ന്യൂദല്‍ഹി: സബ്സിഡി നിരക്കില്‍ നല്‍കിവരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് ഇക്കാര്യം ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്.
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തുന്ന കാര്യം സജീവ പരിഗണനയിലാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മൊയ്‌ലി കൂട്ടിച്ചേര്‍ത്തു.
സബ്സിഡി നരക്കില്‍ നല്‍കുന്ന പാചകവാതക സിലണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം ആറില്‍ നിന്നും ഒമ്പതാക്കുമെന്ന് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ക്യാബിനറ്റ് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മൊയ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പാചകവാതക സിലണ്ടറുകളുടെ എണ്ണം ഉയര്‍ത്തര്‍ത്തുവാനുള്ള തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രഖ്യാപനത്തില്‍ കമ്മീഷന്‍ കേന്ദ്രത്തോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തുന്നതു സംബന്ധിച്ച് ധനമന്ത്രി പി.ചിദംബരത്തിനോട് അഭാപ്രായം ആരായുമെന്നും മൊയ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയതോടെയാണ് പെട്രോളിയം മന്ത്രാലയം മലക്കം മറിഞ്ഞിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്നതിനാല്‍ മൊയ്‌ലിയുടെ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമായി കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് മൊയ്‌ലി പ്രതികരിച്ചു.
















