തൃശൂര്‍ ജില്ലയില്‍ പൂമംഗലം പഞ്ചായത്തിലാണ് പുരാതനമായ പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം. നാലമ്പലം തീര്‍ത്ഥയാത്രയുടെ പരിസമാപ്തി കുറിക്കുന്ന പായമ്മല്‍ക്ഷേത്രം. കരിങ്കല്ലുകൊണ്ട് തീര്‍ത്ത ചതുര്‍ബാഹു വിഗ്രഹം. ലവണാസുരവധത്തിന് തയ്യാറെടുത്ത് നില്ക്കുന്ന കോപിഷ്ടനായ ശത്രുഘ്നന്റെ ഭാവം. ഉപദേവനായ ഗണപതിയുടെ പ്രതിഷ്ഠയ്ക്കുമുണ്ട് അപൂര്‍വത. ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശിലയാണിത്.
ക്ഷേത്രത്തിലെ പൂജ മൂന്നുനേരം. എല്ലാ ദിവസവും വൈകുന്നേരങ്ങളിലുള്ള വിശേഷമാണ് – ഭക്തജനങ്ങള്‍ ചേര്‍ന്നു നടത്തുന്ന നാമജപം. അത്താഴപൂജയ്ക്കുശേഷം അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയുമുണ്ട്. സുദര്‍ശന പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ശത്രുദോഷമകറ്റാനാണിത്. കുടുംബ ഐശ്വര്യത്തിനായി സുദര്‍ശനചക്രം സമര്‍പ്പിക്കല്‍ മറ്റൊരു പ്രധാന വഴിപാടാണ്. മഹാദേവന്റെ പെരുവിരല്‍ത്തുമ്പിനാല്‍ വെള്ളത്തില്‍ വരച്ചപ്പോഴുണ്ടായ സുദര്‍ശനം. ആ സുദര്‍ശനം പരമശിവന് വിഷ്ണുവിന് സമ്മാനിച്ചു. ശത്രുഘ്നന്‍ വിഷ്ണു സങ്കല്പവുമാണ്.
ലവണാസുരവധത്തിന് പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന ദേവനെ തണുപ്പിച്ച് ശാന്തനാക്കാനുള്ള വഴിപാടാണ് സുദര്‍ശനപുഷ്പാഞ്ജലിയും സുദര്‍ശനചക്രവും എന്ന് വിശ്വാസം. ഗണപതിക്ക് വിളക്കുവയ്ക്കലും നേദ്യവുമുണ്ട്. ഇവിടെ സാധാരണ നടന്നുവരുന്ന ഗണപതിഹോമം എന്ന വഴിപാടിന് ഭക്തജനങ്ങളുടെ അപൂര്‍വമായ തിരക്കാണ്. ആഞ്ജനേയന് അവല് നിവേദ്യവും.
മേടമാസത്തിലെ മകയിരം നക്ഷത്രത്തില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. ഇവിടെ നവകവും ശ്രീഭൂതബലിയും പ്രസാദഊട്ടും പ്രസിദ്ധമാണ്. കര്‍ക്കടകമാസം രാമായണമാസമായി ആഘോഷിച്ചുവരുന്നു.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: