ധര്‍മ്മശാല (ഹിമാചല്‍പ്രദേശ്): ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ടീം ഇന്ത്യ പിന്നീട് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ പോരാട്ടത്തില്‍ വിജയപരമ്പര തുടരാനായി ഇന്ത്യയും വിജയത്തിനായി ഇംഗ്ലണ്ടും പൊരുതും. രാവിലെ 9ന് മത്സരം ആരംഭിക്കും. മൊഹാലി ഏകദിനത്തിലെ അതേ ടീം തന്നെയാവും ഇന്ന് അവസാന ഏകദിനത്തിലും ഇന്ത്യക്ക്വേണ്ടി ഇറങ്ങുക. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള സ്റ്റേഡിയത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ മത്സരമാണ് നാളെ അരങ്ങേറുന്നത്. 2005-ല്‍ പാക്കിസ്ഥാന് ടീം ഇന്ത്യന്‍ ബോര്‍ഡ് ഇലവനുമായും പിന്നീട് ഐപിഎല്‍ മത്സരങ്ങളും മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന അതികഠിനമായ തണുപ്പാണ് മത്സരത്തിന്റെ പ്രധാന വെല്ലുവിളി. മത്സരത്തിന് വേണ്ട എല്ലാ വിധ തയാറെടുപ്പുകളും കഴിഞ്ഞു. ഇനി ശേഷിക്കുന്നത് അവസാന വട്ട മിനുക്കു പണികള്‍ മാത്രമാണെന്ന് എച്ച്പിസിഎ സെക്രട്ടറി വിശാല്‍ മാര്‍വാ പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ കൊച്ചി ഏകദിനത്തോടെയാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍ ധോണിയുടെ സ്വന്തം നാടായ റാഞ്ചിയിലും പിന്നീട് മൊഹാലിയിലും ഉജ്ജ്വല വിജയം ഇന്ത്യ ആവര്‍ത്തിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ധോണിപ്പടി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
അതേസമയം ഓപ്പണര്‍മാരുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും ഓപ്പണര്‍മാരായി ഇറങ്ങിയത് ഗംഭീറും രഹാനെയുമായിരുന്നു. എന്നാല്‍ മൊഹാലി ഏകദിനത്തില്‍ രഹാനെക്ക് പകരം രോഹിത് ശര്‍മ്മയായിരുന്നു ഒാപ്പണറുടെ റോളില്‍. ഗംഭീര്‍ ഇത്തവണയു പരാജയപ്പെട്ടുവെങ്കിലും രോഹിത് ശര്‍മ്മ ഉജ്ജ്വല ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. ഇന്ത്യക്ക് ശക്തമായ അടിത്തറ നല്കിയ രോഹിത് ശര്‍മ്മ 83 റണ്‍സെടുത്തു.
ഗംഭീര്‍ പരാജയമാണെങ്കിലും ഉജ്ജ്വല ഫോമിലുള്ള നായകന് മഹേന്ദ്രസിംഗ് ധോണി, സുരേഷ് റെയ്ന, ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും മികച്ച ഫോമിലാണ്. മികച്ച ബൗളിംഗ് നിരയും ഇന്ന് ഇന്ത്യയ്ക്കുണ്ട്. നല്ല നിയന്ത്രണത്തോടെ പന്തെറിയുന്ന യുവതാരങ്ങളായ ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ്മയും സ്പിന്നര്‍ അശ്വിനും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് തീര്‍ച്ചയാണ്.
മറുവശത്ത് കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന്മാര് അമ്പേ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. കുക്കും പീറ്റേഴ്സണും ഒഴികെയുള്ള മുന്‍നിര താരങ്ങള്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുന്നതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയാവുന്നത്.
മൊഹാലി ഏകദിനത്തില്‍ അലിസ്റ്റര്‍ കുക്കും പീറ്റേഴ്സണും ജോ റൂട്ടും മാത്രമാണ് മികച്ച ബാറ്റിങ്ങ് പുറത്തെടുത്തത്. ഇയാന്‍ ബെല്ലും മോര്‍ഗനും മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ കഴിയാത്തതാണ് ഇംഗ്ലണ്ട് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. എന്നാല്‍ ഒരുപരിധിവരെ ഫിന്നും ഡെന്‍ബാഷും ട്രെഡ്വെല്ലും ഉള്‍പ്പെടുന്ന ബൗളിംഗ്നിര മികച്ച പ്രകടനം നടത്തുന്നുണ്ട്.
ഐപിഎല്‍ മത്സരങ്ങളാണ് ധര്‍മശാലക്ക് രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള കരുത്തുണ്ടെന്ന് തെളിയിച്ചത്. ഇന്ത്യ 3-1 ന് പരമ്പര നേടിയതിനാല്‍ അഞ്ചാം ഏകദിനം അപ്രസക്തമാണെങ്കിലും കാണികള്‍ ഒട്ടും കുറയില്ലെന്നാണു കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: