ന്യൂദല്‍ഹി: ദല്‍ഹിയില്‍ സവാള വില കുതിച്ചുയരുന്നത് കോണ്‍ഗ്രസിനെ കരയിപ്പിക്കുന്നു. അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തില്‍ സവാള വില എങ്ങനെയെങ്കിലും പിടിച്ചു നിര്‍ത്താനുള്ള തത്രപ്പാടിലാണ് ദല്‍ഹി സര്‍ക്കാര്‍. കോണ്‍ഗ്രസ് കേന്ദ്ര ഭരണം കയ്യാളിയ നാള്‍ മുതല്‍ വില വര്‍ദ്ധന നിത്യസംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഉത്തരേന്ത്യക്കാരെ സാരമായി ബാധിക്കുന്ന സവാളയുടെ വില കൂടുന്നത് ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് കനത്ത പ്രഹരമാകും. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ദല്‍ഹിയില്‍ സവാളയുടെ വിലയില്‍ 58 ശതമാനത്തോളം വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. വരുംനാളുകളില്‍ വില കൂടാനുള്ള സാഹചര്യം തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
1999ല്‍ ബിജെപിക്കു ഇവിടെ ഭരണം നഷ്ടപ്പെട്ടതിന്റേയും വില്ലന്‍ സവാള തന്നെയായിരുന്നു. സവാള വില പിടിച്ചു നിര്‍ത്താനാവാത്ത ബിജെപി സര്‍ക്കാരിനെ ദല്‍ഹി വീണ്ടും തെരഞ്ഞെടുത്തില്ല. ഇതേ പ്രതിഷേധം കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള വികാരമാകുമോ എന്ന ഭീതിയാണ് ഭരണകൂടത്തിനിപ്പോള്‍. ഉത്തരേന്ത്യക്കാരുടെ അടിസ്ഥാന ഭക്ഷണങ്ങളില്‍ പ്രഥമ സ്ഥാനമാണ് സവാളയ്‌ക്കുള്ളത്. പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധന പിന്നെയും ഇവര്‍ സഹിച്ചെന്നു വരും. എന്നാല്‍ ഉത്തരേന്ത്യക്കാരിലെ സാധാരണക്കാരായവര്‍ക്ക് പോലും ഒഴിച്ചു കൂടാനാവാത്ത സവാള കൈയ്യെത്താത്ത ദൂരത്താവുന്നത് അവര്‍ക്ക് സഹിക്കില്ല.
സവാള വില കുതിച്ചുയരുന്നത് കോണ്‍ഗ്രസ് -എന്‍സിപി തുറന്ന പോരിന് കാരണമായിരിക്കുകയാണ്.
കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറുമായി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കൊമ്പുകോര്‍ക്കുന്നതു വരെയെത്തി കാര്യങ്ങള്‍. സവാളയുടെ കയറ്റുമതി കുറയ്‌ക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കൃഷിമന്ത്രാലയം തള്ളി. സംസ്ഥാനങ്ങളില്‍ മാത്രമുണ്ടാകുന്ന വില വര്‍ദ്ധന സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നാണ് കൃഷിമന്ത്രി മറുപടിയായി പറഞ്ഞത്. കയറ്റുമതി ചെയ്യുന്ന സവാളയുടെ കുറഞ്ഞ വില പരിമിതപ്പെടുത്തണമെന്നും അതില്‍ കുറഞ്ഞ വിലയ്‌ക്ക് സവാള കയറ്റിയയക്കുന്നത് വിലക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവശ്യവും കൃഷിമന്ത്രി തള്ളി.
അടിക്കടിയുണ്ടാകുന്ന വില വര്‍ദ്ധന നിയന്ത്രിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രക്ഷേഭം ആരംഭിച്ചു. ചെങ്കോട്ടയ്‌ക്ക് പുറത്ത് വളരെ കുറഞ്ഞ വിലയ്‌ക്ക് സവാള ലഭ്യമാക്കുന്ന കട തുറന്നാണ് മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വിജയ് ഗോയല്‍ പ്രതിഷേധ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ചും നടന്നു.
സവാളയുടെ മാത്രമല്ല മനുഷ്യനൊഴികെ മേറ്റ്ല്ലാസാധനങ്ങളുടേയും വില വര്‍ദ്ധിച്ചു വരികയാണെന്നാണ്‍് ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ്സിംഗ് പരിഹസിച്ചത്.
** ലക്ഷ്മി രഞ്ജിത്ത്
















