ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ ഗുജറാത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയയുടെ സര്‍ട്ടിഫിക്കറ്റ്. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മോദി ആവശ്യപ്പെട്ട 58,500 കോടി രൂപയ്ക്ക് പകരം ആലുവാലിയ 59,000 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തിന്റെ വികസനപദ്ധതികളെക്കുറിച്ച് ആലുവാലിയ നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. ഗുജറാത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച ആലുവാലിയ സാമൂഹികമേഖലയ്ക്ക് പ്രത്യേകശ്രദ്ധ നല്‍കണമെന്നും മോദിയോട് അഭ്യര്‍ഥിച്ചു.
ഗുജറാത്ത് കഴിവുറ്റ സംസ്ഥാനമാണെന്ന് ആസൂത്രണ കമ്മീഷന് ബോധ്യമായിട്ടുണ്ടെന്നും അതിനാല്‍ കൂടുതല്‍ വികസനങ്ങള്‍ക്കായി 59,000 കോടിരൂപ അനുവദിച്ചെന്നും ആലുവാലിയയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുശേഷം മോദി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രവിഹിതത്തിന്റെ 42 ശതമാനം തുക പാവങ്ങള്‍ക്കും അധഃസ്ഥിതര്ക്കുമായാണ് ചെലവഴിച്ചതെന്നും എല്ലാ മേഖലകളുടെയും വികസനത്തിനാണ് ഗുജറാത്ത് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനവളര്‍ച്ചയ്ക്ക് നല്ലൊരു പങ്ക് സംഭാവനചെയ്യാന്‍ ഗുജറാത്തിന് കഴിയുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
അതേസമയം, നരേന്ദ്രമോദി മൊണ്ടേക് സിംഗ് ആലുവാലിയയെ കാണാനെത്തുന്നതറിഞ്ഞ് ആസൂത്രണ കമ്മീഷന്റെ ഓഫീസ് കനത്ത സുരക്ഷാവലയത്തിലായി. യോജന ഭവന്റെ സുരക്ഷയുടെ പൂര്‍ണചുമതലയും ദല്‍ഹി പോലീസ് ഏറ്റെടുത്തു. എല്ലാ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും പോലീസ് അടച്ചു.
യോജന ഭവന്റെ പരിസരം പോലും പോലീസ് സേനയെക്കൊണ്ട് നിറഞ്ഞിരുന്നു. അക്രഡിറ്റേഷന് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം നിഷേധിക്കുകയും ചെയ്തു. അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി പ്രഖ്യാപിച്ചതിന് ശേഷം നരേന്ദ്രമോദിക്ക് വന്‍ താരത്തിളക്കമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: