പള്ളുരുത്തി: വാര്‍ഷിക മെയിന്റനന്സിനു നല്കിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് ലഭിക്കാത്തതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ സിറ്റി സര്‍വ്വീസുകള്‍ മുടങ്ങി. ഏതാനും ദിവസങ്ങളായിത്തുടരുന്ന പ്രതിസന്ധിമൂലം ജനം കടുത്തദുരിതത്തിലായി. കൊച്ചിനഗരത്തില്‍ നടന്ന ബസ് സമരം മൂലം ദുരിതം അനുഭവിച്ച യാത്രക്കാരെ തുണക്കാന്‍ ഇത്തവണ തിരുകൊച്ചി സര്‍വ്വീസുകള്‍ ഇല്ലാതായതോടെ ജനം അക്ഷരാര്‍ത്ഥത്തില്‍ നെട്ടോട്ടത്തിലായിരുന്നു. എറണാകുളം നഗരത്തില്‍ നിന്നും 39 ഷെഡ്യുളുകളാണ് തിരുകൊച്ചിക്കുള്ളത്. ഇതില്‍ ആറ് ബസ്സുകള്‍ പമ്പയ്ക്കുപോയി. ശേഷിക്കുന്ന 33 എണ്ണത്തില്‍ അറ്റകുറ്റപ്പണിയിലുമാണ് ചിലത്. ബാക്കിവരുന്ന ബസ്സുകളില്‍ ഭൂരിഭാഗത്തിന്റെയും ടിക്കറ്റ് മെഷീനുകള്‍ സര്‍വ്വീസിനു നല്കിയിരിക്കുകയുമാണ്. സ്വകാര്യകമ്പനികള്‍ കരാര്‍ അനുസരിച്ച് കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുള്ള ഇടിഎം മെഷീനുകള്‍ പലതും തകരാറിലാണത്രെ. ഇതുമൂലം ടിക്കറ്റ് റാക്കുമായിട്ടാണ് കണ്ടക്ടര്‍മാര്‍ ജോലിചെയ്യുന്നത്. പുതുതായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ ടിക്കറ്റ് നല്കുമ്പോള് തെറ്റുസംഭവിക്കുന്നുണ്ടെന്നും പറയുന്നു. ഇതുമൂലമാണ് ഇടിഎം മെഷീനുകള്‍ കണ്ടക്ടര്‍മാര്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച ജോലിക്കെത്തിയ കണ്ടക്ടര്‍ മാരില്ചിലര് കെഎസ്ആര്‍ടിസി അധികൃതരോട് ഇടിഎം മെഷീന് ഇല്ലാതെ ജോലിചെയ്യില്ലെന്ന് അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ യൂണിയന് പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും അറിയുന്നു. ജോലിക്കെത്തിയ കണ്ടക്ടര്‍മാര്‍ തിരിച്ചുപോവുകയും ചെയ്തു. ചൊവ്വാഴ്ച പശ്ചിമകൊച്ചിയില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്ക് തുടര്‍ന്നതോടെ കെഎസ്ആര്‍ടിസിയുടെ സേവനം പ്രതീക്ഷിച്ച് എത്തിയവര്‍ നിരാശയിലാവുകയായിരുന്നു. മെയിന്റനന്സിനു നല്കിയ ടിക്കറ്റ് മെഷീനുകള്‍ തിരികെ വാങ്ങാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തിയിട്ടില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്നതിനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. കണ്ടക്ടര്‍ മാരുടെ അഭാവത്തില്‍ സര്‍വ്വീസ് നടത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്കും ജോലിനഷ്ടപ്പെടുകയായിരുന്നു.
- കെ.കെ.റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: