മുംബൈ: സംശയാസ്പദമായ സാഹചര്യത്തില്‍ മുംബൈയില്‍ എത്തിയ കപ്പലിനെ തീര സംരക്ഷണ സേന തടഞ്ഞുവച്ചു. കപ്പലിലുണ്ടായിരുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.
ദുബായിയില്‍ നിന്നെത്തിയ എംഎസ്‌വി യൂസുഫി എന്ന കപ്പലിനെയാണ് തീരത്തിന് 35 നോട്ടിക്കല്‍ മെയിലിനുള്ളില്‍ അകലെവച്ച് മുംബൈ തീരസംരക്ഷണ സേന തടഞ്ഞത്. ബോട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 28 ആടുകളെ കണ്ടെത്തി. ചത്ത ആടുകളില്‍ ചിലതിനെ കടലില്‍ വലിച്ചെറിഞ്ഞിരുന്നു. ഇവയ്‌ക്കൊപ്പം യുഎഇ കമ്പനിയായ തുരയയുടെ സാറ്റ്ലൈറ്റ് ഫോണും വെള്ളത്തില്‍ നിന്നു കണ്ടെത്തി. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് മുംബൈ പോലീസിന് കൈമാറി. ദുബായിയിലുള്ള ഉസ്മാന്‍ എന്നയാളുമായി കപ്പലിലുണ്ടായിരുന്നവര്‍ നിരന്തരം ആശയവിനിമയം പുലര്‍ത്തിയതായി വ്യക്തമായിട്ടുണ്ട്. കപ്പലിലെ വസ്തുക്കള്‍ ഉസ്മാന്റെ പേരിലുള്ളതാണെന്നാണ് പിടിയിലായവര്‍ പറയുന്നത്. മയക്കുമരുന്നുകടത്തുമായി സംഭവത്തിന് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു.
















