കൊല്‍ക്കത്ത: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മാമ്പഴം കയറ്റുമതിക്കാര്‍ക്കും കഷ്ടകാലം. സ്വദേശത്തെന്നപോലെ വിദേശത്തും ഏറെ പ്രിയങ്കരമായ അല്‍ഫോന്‍സോ മാമ്പഴത്തിന്റെ കയറ്റുമതിയ്ക്കാണ് ഇടിവ് നേരിട്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളായിരുന്നു അല്‍ഫോന്‍സോ മാമ്പഴത്തിന്റെ പ്രധാന വിപണി. കഴിഞ്ഞ വര്‍ഷം വരെ ഒരു ഡസണ്‍ മുന്തിയ അല്‍ഫോന്‍സോ മാമ്പഴത്തിന്റെ വില 2,000 രൂപയായിരുന്നത് ഇപ്പോള്‍ 1,000 രൂപയായിട്ടാണ് ഇടിഞ്ഞത്. അടുത്ത 10 ദിവസത്തിനുള്ളില്‍ വില വീണ്ടും ഇടിയുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
യുഎസ്, യൂറോപ്പ്, ദുബായ് എന്നിവിടങ്ങളില്‍ നിന്നും ഈ വര്‍ഷം ഓഡറുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. മാര്‍ച്ചില്‍ ഒരു ഡസണ്‍ ഇടത്തരം അല്‍ഫോന്‍സോ മാമ്പഴത്തിന്റെ ആഭ്യന്തര വിപണി വില 800 രൂപയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ വില 600 രൂപയായി ഇടിഞ്ഞു. വിവിധ തരം അല്‍ഫോന്‍സോ മാമ്പഴത്തിന്റെ കയറ്റുമതി വില 1,500 രൂപയായിരുന്നത് ഓഡറുകള്‍ ഒന്നും തന്നെ ലഭിച്ചില്ല എങ്കില്‍ ഇനിയും ഇടിയും. വിലയുടെ ഇടിവിനൊപ്പം തന്നെ മാമ്പഴത്തിന്റെ ഉത്പാദനത്തിലും ഈ വര്‍ഷം ഇടിവ് നേരിട്ടു. മോശം കാലാവസ്ഥയാണ് ഇതിന് കാരണം. ഗോവ, മഹാരാഷ്ട്ര തുടങ്ങി കോംഗ്കണ്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ അല്‍ഫോന്‍സോ മാമ്പഴം ഉത്പാദിപ്പിക്കുന്നത്.
















