കോലഞ്ചേരി: ഹോണ്ട സിറ്റി സ്വയം ഡ്രൈവ് ചെയ്ത് മഞ്ഞ ടീഷര്‍ട്ടണിഞ്ഞ് കലോത്സവവേദിയിലെത്തിയ മല്ലുസിംഗെന്ന ഉണ്ണി മുകുന്ദനെ പലരും ആദ്യം തിരിച്ചറിഞ്ഞില്ല. വേദി രണ്ടില്‍ മത്സരങ്ങള്‍ക്ക് ഇടവേള നല്‍കിയ സമയത്താണ് ഉണ്ണി എത്തിയത്. വിവരമറിഞ്ഞ് പാഞ്ഞെത്തി സംഘാടകര്‍. കൗമാരക്കാരുടെയും യുവാക്കളുടെയും പ്രിയ നായകന്‍ കലോത്സവ വേദിയിലെത്തിയ വാര്‍ത്ത പരക്കാന്‍ താമസിച്ചില്ല.
അവര്‍ വളഞ്ഞതോടെ സ്ഥലത്തുണ്ടായിരുന്ന എം എല്‍ എയ്‌ക്കും എം പിക്കും വരെ സ്ഥലം വിടേണ്ടി വന്നു. പിന്നെ ഓട്ടോഗ്രാഫുകള്‍ നല്‍കുന്നതിന്റെയും ഒപ്പം നിന്ന് ഫോട്ടൊ എടുക്കുന്നതിന്റെയും തിരക്കായി. എല്ലാവരുടെയും ആവശ്യം ക്ഷമാപൂര്‍വ്വം അനുവദിച്ച് ഉണ്ണി കലോത്സവ വേദിയുടെ മനം കവര്‍ന്നു. വിദ്യാഭ്യാസ കാലം കേരളത്തിന് പുറത്ത് ചിലവഴിച്ച തനിക്ക് കലോത്സവവേദികള്‍ അന്യമാണെങ്കിലും കേട്ടറിവുകള്‍ ധാരാളമെന്നും പരിപാടികള്‍ ആസ്വദിക്കുവാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.
സെന്റ് പീറ്റേഴ്സ് കോളേജിലെ ആര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉണ്ണി മുകന്ദന്‍, കലോത്സവം നടക്കുന്നത് തൊട്ടടുത്താണെന്നറിഞ്ഞ് വേദികളില്‍ എത്തുകയായിരുന്നു. അരമണിക്കൂര്‍ നേരം വേദിയില്‍ ചിലവഴിച്ച ഉണ്ണി എറണാകുളത്തിന് മടങ്ങി.
















