ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. അഭിമാനം കാക്കാന്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യ പത്തുറണ്‍സിനാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. പരമ്പര പാക്കിസ്ഥാന് നേരത്തെ തന്നെ നേടിയിരുന്നു (2-1).
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 43.4 ഓവറില്‍ 167 റണ്‍സിന് ആതിഥേയര്‍ പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാനെ 48.5 ഓവറില്‍ 157 റണ്‍സിന് ഇന്ത്യ പുറത്താക്കി. ചെറിയ സ്കോര്‍ പിറന്ന മത്സരത്തില്‍ ഉജ്ജ്വലമായ ഫീല്‍ഡിംഗും മികച്ച ബൗളിംഗുമാണ് വിജയികളെ നിശ്ചയിച്ചത്. പതിവുപോലെ മുന്‍നിര ബാറ്റിംഗിന്റെ തകര്‍ച്ച കണ്ടുകൊണ്ടാണ് ഇന്ത്യന്‍ ബാറ്റിംഗ് ആരംഭിച്ചത്. സ്കോര്‍ 19ലെത്തിയപ്പോള്‍ ആദ്യവിക്കറ്റ് വീണു. നാലു റണ്‍സെടുത്ത അജിങ്ക്യ രഹാനെ ഇര്‍ഫാന്റെ പന്തില്‍ കീപ്പര്‍ കമ്രാന്‍ അക്മലിന് പിടിനല്കുകയായിരുന്നു. പത്തുറണ്സു കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇന്ത്യയുടെ രണ്ടാംവിക്കറ്റും നിലംപതിച്ചു. 15 റണ്‍സെടുത്ത ഗൗതംഗംഭീറിനെ മുഹമ്മദ് ഇര്ഫാന് തന്നെയാണ് പവലിയനിലേക്ക് മടക്കിയത്.
തുടര്‍ന്നെത്തിയ വിരാട് കോഹ്ലിക്കും ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കോഹ്ലിക്ക് ഫിറോസ്ഷാ കോട്ല ഗ്രൗണ്ടില്‍ ഏഴുറണ്സെടുക്കാനെ കഴിഞ്ഞുള്ളൂ. ജുനൈദ് ഖാന്റെ പന്തില്‍ യൂനുസ് ഖാന് പിടിനല്‍കിയാണ് മധ്യനിര ബാറ്റിംഗിന്റെ കരുത്തന് മടങ്ങിയത്. യുവരാജ്സിംഗും സുരേഷ് റെയ്നയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ വീണ്ടും സമ്മര്‍ദം ഏറി. സ്കോര്‍ 63ലെത്തിയപ്പോള്‍ 23 റണ്‍സെടുത്ത യുവരാജിനെ ഹഫീസ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
സുരേഷ് റെയ്നയും ധോണിയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. സ്കോര്‍ 111ലെത്തിയപ്പോള്‍ 60 പന്തുകളില്‍ നിന്ന് 31 റണ്‍സെടുത്ത സുരേഷ് റെയ്ന സയീദ് അജ്മലിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ അശ്വിന് ഒരുറണ്‍ പോലും നേടാതെ കൂടാരം കയറി. ഇതോടെ ഇന്ത്യ 6ന് 111 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ധോണിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. 55 പന്തുകളില്‍ നിന്നും ഒരു ബൗണ്ടറിയുടെയും മൂന്നു സിക്സറുകളുടെയും കരുത്തില്‍ 36 റണ്‍സെടുത്ത ധോണിയാണ് ടോപ് സ്കോറര്‍. ഉമര്‍ ഗുലിന്റെ പന്തില്‍ ഉമര്‍ അക്മലിന് പിടി നല്കി ധോണി പോരാട്ടമവസാനിപ്പിച്ചു. ഇവിടെ നിന്നും ഏറെദൂരം മുന്നോട്ടുപോകാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. 27 റണ്‍സെടുത്ത രവീന്ദ്രജഡേജ മാത്രമാണ് വാലത്ത്ത് രണ്ടക്കം കണ്ടത്. പാക്കിസ്ഥാനുവേണ്ടി സയീദ് അജ്മല്‍ 9.4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.
168 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലേ ഇന്ത്യ തിരിച്ചടി നല്കി. സ്കോര്‍ മൂന്നിലെത്തിയപ്പോള്‍ ഓപ്പണറായി ഇറങ്ങിയ കമ്രാന്‍ അക്മലിനെ ഭുവനേശ്വര്‍ കുമാര്‍ എല്‍ബിയില്‍ കുടുക്കി മടക്കി. സ്കോര്‍ 14ലെത്തിയപ്പോള്‍ പരിചയസമ്പന്നതയുടെ പര്യായമായ യൂനുസ് ഖാനും മടങ്ങി. ആറുറണ്‍സെടുത്ത യൂനുസ് ഖാനെ ഭുവനേശ്വര്‍ കുമാര്‍ മനോഹരമായ പന്തിലൂടെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മിസ്ബാ ഉള് ഹഖ്, നാസര്‍ ജംഷെദിനൊപ്പം ചേര്‍ന്നതോടെയാണ് പാക്കിസ്ഥാന് അല്‍പ്പനേരം പിടിച്ചു നിന്നത്. വിജയലക്ഷ്യം ചുരുങ്ങിയ സ്കോറായതിനാല്‍ ക്രീസില്‍ ഉറച്ചുനിന്നതിനു ശേഷം റണ്‍സ് കണ്ടെത്തുക എന്നതായിരുന്നു പാക് തന്ത്രം.
എന്നാല്‍ സ്കോര്‍ 61ലെത്തിയപ്പോള്‍ കഴിഞ്ഞ രണ്ടുമത്സരത്തിലും സെഞ്ച്വറി നേടി ഇന്ത്യയെ വെള്ളംകുടിപ്പിച്ച നാസര്‍ ജംഷെദ് (34) അശ്വിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങി. ഇതായിരുന്നു മത്സരത്തിന്റെ വഴിത്തിരിവ്. തുടര്‍ന്നെത്തിയ ഉമര്‍ അക്മല്‍ മിസ്ബാ ഉള് ഹഖിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് അപകടകരമല്ലാത്ത പന്തുകളെ മാത്രം നേരിട്ട് സ്കോര്‍ 100 കടത്തി. സ്കോര്‍ 113ലെത്തിയപ്പോള്‍ 39 റണ്‍സെടുത്ത നായകന് മിസ്ബാ ഉള് ഹഖ് അശ്വിന്റെ പന്തില്‍ രഹാനെക്ക് പിടിനല്‍കി മടങ്ങി. ഉമര്‍ അക്മല്‍ 25 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മധ്യനിരയിലിറങ്ങിയ ഷോഅയ്ബ് മാലിക്കിന് (5) തിളങ്ങാനായില്ല. ഏഴാമനായി ക്രീസിലെത്തിയ ഹഫീസ് 21 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അവസാനം പുറത്തായി. ബാക്കിയാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.
ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മ മൂന്നും അശ്വിന്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റു വീതവും വീഴ്ത്തി. മഹേന്ദ്രസിംഗ് ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. പാക്കിസ്ഥാന്റെ നാസര്‍ ജംഷെദ് പരമ്പരയിലെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: