ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തിയ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. സമിതിയുടെ അന്തിമ റിപ്പോര്ട്ടിനോടൊപ്പമുള്ള സുരക്ഷാ പരിശോധന സംബന്ധിച്ച അനുബന്ധ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.
അണക്കെട്ടിന്റെ ബലക്ഷയം, ജല വിതാനം ഉള്‍പ്പെടെ വിവിധ പരിശോധനകളാണ് ഉന്നതാധികാര സമിതിയുടെ നിര്‍ദേശ പ്രകാരം സാങ്കേതിക സംഘം നടത്തിയത്. ഈ റിപ്പോര്‍ട്ടുകള്‍ അണക്കെട്ടിനു ബലക്ഷയമില്ലെന്നു ചൂണ്ടിക്കാട്ടുന്നതാണെന്നു കേരളത്തിന്റെ നിഗമനം. ഡാം തുരന്നു നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും സംസ്ഥാനം ആവശ്യപ്പെടും.
പരിശോധനാ റിപ്പോര്‍ട്ട് പഠിച്ച ശേഷം അഭിപ്രായം അറിയിക്കാമെന്നു സുപ്രീംകോടതിയെ കേരളം അറിയിക്കും. കൂടാതെ റിപ്പോര്‍ട്ട് പഠിക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്യും. കേസ് തിങ്കളാഴ്ച പരിഗണിക്കും. മുന്‍ ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ സമിതിയാണു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
അനുബന്ധ റിപ്പോര്‍ട്ടിലെ അനുകൂല പരാമര്‍ശം കൂടി ഉള്‍പ്പെടുത്തി മറുപടി നല്കുന്നതു കേരളത്തിന്റെ നിലപാടുകള്‍ക്കു പിന്ബലമാകുമെന്നു മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും രാജീവ് ധവാനും നിയമോപദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: