കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ഉച്ചക്ക് 12ന് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ വിജയിച്ച പാക്കിസ്ഥാന് ഇന്നും വിജയം ആവര്‍ത്തിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. മറിച്ച് നാണക്കേട് മായ്ച്ചുകളയാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഈഡന് ഗാര്‍ഡനില്‍ പാക്കിസ്ഥാനെ കീഴടക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പാക്കിസ്ഥാനാണെങ്കില്‍ ഈഡന് ഗാര്ഡന് ഇന്ത്യയിലെ ഏറ്റവും ഭാഗ്യമുള്ള ഗ്രൗണ്ടാണ്. ഇവിടെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് പാക്കിസ്ഥാന് പരാജയം രുചിച്ചിട്ടുള്ളത്. നാലെണ്ണത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുതവണ ഇന്ത്യക്കെതിരെയും ഒരു തവണ വെസ്റ്റിന്‍ഡീസിനെതിരെയുമാണ് പാക്ക് ടീം ഈഡനില്‍ വിജയം സ്വന്തമാക്കിയിട്ടുള്ളത്. പാക് ടീം ഈഡനില്‍ അവസാനം കളിച്ചത് 2004 നവം. 13നാണ്. ബിസിസിഐയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന മത്സരത്തില്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് ഇന്ത്യയെ കീഴടക്കി. അന്നത്തെ ടീമംഗങ്ങളില്‍ യൂനിസ് ഖാന്, ഷുഐബ് മാലിക്, കമ്രാന്‍ അക്മല്‍ എന്നിവര്‍ ഇന്നും പാക് നിരയില്‍ കളിക്കുന്നുണ്ട്. അന്നത്തെ നായകന് ഇന്‍സമാം ഉള് ഹഖ് ബാറ്റിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്.
അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന വീരേണ്ടര്‍ സേവാഗും യുവരാജ് സിംഗും മാത്രമാണ് ഇന്ന് ടീമിലുള്ളത്. നായകനായിരുന്ന സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ലക്ഷ്മണ് എന്നിവര്‍ വിരമിച്ചിട്ട് ഏറെയായി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ അടുത്തിടെ ഏകദിനത്തില്‍നിന്ന് വിരമിക്കുകയും ചെയ്തു.
ഇന്ന് ഈഡന് ഗാര്‍ഡനില്‍ പകലും രാത്രിയുമായി നടക്കുന്ന പോരാട്ടത്തില്‍ വിജയം കരസ്ഥമാക്കി പരമ്പര സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് പാക് പട. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പേരുകേട്ട ഇന്ത്യന്‍ നിരയെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പാക്ക് നിര. ആറ് വിക്കറ്റിനാണ് പാക്കിസ്ഥാന് ഈ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന ജംഷദ് നസീറും 58 റണ്‍സെടുത്ത യൂനിസ് ഖാനും 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷൊഐബ് മാലിക്കുമാണ് ഇന്ത്യന്‍ മോഹങ്ങളെ ചുട്ടെരിച്ച് വിജയം പിടിച്ചെടുത്ത്.
ഗാംഗുലി, സച്ചിന്, ദ്രാവിഡ് എന്നീ ത്രിമൂര്‍ത്തികള്‍ക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എന്ത് എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാര് ദയനീയമായി പരാജയപ്പെട്ടത് ബാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ മറന്നതുകൊണ്ടായിരുന്നു. ജുനൈദ് ഖാന്റെ മാരകമായ സ്വിങ് ബൗളിംഗിന് മുന്നിലാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് നിര തകര്‍ന്നടിച്ചത്.
ഏറെക്കാലമായി ഫോം വീണ്ടെടുക്കാന്‍ കഴിയാതെ, ഇന്ത്യക്ക് മികച്ച തുടക്കം നല്കാന് കഴിയാതെ വിഷമിക്കുന്ന സെവാഗും ഗംഭീറും ഇന്നത്തെ നിര്‍ണായക മത്സരത്തിലെങ്കിലും ഫോം വീണ്ടെടുക്കാതിരുന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ഉജ്ജ്വലമായ രീതിയില്‍ പന്തെറിഞ്ഞ ജുനൈദ് ഖാനാണ് ടീം ഇന്ത്യയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. സെവാഗിനെയും കോഹ്ലിയെയും യുവരാജ് സിംഗിനെയും ജുനൈദ് ഖാനും ഗംഭീറിനെ മുഹമ്മദ് ഇര്‍ഫാനും ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ വെറും 20 റണ്‍സ് മാത്രമായിരുന്നു. തൊട്ടുപിന്നാലെ രോഹിത് ശര്‍മ്മയെയും ജുനൈദ് ഖാന് മടക്കിയതോടെ ഇന്ത്യ അഞ്ചിന് 29 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് നായകന്റെ പ്രകടനം പുറത്തെടുത്ത് 113 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയും 43 റണ്‍സ് നേടിയ സുരേഷ് റെയ്നയും അശ്വിനും (31 നോട്ടൗട്ട്) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്. മുന്‍നിര താരങ്ങള്‍ ഇന്ന് അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകുമെന്ന് ഉറപ്പാണ്. ഒപ്പം പരമ്പരയും ഇന്ത്യക്ക് അയല്ക്കാര്ക്ക് മുന്നില്‍ അടിയറവെക്കേണ്ടിവരും. എന്നാല്‍ വിരാട് കോഹ്ലി ഇന്ന് കളിക്കാനിറങ്ങാത്തത് ഇന്ത്യക്ക് ക്ഷീണം ചെയ്യും. ആദ്യ ഏകദിനത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ വഴുതിവീണാണ് കോഹ്ലിക്ക് കാല്പ്പാദത്തിന് പരിക്കേറ്റത്. കോഹ്ലിക്ക് പകരമായി രഹാനെ അവസാന ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്. അതേസമയം വിരാട് കോഹ്ലി ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ കളിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ബാറ്റിങ്ങിനെ അപേക്ഷിച്ച് ബൗളിംഗില്‍ ഇന്ത്യക്ക് മികച്ച പ്രതീക്ഷയാണുള്ളത്. അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഹഫീസിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനമാണ് നടത്തിയത്.
മറുവശത്ത് പാക്കിസ്ഥാന് സുസജ്ജരാണ്. മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും അവര്‍ക്ക് കരുത്ത് പകരുന്നു. ഒപ്പം ഈഡന് ഗാര്‍ഡനിലെ മുന്‍കാല കണക്കുകളും. ഇന്നത്തെ പോരാട്ടത്തില്‍ കണക്കുകള്‍ തിരുത്തിയെഴുതാന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണിക്ക് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും പരമ്പര ലക്ഷ്യമിട്ട് പാക്കിസ്ഥാനും തിരിച്ചുവരവിനായി ടീം ഇന്ത്യയും ഇന്ന് കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം തീപാറുമെന്ന കാര്യം തീര്‍ച്ചയാണ്.
അതേസമയം ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റ് തന്നെയാണ് ഈഡന് ഗാര്‍ഡനില്‍ ഒരുക്കിയിട്ടുള്ളതെന്ന് ക്യൂറേറ്റര്‍ പ്രബിര്‍ മുഖര്‍ജി പറഞ്ഞു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ഒരു 250 റണ്‍സില്‍ കൂടുതല്‍ നേടാന്‍ അത്ര വിഷമുമുണ്ടാകുമെന്ന് കരുതുന്നില്ല. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പിച്ചില്‍ ഈര്‍പ്പമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ലെന്ന് ഈ മത്സരത്തോടെ ക്യൂറേറ്റര്‍സ്ഥാനം ഒഴിയുന്ന പ്രബിര്‍ മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: