രസ്റ്റ് രൂപീകരിക്കാന്‍ താന്‍ സമ്മതിച്ചു. തപോവന്‍ രാജയോഗം ഗ്ലോബല്‍ ട്രസ്റ്റ് രജിസ്റ്ററാക്കി തന്നെ ആജീവനാന്തം ചെയര്‍മാനാക്കി. ഇതിനിടെ തന്നെ ചാരുംമൂട്ടില്‍ ഒരു ഡോക്ടറെ കൂട്ടുപിടിച്ച് ബിജു സഫ്രണ്‍ കണ്‍സള്‍ട്ടന്‍സിയും ട്രേഡ്ഫെയറും സംഘടിപ്പിച്ചു. ഈ ട്രേഡ്ഫെയര്‍ ഉദ്ഘാടനം ചെയ്യാന്‍ സമ്മതിച്ചത് സഹകരണമന്ത്രിയായിരുന്ന ജി. സുധാകരനാണ്.
ട്രേഡ്ഫെയര്‍ പരാജയപ്പെടുകയും ബിജു ലക്ഷങ്ങള്‍ തട്ടുകയും ചെയ്തതോടെ ബിജുവിന്റെ തട്ടിപ്പ് പുറത്തായി. ബിജുവിന്റെ വഴിവിട്ട പോക്കിനെപ്പറ്റി സൂചന ലഭിച്ചതോടെ മാവേലിക്കര സിഐയ്ക്കും കായംകുളം എഎസ്പിയായിരുന്ന പ്രകാശിനും പരാതി നല്കി. പോലീസ് അന്വേഷണം കാര്യമായി നീങ്ങാതെ വന്നതോടെ ആഭ്യന്തരമന്ത്രിയെ നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു.
തപോവന്‍ രാജയോഗം ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനത്തിന് കോടിയേരി ബാലകൃഷ്ണനെ കൊണ്ടുവരാന്‍ ബിജുവും സരിതയും അമിത താല്‍പ്പര്യം കാട്ടിയിരുന്നുവെന്നും സ്വാമി പറഞ്ഞു. അങ്കിള്‍ എന്നാണ് കോടിയേരി ബാലകൃഷ്ണനെ ഇവര്‍ എപ്പോഴും വിശേഷിപ്പിച്ചിരുന്നത്. കോടിയേരി ബാലകൃഷ്ണനെ കാണാന്‍ രണ്ട് കാറിലായിട്ടാണ് താനും ബിജുവും സരിതയും മറ്റ് ചില സുഹൃത്തുക്കളും പോയത്. ഔദ്യോഗിക തിരക്കുള്ളതിനാല്‍ കോടിയേരിയെ അന്ന് ട്രസ്റ്റ് ഉദ്ഘാടനത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ടൂറിസം മന്ത്രികൂടിയായിരുന്ന കോടിയേരി ബാലകൃഷ്ണന് പത്ത് ലക്ഷംരൂപ ട്രസ്റ്റിന് വാഗ്ദാനം നല്‍കിയതായി ബിജു തന്നെ ധരിപ്പിച്ചു. പിന്നീട് നടന് സുരേഷ്ഗോപിയുടെ വീട്ടില്‍ കൊണ്ടുപോയി. അദ്ദേഹമവിടെ ഉണ്ടായിരുന്നില്ല. സിനിമാരംഗത്തുള്ള, അന്ന് മന്ത്രിയല്ലാതിരുന്ന എംഎല്‍എയുടെ വീട്ടിലും മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്റെ വീട്ടിലുംപോയി. ഇവരെ പരിപാടിക്ക് താന്‍ ക്ഷണിച്ചുവെങ്കിലും ഇരുവരും അസൗകര്യം പറഞ്ഞു. തന്നെയും സുഹൃത്തുക്കളെയും അവിടെയെത്തിച്ചശേഷം ബിജു പുറത്തുനില്‍ക്കുകയും താന്‍ കാര്യങ്ങള്‍ പിന്നീട് സംസാരിച്ചുകൊള്ളാമെന്ന് ധരിപ്പിക്കുകയുമായിരുന്നുവെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: