കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ മേനക ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. മുന്‍ മന്ത്രി എസ്. ശര്‍മ്മ ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളില്‍നിന്ന് ഒരാള്‍ക്ക് വീതം പദ്ധതിയില്‍ തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സംസ്ഥാന ക്യാബിനറ്റും എടുത്ത തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി.ഹരന് സര്‍ക്കാരിനുവേണ്ടി വിജ്ഞാപനം ചെയ്തിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്-അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കൊച്ചി തുറമുഖ വികസനത്തിനുവേണ്ടി ബലിയാടാക്കപ്പെട്ട കുടുംബങ്ങളാണിതെന്നും ആ വികസനത്തിന്റെ നേട്ടങ്ങള്‍ അവര്‍ക്കുകൂടി അനുഭവവേദ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ പോര്‍ട്ട് ട്രസ്റ്റിന് കോടികള്‍ ഇളവുചെയ്ത സംസ്ഥാനസര്ക്കാരുതന്നെയാണ് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിഫലമെന്ന നിലയില്‍നല്‍കിയ പിച്ച കാശില്‍നിന്ന് 12% കേന്ദ്രവരുമാനനികുതി പിടിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ.കെ.അരവിന്ദാക്ഷന് കുറ്റപ്പെടുത്തി. അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഈ കുടുംബങ്ങളെ ഇനിയെങ്കിലും അടിയന്തിരമായി പുനരധിവസിപ്പിക്കുവാന്‍ നടപടിയെടുക്കണമെന്ന് കൂട്ടായ്മയില്‍ പ്രസംഗിച്ച വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ ഫ. ഡോ. അലക്സ് വടക്കുംതല ആവശ്യപ്പെട്ടു.
കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച കൂട്ടായ്മയില്‍ ടി.കെ.സുധീര്‍കുമാര്‍, കെ.രജികുമാര്‍, കുരുവിള മാത്യൂസ്(കേരളാ കോണ്‍ഗ്രസ്സ്), തേവര എസ്എച്ച് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കപ്പിള്ളി, ഹാഷിം ചേന്നാമ്പിള്ളി, എ.വി.സാബു, ഏലൂര്‍ഗോപിനാഥ്, പി.ജെ.സെബാസ്റ്റ്യന്‍, റവ.തോമസ് കണ്ടത്തില്‍ കോര്‍എപ്പിസ്ക്കോപ്പ, വി.പി.വില്‍സണ്‍, പി.ജെ.സെലസ്റ്റീന്‍ മാസ്റ്റര്‍, സി.ജി.തമ്പി, മുജീബ് റഹ്മാന്, പ്രൊഫ.സൂസന്‍ജോണ്‍, കെ.കെ.ശോഭ, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, ഷാഹുല്‍ ഹമീദ്, ഖാലിദ് മുണ്ടപ്പിള്ളി, ജസ്റ്റിന് പി.എ, സ്റ്റാന്‍ലി മുളവുകാട്, മൈക്കിള്‍ കോതാട്, സാബു ഇടപ്പള്ളി, സ്റ്റാന്‍ലി പൊടുത്താസ്, മേരി ഫ്രാന്‍സിസ് മൂലമ്പിള്ളി, ആഗ്നസ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: