ന്യൂല്‍ഹി: കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വിരമിച്ചത് പതിനായിരത്തിലേറെ സൈനികര്‍. വിരമിക്കല്‍ കാലാവധിയെത്തും മുന്‍പേ ഇത്രയധികം കൊഴിഞ്ഞുപോക്ക് ഇതാദ്യം പ്രതിരോധ മന്ത്രി എ.കെ ആന്റണിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്.
റിട്ടയര്‍മെന്റ് കാലാവധി ആകുന്നതിന് മുമ്പ് കഴിഞ്ഞവര്‍ഷം വിരമിച്ചത് 10,315 സൈനികരാണെന്നും, 2010ല്‍ 7,249 സൈനികരും, 2009 ല്‍ 7,499 സൈനികരുമാണെന്നാണ് കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നത്. 35 വയസാകുമ്പോള്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ജവാന്മാര്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ തേടി പോകുന്നതാണ് കൂട്ടവിരമിക്കലിന് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ മൂലമാകാം പട്ടാളത്തിലെ കൊഴിഞ്ഞുപോക്കെന്നു മന്ത്രി അഭിപ്രായപ്പെട്ടു. സൈനിക ഓഫീസര്‍മാര്‍ക്കും ജവാന്‍മാര്‍ക്കുമിടയിലുള്ള അസ്വാരസ്യമാണ് മറ്റൊരു കാര്യമായി ചൂണ്ടിക്കാട്ടുന്നത്. ലഡാക്,സാംബ, പഞ്ചാബ്, എന്നിവിടങ്ങളില്‍ ജവാന്മാര്‍ ഓഫീസര്‍മാര്‍ക്കെതിരെ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സ്വയം വിരമിക്കല്‍ തെരഞ്ഞെടുക്കുന്ന സൈനികരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ജവാന്മാരും ഓഫീസര്‍മാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് ഇത്തരത്തിലുള്ള മൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആന്റണി പറഞ്ഞു. 2003 മുതല്‍ ഈ വര്‍ഷം ജൂലൈ വരെ 1,028 ജവാന്മാര്‍ ആത്മഹത്യ ചെയ്തു. ഈ വര്‍ഷം ഇതുവരെ 62 ജവാന്മാരും ആത്മഹത്യ ചെയ്തു. ജവാന്മാരുടെ ആത്മാധൈര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സഹായകമാരുടെ നിയമനത്തെക്കുറിച്ച് പുനരവലോകനം നടത്തുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ഓഫീസര്‍മാരുടേയും അവരുടെ ഭാര്യമാരുടേയും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സഹായം ചെയ്യാനുള്ള സഹായക്‍മാരെ സൈനികരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന സംവിധാനം നിര്‍ത്തലാക്കണമെന്ന് സൈന്യം പ്രതിരോധ മന്ത്രാലയത്തിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: