നെടുമങ്ങാട്: പനവൂര്‍ കൊങ്ങണംകോട് തോട്ടമുക്കില്‍ നടുറോഡില്‍ ഗര്‍ഭിണിയായ പശുവിനെ കശാപ്പുചെയ്തു. ഇന്നലെ രാവിലെയോടെയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗര്‍ഭിണിയായ പശുവിനെ ഇറച്ചിക്കായി കശാപ്പുചെയ്തപ്പോഴാണ് പൂര്‍ണവളര്‍ച്ചയെത്തിയ പശുക്കിടാവ് പുറത്തുവീണത്. അതിനെ പെട്ടിയിലാക്കി മാറ്റിവച്ചതിനുശേഷം മറ്റുള്ളവയെ കശാപ്പുചെയ്യുന്നതിനിടയില് പട്ടികടിച്ച് പശുക്കുട്ടിയെ റോഡിലിട്ടു. ഇതുകണ്ട നാട്ടുകാരാണ് സംഘടിച്ച് വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് ഭാരവാഹികളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതിപക്ഷവും ഭരണപക്ഷവും മാസപ്പടി കൈപ്പറ്റി ഈ ക്രൂരതകള്ക്ക്നേരെ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് ലൈസന്‍സ് നല്കിയിട്ടില്ലാതെയാണ് ഈ അരുംകൊലകള്‍ അരങ്ങേറുന്നത്. റോഡിനോട് ചേര്‍ന്നുതന്നെ മൃഗങ്ങളെ കശാപ്പുചെയ്യുന്നതിനാല്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇറച്ചിക്കഷണങ്ങള്‍ തൊട്ടടുത്ത ആറിലാണ് കഴുകുന്നത്. നെടുമങ്ങാട്, പാലോട്, വിതുര, കഴക്കൂട്ടം മേഖലകളിലെ ഹോട്ടലുകളിലേക്കാണ് ഇവ വിതരണം ചെയ്യുന്നത്. പനവൂരിലും പരിസരപ്രദേശങ്ങളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം പരിശോധന നടത്താത്തതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തോടനുബന്ധിച്ച് പനവൂര്‍ കൊങ്ങണംകോട് നിവാസി അല്‍-ഹാജ്നെ പ്രതിയാക്കി കേസെടുത്തതായി നെടുമങ്ങാട് പോലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും താലൂക്കില്‍ നടക്കുന്ന ഗോഹത്യകള്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് അനിലും ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വി.ശ്രീകുമാറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: