പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കോതമംഗലം റൂട്ടില്‍ കുറുപ്പംപടിക്ക് സമീപം ഇരവിച്ചിറ ക്ഷേത്രത്തിന് പുറകുവശം അപൂര്‍വ്വമായി കേരളത്തില്‍ കാണുന്ന രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒറ്റ ചെങ്കല്ലില്‍ തീര്‍ത്ത എട്ടടിയോളം ഉയരമുള്ള മെന്‍ഹിര്‍ എന്നു അറിയപ്പെടുന്ന സ്മാരക ശില കണ്ടെത്തി. ഭൂമിയില്‍ ആഴത്തില്‍ നാട്ടിയിരിക്കുന്ന ഉരുണ്ട ആകൃതി യിലുള്ള ഈ ശില അടിഭാഗത്തിന് മുകള്‍ ഭാഗത്തേക്ക് കൂര്ത്തരൂപത്തിലാണ് ചെത്തിയുണ്ടാക്കി നാട്ടിയിരിക്കുന്നത്. ശിലയുടെ മുകളിലുണ്ടായിരുന്നതെന്ന് വിശ്വസിക്കുന്ന ചെങ്കല്ലില്‍ നിര്‍മ്മിതമായ വൃത്താകൃതിയിലുള്ള തൊപ്പിക്കല്ല് താഴെ വീണുകിടക്കുന്നുണ്ട്. നിലവില്‍ ശിലയുടെ മുകള്‍ ഭാഗത്ത് ഇത്തിള്ചെടിപടര്ന്നുപിടിച്ചിരിക്കുകയാണ്. ശിലയുടെ മുകളില്‍ കയറുന്നതിന് കുട്ടികള്‍ ശിലയില്‍ ആയുധമുപയോഗിച്ച് വെട്ടി ദ്വാരം ഉണ്ടാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായയിലും എറണാകുളം കളക്ട്രേററ് വളപ്പിലും കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്തിന്റെ മുന്‍വശത്തും കൊല്ലം ജില്ലയിലെ തൃക്കടവൂര്‍ ക്ഷേത്രത്തിനു സമീപവുമാണ് കേരളത്തില്‍ ചെങ്കല്ലില്‍ തീര്‍ത്ത സ്മാരകശിലകളുള്ളത്.
ഇരവിച്ചിറ ക്ഷേത്രത്തിന് മുന്‍വശം സര്‍ക്കാര്‍ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ പതിനഞ്ചടി ഉയരമുള്ള ഒറ്റ പാറയില്‍ തീര്‍ത്ത ഭീമാകാരമായ സ്മരകശില ഇതിനുമുന്‍പ് കണ്ടെത്തിയിരുന്നു. തൃശൂരിലെ രാമവര്‍മ്മപുരത്തും കുറ്റൂരിലുമാണ് ഇത്തരം പറയില്‍ തീര്‍ത്ത സ്മാരകശില കേരളത്തിലുള്ളത്.
പുരാതന കാലത്ത് കേരളം തമിഴ് ചേരരാജ്യമായിരുന്ന കാലത്ത് ദ്രാവിഡ സംസ്ക്കാരവുമായി ബന്ധപ്പെട്ടതാണ് ഈ രണ്ട് സ്മാരകശിലകളും. യുദ്ധത്തിലോ മറ്റോ മരണമടഞ്ഞ രാജാക്കന്മാര് അടക്കമുള്ള പ്രധാന വ്യക്തിത്വങ്ങളുടെ സ്മാരണാര്‍ത്ഥമാണ് ഈ ശിലകള്‍ നാട്ടിയിരുന്നത്. വീരക്കല്ല് എന്നും ഇതിനെ പറഞ്ഞുവരുന്നു.
കോടനാട് വനസംരക്ഷണ സമിതി പ്രവര്ത്തകന് സുനില്‍ വിവരം നല്‍കിയതനുസരിച്ച് ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇസ്്മായില്‍ പള്ളിപ്രം ശില പരിശോധന നടത്തി. ചരിത്രകാരന്മാര്ക്ക് ഇന്നുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പെരിയാര്‍ തീരത്തുള്ള ചേരരാജ്യത്തിന്റെ തലസ്ഥാന നഗരിയായ വഞ്ചിനഗരം പെരുമ്പാവൂരാണെന്ന നിഗമനത്തിന് ശക്തമായ തെളിവാണ് പുരാതന കാലത്തെ അതിപ്രധാന വ്യക്തിത്വങ്ങളുടെ ഈ സ്മാരക ശിലകള്‍. പെരുമ്പാവൂരില്‍ എത്രയും വേഗം പുരാവസ്തു സര്‍വേ നടത്തണമെന്നും പെരുമ്പാവൂരില്‍ നിന്നും ലഭിക്കുന്ന പുരാവസ്തുക്കള്‍ സൂക്ഷിക്കുവാന്‍ നഗരസഭ ചരിത്ര മ്യൂസിയം നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: