കൊച്ചി: അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം ഒടുവില്‍ കൊച്ചി മെട്രോറെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ശുഭാരംഭം കുറിക്കുമ്പോള്‍ ഏവരുടെയും കണ്ണുകള്‍ ഇ.ശ്രീധരനിലാണ്. തകര്‍ക്കാന്‍ പറ്റാത്ത പാമ്പന്‍പാലത്തിന്റെ വിശ്വാസ്യതയാണ് ഇ.ശ്രീധരനുള്ളത്. പാമ്പന്‍പാലം, കോംഗ്കണ്‍ റെയില്‍വേ, ദല്‍ഹി മെട്രോ തുടങ്ങി വിശ്വാസത്തിന്റെയും ദൃഡനിശ്ചയത്തിന്റെയും ഹിമാലയ ശൃംഗങ്ങള്‍ കയറിയ പദ്ധതികളുടെ വിജയഗാഥകളാണ് ഈ മെട്രോമാനെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കിയത്.
കൊച്ചി മെട്രോയുടെ നേതൃത്വത്തിലേയ്ക്ക് ഇ.ശ്രീധരന്റെ വരവ് അത്രസുഖകരമായിരുന്നില്ല. കല്ലും മുള്ളും പാരകളും നിറഞ്ഞപ്പോള്‍ പുഞ്ചിരിയോടെ തകര്‍ക്കാന്‍ പറ്റാത്തവിശ്വാസത്തിലൂടെ അതിനെയെല്ലാം മറികടക്കുവാനായി. കൊച്ചി മെട്രോറെയിലിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം നിറഞ്ഞ് നിന്നത് ഇ.ശ്രീധരനായിരുന്നു. പരസ്യമായി എല്ലാവരും ഇ.ശ്രീധരനെ സ്വാഗതം ചെയ്യുമ്പോഴും രഹസ്യമായി നിക്ഷിപ്ത ലോബി അദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കുകയായിരുന്നു. കൊച്ചി മെട്രോറെയില്‍ കോര്‍പ്പറേഷന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ടോംജോസും കേന്ദ്രനഗരവിസന സെക്രട്ടറിയും കൊച്ചി, ദല്‍ഹി മെട്രോറെയില്കോര്പ്പറേഷനുകളുടെയെല്ലാം ചെയര്‍മാനുമായ സുധീര്‍ കൃഷ്ണയുമെല്ലാം കളത്തില്‍ നിറഞ്ഞാടി. ആരാണീ ശ്രീധരന്, അദ്ദേഹത്തിന് ഡിഎംആര്സിയുമായ വല്ലബന്ധവുമുണ്ടോയെന്ന ചോദ്യം പോലും ഉയര്‍ത്തി ടോംജോസ് കത്തെഴുതി. ശ്രീധരനില്ലെങ്കിലും പദ്ധതി നടത്താം എന്ന വാദഗതികള്‍ ഉയര്‍ന്നു. എന്നാല്‍ ഈ ലോബികളുടെയെല്ലാം ഉദ്ദേശവും തനിനിറവുമെല്ലാം ജനങ്ങള്‍ക്ക് നന്നായിഅറിയാമായിരുന്നു. ജനങ്ങള്‍ ഒറ്റക്കെട്ടായി ശ്രീധനൊപ്പം നിന്നു. തരികിട ലോബികള്‍ക്കെതിരെ ശക്തമായ ജനരോക്ഷമുയര്‍ന്നു. അവസാനം ജനങ്ങളുടെ ഉറച്ച വിശ്വാസത്തിന് മുമ്പില്‍ രാഷ്ട്രീയ നേതൃത്വത്തിന് കീഴടങ്ങേണ്ടിവന്നു. ടോം ജോസ് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും പുറത്തായി. ശ്രീധരനെയും ഡിഎംആര്‍സിയെയും നിര്‍മ്മാണത്തിന്റെ ചുമതല എല്പ്പിക്കുവാന് സുധീര്‍ കൃഷ്ണയ്ക്കും മറ്റും തയ്യാറാകേണ്ടിവന്നു. നിര്‍മ്മാണകരാര്‍ ഒപ്പിടുന്നതും മാസങ്ങളോളം വൈകി പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതി വിവാദങ്ങലില്പ്പെട്ട് വര്‍ഷങ്ങള്‍ വൈകിയപ്പോള്‍ പദ്ധതി ചെലവില്‍ കോടികളുടെ നഷ്ടമാണുണ്ടായത്.
വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോഴും മെട്രോ റെയിലിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നിശ്ചിതസമയത്തിന് മുമ്പ് തീര്‍ത്ത് ഡിഎംആര്‍സിയും ഇ.ശ്രീധരനു ഒരിക്കല്‍ കൂടി മാതൃകയായി. നോര്‍ത്ത് പാലത്തിന്റെ ഇരുമേല്‍പ്പാലങ്ങളും, എംഎല് ജേക്കബ് ഫ്ലൈ ഓവറുംമെല്ലാം പറഞ്ഞ സമയത്തിന് മുമ്പ് തീര്‍ത്തപ്പോള്‍ കേരളത്തിനത് ഒരു പുത്തന്‍ അനുഭവമായിരുന്നു.
25 കിലോമീറ്റര്‍ നീളുന്ന ആദ്യഘട്ടം മൂന്ന് വര്‍ഷത്തിനുള്ളില്‍ തീര്‍ക്കുവാനുള്ള ദൃഡനിശ്ചയത്തിലാണ് ഈ മെട്രോമാന്. മഴയും വെയിലും വകവയ്ക്കാതെ ഇന്ന് മുതല്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന്റെ പ്രയാണം ആരംഭിക്കുകയാണ്. ഈ ശ്രീധരന്റെ വിശ്വാസ്യതയില്‍ നിശ്ചയ ദാര്‍ഡ്യത്തിന്റെ മറ്റൊരു അത്ഭുതത്തിന് കാതോര്‍ക്കുകയാണ് കേരളം.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: