കൊച്ചി: ആവേശപ്പോരാട്ടങ്ങള്‍ക്കായി താരങ്ങള്‍ എത്തി. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനായാണ് ഇരു ടീമുകളും ഇന്നലെ കൊച്ചിയിലെത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും ഒരു മണിക്കൂറോളം വൈകി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ വരവേല്‍ക്കാനായി ആരാധകരുടെ വന്‍ കൂട്ടമാണ് തടിച്ചുകൂടിയത്. വൈകിട്ട് 6.45 ഓടെ ജെറ്റ് എയര്‍വെയ്സിന്റെ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇരു ടീമുകളും എത്തിയത്.
ഏഴ് മണിയോടെ പുറത്തുകടന്ന ടീമുകളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ചിന്മയ വിദ്യാലത്തിലെ 40 ഓളം വിദ്യാര്‍ഥികള്‍ താലമേന്തി കേരളീയ വേഷത്തില്‍ നിന്നപ്പോള്‍ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി, മലബാറിന്റെ തനത് കലാരൂപമായ തെയ്യം, മോഹിനിയാട്ടം തുടങ്ങിയവയ്‌ക്ക് പുറമെ പഞ്ചവാദ്യവും സ്വീകരണത്തിന് മാറ്റ് കൂട്ടി.
ആദ്യം പുറത്തു വന്നത് ഇന്ത്യന്‍ ടീമായിരുന്നു. അജിന്‍ക്യാ രഹ്യാനെയാണ് ആഭ്യന്തര ടെര്‍മിനലിലൂടെ ആദ്യ പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഗൗതംഗംഭീര്‍, യുവരാജ് സിംഗ്, ഇഷാന്ത് ശര്‍മ്മ എന്നിവരും പുറത്തിറങ്ങി. ധോണി ഏഴാമനായി പുറത്തെത്തിയപ്പോള്‍ രോഹിത് ശര്‍മ്മയാണ് അവസാനം വന്നത്. യുവരാജ് സിംഗിനെയും ക്യാപ്റ്റന്‍ ധോണിയെയും വന്‍ കയ്യടിയോടെയാണ് ആരാധകവൃന്ദം വരവേറ്റത്.
തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ടീം പുറത്തുവന്നു. പേസ് ബൗളര്‍ ഫിന്‍ ആണ് ആദ്യം പുറത്തുവന്നത്. പിന്നാലെ കുക്ക്, പീറ്റേഴ്സണ്‍, ബെല്‍, ട്രെഡ്‌വെല്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള മറ്റ് ടീം അംഗങ്ങളും പുറത്തെത്തി.
പുറത്തെത്തി അധികം താമസിക്കാതെ തന്നെ ഇരു ടീമുകളും അവര്‍ക്കായി സജ്ജമാക്കിയിരുന്ന വാഹനങ്ങളില്‍ കയറി വന്‍ പോലീസ് അകമ്പടിയോടെ ഹോട്ടലിലേക്ക് പോയി. താജ് വിവാന്റിലാണ് ടീമുകള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
താരങ്ങളുടെ വരവിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. എറണാകുളം റേഞ്ച് ഐജി പത്മകുമാര്‍, സിറ്റി പോലീസ് കമീഷണര്‍ കെ.ജി. ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരക്ഷക്ക് നേതൃത്വം നല്‍കുന്നത്.
ഇരുടീമുകളും ഇന്നും നാളെയും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഇന്ന് രാവിലെ 11 മണിക്ക് ഇന്ത്യന്‍ ടീമും ഉച്ചക്ക് 1.30 മുതല്‍ ഇംഗ്ലണ്ട് ടീമും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. നാളെ ഉച്ചക്ക് 12.30ന് ഇന്ത്യയും ഉച്ചകഴിഞ്ഞ് 3.30ന് ഇംഗ്ലണ്ടും പരിശീലനത്തിനിറങ്ങും.
മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷര്‍ സെക്രട്ടി ടി.സി.മാത്യു അറിയിച്ചു. 2000 പൊലീസുകാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. ഗ്യാലറിയിലേക്കുള്ള ചില ടിക്കറ്റുകള്‍ ഒഴിച്ചാല്‍ മറ്റുള്ളവ വിറ്റ് തീര്‍ന്നിട്ടുണ്ട്. ഇതുവരെ 1.1 കോടിയില്‍ പരം രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.
** വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: