തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ അവകാശലംഘനത്തിനു നോട്ടീസ് നല്കി. കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരാണു നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ജി. കാര്‍ത്തികേയനെതിരേ വിഎസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് നോട്ടീസ്.
സ്പീക്കര്‍ ഭരണകക്ഷിയുടെ താത്പര്യങ്ങള്‍ക്കു കൂട്ടു പിടിക്കുകയാണെന്നും നിയമസഭയ്ക്കുള്ളില്‍ ഭരണകക്ഷിയുടെ കൊള്ളരുതായ്മയും അഴിമതിയും ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തെ അനുവദിക്കാതെ സ്പീക്കര്‍ സര്‍ക്കാരിനു പിന്തുണ നല്‍കുകയാണെന്ന വിഎസിന്റെ പ്രസ്താവനയാണു വിവാദമായത്.
തനിക്കെതിരായ ആരോപണങ്ങള്‍ ദു:ഖകരമാണെന്ന് സ്പീക്കര്‍ ജി.കാര്ത്തികേയന് നിയമസഭയില്‍ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തിരിക്കുമ്പോള്‍ താന്‍ നിഷ്പക്ഷനായിരിക്കും. സ്പീക്കര്‍ സ്ഥാനത്ത് വരുന്നതിന് മുന്‍പും പിന്‍പും രാഷ്ട്രീയമുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള രാഷ്ട്രീയകോലാഹലങ്ങളിലേക്ക് സ്പീക്കറെ വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ മുന്‍പും ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കിയിട്ടുണ്ട്. ഇത് ആദ്യത്തെ സംഭവമാണെന്ന രീതിയില്‍ വാര്ത്തകൊടുക്കുന്നതും അതിനെതിരെ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുന്നതും ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: