ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ഇത്തവണ പതിച്ചു നല്കിയവര് ഓര്‍ക്കുക. കളി ഇനിയും ബാക്കിയുണ്ട്. എന്തും സംഭവിക്കാം. കാരണം മാഞ്ചെസ്റ്റര്‍ നഗരത്തിലെ മറ്റൊരു കാല്‍പ്പന്തു വീരന്മാര് രണവീര്യം ചോരാതെ പൊരുതുന്നുണ്ട്. ആരാധകര്‍ ഉറ്റുനോക്കിയ മാഞ്ചെസ്റ്റര്‍ ഡെര്‍ബിയില്‍ പരമ്പരാഗത വൈരികളായ യുണൈറ്റഡിനെ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തുരത്തി.
ജയിംസ് മില്‍നറിലൂടെ മുന്നിലെത്തിയ സിറ്റിയെ വിന്‍സന്റ് കോംപായിയുടെ സെല്‍ഫ് ഗോള്‍ പിന്നോട്ടടിച്ചു. എങ്കിലും അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വെറോയുടെ സ്ട്രൈക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കഥകഴിച്ചുകളഞ്ഞു. ഇതോടെ ഏഴു മത്സരങ്ങള്‍ അവശേഷിക്കെ സിറ്റി (65) ഒന്നാം സ്ഥാനക്കാരായ യുണൈറ്റഡുമായുള്ള (77 പോയിന്റ്) പോയിന്റ് വ്യത്യാസം 12ആയി കുറച്ചു.
യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലെ അങ്കത്തില്‍ അതിവേഗ ഫുട്ബോളിലൂടെ കാണികളെ രസിപ്പിക്കാന്‍ ഇരു സംഘങ്ങള്‍ക്കും കഴിഞ്ഞു. തുടക്കം മുതല്‍ സിറ്റിയും യുണൈറ്റഡും നല്ല ഒഴുക്കോടെ കളിച്ചു. സിറ്റിയാണ് കൂടുതല്‍ മികവുകാട്ടിയത്. വലതു വിങ്ങില്‍ നിന്ന് മില്‍നറുടെ ക്രോസുകള്‍ പലപ്പോഴും അലക്സ് ഫെര്‍ഗ്യൂസന്റെ ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. കോംപായിയുടെ പാസ് ഡേവിഡ് സില്‍വ ഗോളിലേക്കു തിരിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധ ഭടന് ഫില്‍ ജോണ്‍സ് വിഫലമാക്കി. മറുവശത്ത് വാന്‍പെഴ്സിയുടെ ഫ്ലിക് സിറ്റിയുടെ വലയിലേക്കു തിരിക്കാനുള്ള റാഫേലിന്റെ ശ്രമവും ഫലംകണ്ടില്ല.
രണ്ടാം പകുതിയില്‍ യുണൈറ്റഡിന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നു. എന്നാല്‍ ലീഡ് നേടാന്‍ നിയോഗം സിറ്റിക്കായിരുന്നു. ഋയാന്‍ ഗിഗ്സിനെ വെട്ടിച്ചു കയറി ഇടതു വിങ്ങുവഴി കുതിച്ച ഗെരാത് ബാരി നസ്റിക്കു പന്തു മറിച്ചു നല്കി. നസ്റിയുടെ പാസില്‍ മില്‍നറുടെ തകര്‍പ്പന്‍ അടി യുണൈറ്റഡ് ഗോളിയെ കീഴടക്കി (1-0).
എട്ടു മിനിറ്റുകള്‍ക്കുശേഷം യുണൈറ്റഡ് ഒപ്പം. വാന്‍ പെഴ്സി ജോണ്‍സിനെ ലക്ഷ്യംവച്ചു തൊടുത്ത ക്രോസ് നിര്‍വീര്യമാക്കാന്‍ ശ്രമിച്ച കോംപായി പന്ത് സ്വന്തം വലയില്‍ എത്തിച്ചു (1-1). പക്ഷെ, പകരക്കാരന്റെ റോളിലെത്തിയ അഗ്വെറൊ 78-ാം മിനിറ്റില്‍ വെടിപൊട്ടിക്കുമ്പോള്‍ യുണൈറ്റഡിന്റെ അണികള്‍ തരിച്ചിരുന്നു (2-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: