കേപ്ടൗണ്‍: ന്യൂസിലാന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക് ഇന്നിംഗ്സ് വിജയം. ഒരിന്നിംഗ്സിനും 27 റണ്‍സിനുമാണ് സന്ദര്‍ശകരായ കിവികളെ ദക്ഷിണാഫ്രിക്ക തകര്‍ത്തെറിഞ്ഞത്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 303 റണ്‍സ് എടുക്കേണ്ടിയിരുന്ന ന്യൂസിലാന്റ് 275 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. രണ്ടിന്നിംഗ്സിലുമായി 83 റണ്‍സ് വിട്ടുകൊടുത്ത് 7 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഫിലാന്‍ഡറാണ് മാന്‍ ഓഫ് ദി മാച്ച്. 109 റണ്‍സ് നേടിയ ബ്രൗണ്‍ലിയും 51 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മക്കുല്ലവും 42 റണ്‍സ് നേടിയ വാറ്റ്ലിങ്ങും മാത്രമാണ് ന്യൂസിലാന്റ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. മറ്റുള്ളവരെല്ലാം തീര്‍ത്തും പരാജയമായതോടെയാണ് ന്യൂസിലാന്റിന് ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. രണ്ടരദിവസത്തോളം കളി ബാക്കിനില്‍ക്കേയാണ് ദക്ഷിണാഫ്രിക്ക സന്ദര്‍ശകരെ തകര്‍ത്തെറിഞ്ഞത്.
169ന് നാല് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച കിവീസിന് വേണ്ടി ബ്രൗണ്‍ലിയും വാറ്റ്ലിങ്ങും മികച്ച പ്രകടനം പുറത്തെടുത്തതോടെ കിവീസ് ഇന്നിംഗ്സ് പരാജയം ഒഴിവാക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ സ്കോര്‍ 229-ല്‍ എത്തിയപ്പോള്‍ സെഞ്ച്വറി നേടി കുതിക്കുകയായിരുന്ന ബ്രൗണ്‍ലിയെ മോണ്‍ മോര്‍ക്കല്‍ മടക്കിയതോടെ കിവീസ് പത്തിമടക്കി. 109 റണ്‍സെടുത്ത ബ്രൗണ്‍ലിയെ മോര്‍ക്കലിന്റെ പന്തില്‍ പീറ്റേഴ്സണ് പിടികൂടി. സ്കോര്‍ 252-ല്‍ എത്തിയപ്പോള്‍ 42 റണ്‍സെടുത്ത വാറ്റ്ലിങ്ങും മടങ്ങി. ഫിലാന്‍ഡറിന്റെ പന്തില്‍ ഡിവില്ലിയേഴ്സിന് ക്യാച്ച് നല്‍കിയാണ് വാറ്റ്ലിങ് മടങ്ങിയത്. ഇതേ സ്കോറില്‍ തന്നെ ന്യൂസിലാന്റിന് 7-ാം വിക്കറ്റും നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ബ്രേസ്വെല്ലിനെയും ഫിലാന്‍ഡറാണ് മടക്കിയത്. തുടര്‍ന്നെത്തിയവരില്‍ ഫ്രാങ്ക്ലിന് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ പേസ് പടക്കെതിരെ അല്പമെങ്കിലും പിടിച്ചുനിന്നത്. സ്കോര്‍ 265-ല്‍ എത്തിയപ്പോള്‍ എട്ട് റണ്‍സെടുത്ത പട്ടേലിലെ സ്റ്റെയിന് ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 274-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത ഫ്രാങ്ക്ലിനെയും സ്റ്റെയിന് ക്ലീന്‍ ബൗള്‍ഡാക്കി. സ്കോര്‍ 275-ല്‍ എത്തിയപ്പോള്‍ ന്യൂസിലാന്റ് ഇന്നിംഗ്സിന് തിരശ്ശീലയും വീണു. റണ്ണൊന്നുമെടുക്കാതിരുന്ന മാര്‍ട്ടിനെ റണ്ണൗട്ടാക്കിയതോടെയാണ് ദക്ഷിണാഫ്രിക്കക്ക് ഇന്നിംഗ്സ് വിജയം സ്വന്തമായത്. രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്റ്റെയിന് മൂന്നുവിക്കറ്റും ഫിലാന്‍ഡറും കല്ലിസും രണ്ട് വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: