ന്യൂദല്‍ഹി: ഭാരത സംഗീതത്തിന്റെ ചക്രവര്‍ത്തി, സിത്താര്‍ മാന്ത്രികന്‍ രവിശങ്കര്‍ പ്രസാദിനെ ഏതൊക്കെ തരത്തില്‍ വിശേഷിപ്പിച്ചാലും മതിയാവില്ല. 1920 ഏപ്രില്‍ ഏഴിന് വാരണാസിയിലെ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലായിരുന്നു രവിശങ്കറിന്റെ ജനനം. ഏഴ് സഹോദരന്മാരില്‍ ഇളയവനായിരുന്നു രബീന്ദ്രോ ഷങ്കര്‍ ചൗധരിയെന്ന പണ്ഡിറ്റ് രവിശങ്കര്‍. ആദ്യ നാളുകളില്‍ കാശിയില്‍ ചെലവഴിച്ച അദ്ദേഹം സഹോദരനും നൃത്തസംവിധായകനുമായ ഉദയ് ശങ്കറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇത് തന്നെയാണ് രവിശങ്കറിന്റെ സംഗീത ജീവിതത്തിന് വഴിത്തിരിവായത്.
ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ പ്രചാരണത്തിന് രവിശങ്കര്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍പ്പോലും ശാസ്ത്രീയ സംഗീതത്തിന് പ്രചാരം നല്‍കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച രവിശങ്കറിനെ പോപ് സംഗീതം വളരെയധികം സ്വാധീനിച്ചിരുന്നു. മകളും അമേരിക്കന്‍ പോപ്പ് ഗായികയുമായ നോറ ജോണ്‍സിന്റെ സംഗീത ശൈലി തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് രവിശങ്കര്‍ അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്. 1971 ല്‍ ബംഗ്ലാദേശില്‍ വെച്ച് വിഖ്യാത സംഗീതജ്ഞന്‍ ജോര്‍ജ്ജ് ഹാരിസണുമായി ചേര്‍ന്ന് നടത്തിയ സംഗീത പരിപാടി വന്‍ വിജയമായിരുന്നു. ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച പരിപാടിയായിരുന്നു അത്. ലോകത്തിലെ മികച്ച സംഗീത ബാന്റുകളിലൊന്നായിരുന്നു അക്കാലത്ത് ദ ബീറ്റില്‍സ്. സംഘത്തിന്റെ നേതൃത്വം ജോര്‍ജ്ജ് ഹാരിസണിനായിരുന്നു. പരിപാടിക്കുശേഷം ലോക സംഗീതത്തിന്റെ ഗോഡ്ഫാദര്‍ എന്നാണ് സംഘം രവിശങ്കറിനെ വിശേഷിപ്പിച്ചത്.
വളരെ ചെറുപ്പം മുതല്‍ സംഗീതജീവിതമാരംഭിച്ച രവിശങ്കര്‍ ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ മുഴുവന്‍ സംഗീതാരാധകരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രശംസക്കു പിന്നാലെ പുരസ്കാരങ്ങളും രവിശങ്കറിന് മുന്നിലേക്കെത്തി. 1930 കളിലെ പാശ്ചാത്യ പര്യടനങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ സംഗീതത്തിന്റെ പുതുലോകം തുറന്ന് നല്‍കി. നൃത്തത്തില്‍ അതീവ തല്‍പ്പരനായിരുന്ന രവിശങ്കര്‍ പഠനം ഉപേക്ഷിച്ചാണ് സംഗീതലോകത്തേക്ക് ചേക്കേറിയത്. സഹോദരന്‍ ഉദയ ശങ്കറിന്റെ ഉദയ നൃത്തവിദ്യാലയത്തിലായിരുന്നു ആദ്യകാല നൃത്ത പഠനം. മുപ്പതുകളുടെ ആദ്യം തന്നെ സിത്താര്‍ പഠനം ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ അലാവുദ്ദീന്‍ ഖാന്റെ ശിഷ്യനായി സിത്താര്‍ പഠനം ആരംഭിച്ചു. ഗൗരവമേറിയ നൃത്ത-സംഗീത പഠനം അദ്ദേഹത്തെ കലാപരമായി മിനുക്കിയെടുത്തിരുന്നു. മധ്യപ്രദേശിലെ മെയ്ഹറില്‍ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയായിരുന്നു സിത്താര്‍ പഠനം. കര്‍ക്കശക്കാരനായ അധ്യാപകനായിരുന്നു അലാവുദ്ദീന്‍ ഖാന്‍. ഇക്കാലയളവില്‍ തന്നെ സിത്താര്‍, സുര്‍ബഹാര്‍ തുടങ്ങിയ ഉപകരണങ്ങളും രവിശങ്കര്‍ സ്വായത്തമാക്കി. അലാവുദ്ദീന്‍ ഖാന്റെ മകള്‍ അന്നപൂര്‍ണ ദേവിയെയാണ് രവിശങ്കര്‍ ആദ്യം വിവാഹം കഴിക്കുന്നത്. ഇതില്‍ ഇരുവര്‍ക്കും ഒരു മകനുണ്ടായി. ശുഭേന്ദ്ര ശങ്കര്‍. 1992ല്‍ ശുഭേന്ദ്ര ശങ്കര്‍ മരിച്ചു. അന്നപൂര്‍ണ ദേവിയുമായുള്ള വിവാഹമോചനത്തിനുശേഷം നര്‍ത്തകി കമലാ ശാസ്ത്രി, സ്യൂ ജോണ്‍സ്, സുകന്യ രാജന്‍ എന്നിവരും രവിശങ്കറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ലോകത്തിലെതന്നെ മികച്ച സംഗീതപ്രതിഭകളായ നോറ ജോണും അനുഷ്ക ശങ്കറും അദ്ദേഹത്തിന്റെ മക്കളാണ്. സത്യജിത് റേ, യെഹൂദി മെന്വിന്‍, ജോര്‍ജ്ജ് ഹാരിസണ്‍ എന്നിങ്ങനെ ലോകപ്രശസ്തരോടൊപ്പം രവിശങ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അംഗീകാരങ്ങളും അദ്ദേഹത്തിന്റെ സംഗീതയാത്രയില്‍ അനവധിയാണ്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം. ഗ്രാമി പുരസ്കാരങ്ങള്‍, ഒരു ഓസ്കര്‍ നോമിനേഷന്‍, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെത്തേടിയെത്തി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രവിശങ്കര്‍ പ്രസാദ് രോഗശയ്യയിലായിരുന്നുവെന്ന് മകളും ഗായികമായുമായ അനുഷ്ക ശങ്കര്‍ പറഞ്ഞു. അടുത്തിടെ ഒരു ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം അതില്‍ നിന്നും മോചിതനായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ പറഞ്ഞു. അസുഖങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നുവെന്നും അനുഷ്ക പറഞ്ഞു. അച്ഛന്‍ മരിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദു:ഖം പങ്കുവെക്കുകയും ചെയ്ത എല്ലാവര്‍ക്കും ഈവേളയില്‍ നന്ദി അറിയിക്കുന്നതായും അനുഷ്ക പറഞ്ഞു.
ഹൃദയസംബന്ധമായ അസുഖം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തെ അലട്ടിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ശസ്ത്രക്രിയയില്‍ നിന്നും മോചിതനാകാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും ഭാര്യ സുകന്യ ശങ്കര്‍ പറഞ്ഞു.
















