ന്യൂദല്‍ഹി: രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിക്കെതിരെ ബിഎസ്പി അധ്യക്ഷ മായാവതിയുടെ രൂക്ഷവിമര്‍ശനം. നടപടികള്‍ തടസപ്പെടുന്നത് സഭാധ്യക്ഷന്‍ നിസ്സഹായനായി നോക്കി നില്‍ക്കുകയാണെന്ന് മായാവതി ആരോപിച്ചു. ചെയര്‍മാന്റെ ഭാഗത്ത് കൃത്യവിലോപമുണ്ടെന്നും 12 മണിക്ക് സഭ പിരിച്ചുവിടുന്ന ചെയര്‍മാനായി അന്‍സാരി മാറിയെന്നും മായാവതി കുറ്റപ്പെടുത്തി. ഒരു കാര്യവും കേള്‍ക്കാന്‍ താന്‍ തയ്യാറാല്ല. കഴിഞ്ഞ കുറച്ച് ദിവസമായി 12 മണിക്ക് ശേഷം സഭ കൂടുന്നില്ല. സഭാനടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും അത് ഉറപ്പ് വരുത്തുന്നിനും ചെയര്‍മാന് ഉത്തരവാദിത്തമുണ്ട്. 12മണിക്കുശേഷം സഭാനടപടികളില്‍ ചെയര്‍മാന്‍ ഉള്ളതായി കണ്ടിട്ടില്ല. ഏത് തരത്തിലുള്ള സഭയാണ് ഇതെന്നും മായാവതി ചോദിച്ചു. സഭയില്‍ ഏത് തീരുമാനവും ചെയര്‍മാന് എടുക്കാം. എന്നാല്‍ സഭയില്‍ ചെയര്‍മാന്‍ ഉള്ളതായിപ്പോലും തനിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ശീതകാല സമ്മേളനം ആരംഭിച്ചതുമുതല്‍ സഭ സംഘര്‍ഷഭരിതമാകുന്നതിനെയും മായാവതി പ്രതിഷേധം അറിയിച്ചു. എന്നാല്‍ അന്‍സാരിക്കെതിരായ മായാവതിയുടെ വിമര്‍ശനത്തിനെതിരെ ഹമീദ് അന്‍സാരി രംഗത്തെത്തി. മായാവതി ~ഒരു മുതിര്‍ന്ന നേതാവാണ്. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അന്‍സാരി പറഞ്ഞു. സഭാ നടപടികള്‍ മുന്നോട്ട് പോകുന്നതില്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. സഭാനടപടികള്‍ മുന്നോട്ട് പോകുന്നതിന് അനുവദിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ ബിഎസ്പി അംഗങ്ങള്‍ ഉള്‍പ്പെടെ യുപിഎക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സഭാനടപടികള്‍ തടസപ്പെടുന്നതില്‍ ചെയര്‍മാനെ ചോദ്യംചെയ്യുന്നതരത്തിലുള്ള സംഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഒരു നേതാവ് ചെയര്‍മാന്റെ ഉത്തരവാദിത്തങ്ങളെ ചോദ്യംചെയ്യുന്നത്.
മായാവതിയുടെ നിലപാടിനെ ബിജെപി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. രാജ്യസഭാ നടപടികള്‍ സുഗമമായി മുന്നോട്ട് പോകുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ബിഎസ്പിയും എസ്പിയും യുപിഎ സര്‍ക്കാരിനെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ നേരിട്ടോ അല്ലാതെയോ ഇരു പാര്‍ട്ടികളും പിന്തുണക്കുന്നുണ്ടെന്നും ബിജെപി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
















