ന്യൂദല്‍ഹി: നിക്ഷേപക ബോര്‍ഡ് രൂപീകരിക്കാനുള്ള കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ നീക്കത്തിനെതിരെ വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് രംഗത്തെത്തി. ബോര്‍ഡ് രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ ജയന്തി പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചു. ബോര്‍ഡ് മന്ത്രാലയങ്ങളുടെ അധികാരങ്ങള്‍ കവരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബോര്‍ഡിന് ഭരണഘടനാ സാധുത ഇല്ലെന്നും ജയന്തി കത്തില്‍ ആരോപിക്കുന്നു.
വന്‍കിട പദ്ധതികള്‍ക്ക് വകുപ്പുകളുടെ ഇടപെടല്‍മൂലം അനുമതി വൈകുമ്പോള്‍ അതിനെ മറികടക്കുകയെന്ന ലക്ഷ്യമിട്ടാണ് ചിദംബരത്തിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. ഇത്തരത്തില്‍ ഏറ്റവുമധികം വന്‍കിട പദ്ധതികള്‍ക്ക് അനുമതി കാത്തുകിടക്കുന്നത് വനം പരിസ്ഥിതി മന്ത്രാലയത്തിലാണ്. ദേശീയ നിക്ഷേപക ബോര്‍ഡിന്റെ ഇടപെടലിലൂടെ അനുമതി നല്കിയാല് പാര്‍ലമെന്റില്‍ ഉത്തരം പറയേണ്ട ബാധ്യത തനിക്കായിരിക്കുമെന്നും ജയന്തി കത്തില്‍ പറയുന്നു.
ഈ നീക്കം ഭരണഘടനാവിരുദ്ധമായ നടപടിയാണ്. മന്ത്രാലയങ്ങള്‍ അനുമതി നിഷേധിച്ച പദ്ധതികള്‍ക്ക് ദേശീയ നിക്ഷേപക ബോര്‍ഡ് അനുമതി നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വന്‍കിട പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്കാന് ലക്ഷ്യമിട്ടാണ് ധനമന്ത്രാലയം ദേശീയ നിക്ഷേപക ബോര്‍ഡ് എന്ന ആശയം മുന്നോട്ട് വെച്ചത്.
വിവിധ വകുപ്പുകളുടെ ഇടപെടല്‍മൂലം വികസന പദ്ധതികള്‍ക്കുള്ള അനുമതി വൈകുന്നത് തടയാനും ദേശീയ നിക്ഷേപക ബോര്‍ഡ് സഹായിക്കുമെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ ധനമന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയാണ് പരിസ്ഥിതി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഒരു മന്ത്രിയോ മന്ത്രാലയമോ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മറ്റ് മന്ത്രാലയങ്ങളുടെ കീഴില്‍ നിക്ഷേപബോര്ഡിനെക്കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുതന്നെയാണ് ധനകാര്യമന്ത്രാലയത്തിന്റെ നിലപാട്. വന്‍ പദ്ധതികളാണ് അനുമതിനേടാനാവാതെ കെട്ടിക്കിടക്കുന്നത്. ഇത് മുന്നോട്ട് പോകുന്നതിന് നിക്ഷേപകബോര്ഡ് അനിവാര്യമാണെന്ന് ചിദംബരം പ്രതികരിച്ചു.
ചിദംബരം അധ്യക്ഷനായ ബോര്‍ഡിന്റെ രൂപീകരണം പൂര്‍ത്തിയായിട്ടില്ല. ക്യാബിനറ്റിന്റെ അംഗീകാരമോ കിട്ടിയിട്ടില്ല. നിയമമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരുമടങ്ങുന്നതാണ് ബോര്‍ഡിലെ അംഗങ്ങള്‍. ബോര്‍ഡ് നീക്കത്തിനെതിരെ അഭിപ്രായവ്യത്യാസവുമായി പരിസ്ഥിതി മന്ത്രാലയം മാത്രമല്ല രംഗത്തെത്തിയിരിക്കുന്നത്. നീക്കത്തിനെതിരെ പട്ടികവകുപ്പ് മന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്. ബോര്‍ഡിനോടുള്ള എതിര്‍പ്പ് പ്രധാനമന്ത്രിയെ നേരിട്ടറിയിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
ബോര്‍ഡ് നിലവില്‍ വന്നാല്‍ ആയിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് ചിദംബരത്തിന്റെയും അംഗങ്ങളുടെയും അവകാശവാദം. എന്തായാലും നിക്ഷേപക ബോര്‍ഡ് രൂപീകരിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം രണ്ട് കേന്ദ്ര മന്ത്രിമാരേയും നേര്‍ക്കുനേര്‍ നിര്‍ത്തിയിരിക്കുകയാണ്.
















