ന്യൂദല്‍ഹി: മയക്കുമരുന്നുകേസില്‍പ്പെട്ട ബോക്‌സിംഗ്താരവും ലണ്ടന്‍ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗിനെ വീണ്ടും ചോദ്യം ചെയ്‌തേക്കാമെന്ന് പഞ്ചാബ് പോലീസ്. ഫത്തേഗ്രാഹ് സാഹിബിലെ ഉന്നത പോലീസ് ഉദ്യോഗസത്ഥനായ എച്ച് എസ് മാനാണ് ഈ കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം വിജേന്ദറിന്റെ സുഹൃത്തും ബോക്‌സിംഗ് കുട്ടാളിയുമായ രാം സിംഗിനെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാം സിംഗിനെ ഇന്ന് ഫത്തേഗ്രാഹ് സാഹിബിലെ കോടതിയില്‍ ഹാജരാക്കുമെന്നും കസ്റ്റഡിയില്‍ നീട്ടികിട്ടാനായി ചോദിക്കുമെന്നും പോലീസ് പറഞ്ഞു.
അന്വേഷണത്തിനായി വിജേന്ദറിന്റെ മുടിയുടേയും രക്തത്തിന്റെയും സാംപിളുകള്‍ ചോദിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രക്ത-മൂത്ര സാംപിളുകള്‍ താരം നാഷണല്‍ ആന്റി ഡോപിംഗ് ഏജന്‍സി(നാഡ)യ്‌ക്ക് കൊടുത്തിരുന്നു.
എന്തായാലും ഈ പരിശോധനകളിലൊന്നും താരം ഹെറോയിന്‍ കൈവശം വച്ചതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മയക്കുമരുന്ന് ഉരയോഗിച്ചാല്‍ പന്ത്രണ്ട് മണിക്കൂറിനപ്പുറം ഇതിന്റെ അംശം രക്തത്തില്‍ കാണില്ല. മൂത്രത്തില്‍ അത് മൂന്ന് ദിവസത്തിനപ്പുറം നിലനില്‍ക്കില്ല.
അതുകൊണ്ട് തന്നെ മുടിയുടെ സാംപിളുകള്‍ കൊണ്ട് മാത്രമെ വിജേന്ദര്‍ മയക്കുമരുന്നുപയോഗിച്ചിട്ടുണ്ടോ ഇല്ലയോയെന്ന് തിരിച്ചറിയാന്‍ പറ്റുകയുള്ളു. ഇത് തെളിയിക്കാനായി മൂന്ന് മാസത്തെ കാലാവധി വേണ്ടി വരും. വിജേന്ദര്‍ 12 തവണ ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം പോലീസ് പിടിയിലായ അനൂപ് സിംഗിന്റെ പക്കല്‍ നിന്നാണ് ബോക്‌സിംഗ് താരങ്ങള്‍ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് രാം സിംഗ് വെളിപ്പെടുത്തി. നേരത്തെ അനൂപിന്റെ വീട്ടില്‍ നിന്നും 130 കോടിയുടെ ഹെറോയിന്‍ പോലീസ് കണ്ടെത്തുന്ന സമയത്ത് വിജേന്ദറിന്റെ ഭാര്യയുടെ കാര്‍ വീടിനു പുറ ത്തു കിടന്നതാണ് വിജേന്ദറിലേക്കുള്ള സംശയത്തിനിടയാക്കിയത്.
വിജേന്ദറിന് മേലുള്ള പരിശോധനകള്‍ വേഗം പൂര്‍ത്തിയാക്കാന്‍ തിങ്കളാഴ്‌ച്ച നാഡയോട് കായിക മന്ത്രാലയം പറഞ്ഞിരുന്നു.
















