മുംബൈ: സ്വര്‍ണത്തില്‍ നിക്ഷേപം നടത്തരുതെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടണമെന്ന് ബാങ്കുകള്‍ക്ക് ചിദംബരത്തിന്റെ ഉപദേശം. ജനങ്ങള്‍ക്ക് സ്വര്‍ണത്തോടുള്ള ഭ്രമം കുറയ്ക്കുന്നതില്‍ ബാങ്കുകള്‍ക്ക് നിര്‍ണായക പങ്കാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തണമെന്ന് ബാങ്ക് മേധാവികള്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം എട്ട് ശതമാനമായി കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. സ്വര്‍ണ നാണയങ്ങള്‍ വില്പന നടത്തരുതെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ചിദംബരം പറഞ്ഞു. മറ്റ് ലോഹങ്ങളുടെ അത്ര പ്രാധാന്യം മാത്രം സ്വര്‍ണത്തിന് ലഭിക്കുന്ന ഒരു നാള് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ ക്രമാതീതമായി ഉണ്ടാകുന്ന വര്‍ധനവാണ് കറന്റ് അക്കൗണ്ട് കമ്മി ഉയരാന്‍ പ്രധാനകാരണങ്ങളിലൊന്ന്. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ഇറക്കുമതി ചുങ്കത്തില്‍ വര്‍ധനവ് വരുത്തുന്നത്. ജനുവരിയിലാണ് നാല് ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കേന്ദ്രം ഉയര്‍ത്തിയത്.
ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ വില ഇടിയുന്നത് ഇന്ത്യയെ സംബന്ധിച്ച് നല്ല വാര്‍ത്തയല്ലെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിലില്‍ 142 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. മെയ് മാസത്തിലിത് 162 ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ശരാശരി സ്വര്‍ണ ഇറക്കുമതി 70 ടണ്ണായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ഇത് 152 ടണ്ണായി ഉയര്‍ന്നു.
സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ ഇപ്രകാരം വര്‍ധനവ് ഉണ്ടാകുമ്പോള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയല്ലാതെ ആര്‍ബിഐയ്ക്കും സര്‍ക്കാരിനും മറ്റ് മാര്‍ഗ്ഗമില്ലെന്നും ചിദംബരം പറഞ്ഞു. വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് ഉണ്ടാകുമ്പോള്‍ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു. പണപ്പെരുപ്പത്തില്‍ ഇടിവുണ്ടാകുന്നതും മറ്റ് സ്ഥിര വരുമാന നിക്ഷേപ പദ്ധതികളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നതിലൂടെയും കറന്റ് അക്കൗണ്ട് കമ്മിയില്‍ കുറവ് വരുത്താന്‍ സാധിക്കും.
നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനമായി താഴ്ത്താന്‍ സാധിക്കുമെന്നും ഈ നേട്ടം അനായാസം കൈവരിക്കാമെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: